കൊല്ലം: മനഃശാസ്ത്ര വിദഗ്ധനെന്ന വ്യാജ പ്രൊഫൈലിലൂടെ സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ വലവീശി പിടിച്ച യുവാവിന്റെ കള്ളക്കളി പൊളിഞ്ഞു. ഫേസ്‌ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും സ്ത്രീകളെ വശീകരിച്ച ലൈംഗികചൂഷണം ചെയ്ത കേസിൽ യുവാവ് പിടിയിൽ. തൃശൂർ നന്ദിപുലം സെന്റ് മേരിപള്ളിക്ക് സമീപം കാരൂക്കാരൻ ഹൗസിൽ പ്രിജോ ആന്റണി(29)യാണ് അറസ്റ്റിലായത്. വലയിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ സഹായത്തോടെ പ്രിജോയെ കൊല്ലത്ത് വിളിച്ചു വരുത്തി പൊലീസ് കുടുക്കുകയായിരുന്നു.

ഫേസ്‌ബുക്കിൽ നോഹ നമ്പത്ത് എന്ന പേരിൽ പ്രഫൈൽ ഉണ്ടാക്കിയായിരുന്നു ഇയാൾ സ്ത്രീകളെ കൈയിലെടുത്തത്. പാരാസൈക്കോളജിയിൽ പിഎച്ച്.ഡി. ബിരുദം നേടിയിട്ടുണ്ടെന്നും പ്രൊഫൈലിൽ കാണിച്ചിരുന്നു. ഇതിലൂടെ മെഡിക്കൽ വിദ്യാർത്ഥിനികളടക്കമുള്ളവരുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചു. ചാറ്റിങ്ങിലൂടെയും ലൈംഗികചുവയുള്ള ഫോൺ സംഭാഷണത്തിലൂടെയുമായിരുന്നു കോളജ് വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും വലയിലാക്കി. അതിന് ശേഷമായിരുന്നു പീഡനം.

മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഫേസ്‌ബുക്കിലൂടെ വാഗ്ദാനം ചെയ്താണ് വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുമായി ഇയാൾ ചങ്ങാത്തത്തിലാവുന്നത്. ഓജോ ബോർഡിന്റെ സഹായത്തോടെ മരിച്ച ആത്മാക്കളുമായി സംസാരിക്കാൻ അവസരമൊരുക്കുമെന്നതുൾപ്പെടെ വാഗ്ദാനങ്ങൾ നൽകും. ഇത് വിശ്വസിച്ചെത്തുന്ന സ്ത്രീകളെ ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമായി നഗ്‌നപൂജ നടത്തിയ ശേഷമാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നത്. കെണിയിൽ വീണ സ്ത്രീകളിൽ നിന്ന് പണവും ഈടാക്കിയിരുന്നു.

പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങൾ ചികിത്സയുടെ ഭാഗമായി അയച്ചുതരാൻ ആവശ്യപ്പെടും. തുടർന്ന് ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി നൽകാൻ നിർബന്ധിക്കും. പിന്നീട് ഫോൺ വിളിയായി. ഫോണിലൂടെ കൂടുതൽ അടുക്കുന്നവരോട് നേരിൽ കാണാമെന്ന് പറയും. അങ്ങനെ ചിത്രങ്ങൾ അയച്ചുകൊടുത്ത സ്ത്രീകളിൽ ചിലരെ പിന്നീട് ലോഡ്ജുകളിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ചികിത്സയുടെ ഭാഗമെന്ന് കരുതി എത്തിയവരും കൂട്ടത്തിലുണ്ട്.

മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പലരേയും വീഴ്‌ത്തിയത്. ഇതിന് 'പ്രത്യേക' പൂജകൾ ആവശ്യമാണെന്ന് ഇയാൾ സ്ത്രീകളെ അറിയിച്ചു. പൂജകൾക്കും മന്ത്രവാദത്തിനും തനിച്ചാണ് വരേണ്ടത്. അവിടെ എത്തിയാൽ വേഷം മാറാൻ കാവിമുണ്ടും പൂജയ്ക്കുള്ള ഭസ്മവും മെഴുകുതിരിയും ചന്ദനത്തിരിയും കരുതണം. മരിച്ചുപോയവരുമായി ശാരീരിക ബന്ധം പുലർത്താൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നാൽ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ കൊല്ലം സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ യുവതിയോട് 10,000 രൂപയാണ് ആവശ്യപ്പെട്ടത്.

ഫേസ്‌ബുക്ക് ചാറ്റിംഗിലൂടെ ഒട്ടേറെ സ്ത്രീകളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2011 മുതലാണ് പ്രിജോ പാരാസൈക്കോളജിസ്റ്റ് എന്ന പേരിൽ ഫേസ്‌ബുക്ക് പേജ് തുടങ്ങിയത്. ഗുജറാത്തിൽ കോൾ സെന്റർ ജീവനക്കാരനായിരുന്നു ഇയാൾ. ഫേസ്‌ബുക്ക് ഉപയോഗിച്ച് തട്ടിപ്പ് തുടങ്ങിയതോടെ ഒരു ജോലിക്കും പോകാതെയായി. ഇയാൾ +2 പാസായശേഷം ബി.ബി.എ ജയിച്ചെന്ന് പറയുന്നു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റക്‌സ് ബേബി അർവിൻ, എ.എസ്‌പി: എം.എസ്. സന്തോഷ്, ഈസ്റ്റ് സിഐബി. പങ്കജാക്ഷൻ, എസ്.ഐമാരായ ആർ. രതീഷ്, പ്രകാശൻ, സെപ്ഷൽ ബ്രാഞ്ച് എസ്.ഐമാരായ മഹേഷ്, അബ്ദുൽ റഹ്മാൻ, ഷാഡോ പൊലീസുകാരായ മണികണ്ഠൻ, സജു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കുടുക്കിയത്.