ബ്രിട്ടനിലെ ക്ലാർക്ക്സ്ഫീൽഡ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ട്രിഷ് ഓ ഡോണൽ. എന്നാൽ നിലവിൽ ഇവർക്ക് സ്‌കൂളിൽ വന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. അൽപം ഫാഷനബിൾ ആയി വസ്ത്രം ധരിക്കുന്ന സ്വഭാവമാണ് ടീച്ചർക്ക് വിനയായിത്തീർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനാധ്യാപികയുടെ വസ്ത്രധാരണം ശരിയല്ലെന്ന പരാതിയുമായി ഇവിടുത്തെ മുസ്ലിം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ ഡോണലിന് സ്‌കൂളിൽ വരാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ടീച്ചർക്കെതിരെ എന്നും ആക്രമണവും ഭീഷണിയും അരങ്ങേറിയതിനെ തുടർന്നാണ് ഇവർ സ്‌കൂളിൽ വരവ് നിർത്തിയത്. ഇവിടെ പഠിക്കുന്ന പാക്കിസ്ഥാൻ വംശജരായ കുട്ടികളുടെ മാതാപിതാക്കൾ ടീച്ചറെ സ്‌കൂളിലേക്ക് കയറ്റുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത്തരം നിഗൂഢ നീക്കത്തിലൂടെ സ്‌കൂളിനെ ഇസ്ലാമിക വൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്.

പാശ്ചാത്യ മൂല്യങ്ങളെ മുറുകെ പിടിക്കുകയും അതിനനുസരിച്ച് വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഡോണലിന്റെ രീതികളാണ് മുസ്ലീങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരെ ചില മാതാപിതാക്കൾ കടുത്ത തെറിയാണ് പറയുന്നത്. കൂടാതെ ഡോണലിന്റെ കാർ സ്ഫോടനത്തിൽ തകർക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ടീച്ചർ ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിൽ വരുന്നത് അനുയോജ്യമല്ലെന്ന പരാതി ചില മുസ്ലിം മാതാപിതാക്കൾ നൽകിക്കഴിഞ്ഞു. കൂടാതെ ഡോണൽ തന്റെ പെൺമക്കളുടെ ഗ്ലാമറസായ ചിത്രങ്ങൾ ഓഫീസിൽ പ്രദർശിപ്പിച്ചുവെന്നും അവർ പരാതിപ്പെടുന്നു. സ്‌കൂളിലെ കുട്ടികളിൽ മിക്കവരും പാക്കിസ്ഥാനികളാണ്. ഇവർ ഇംഗ്ലീഷിനെ തങ്ങളുടെ ഫസ്റ്റ് ലാംഗ്വേജായി പഠിക്കുന്നില്ല.

2006ൽ ഇവിടുത്തെ പ്രധാനാധ്യാപികയായതിന് ശേഷം ഈ സ്‌കൂളിന്റെ ഓഫ്സ്റ്റെഡ് റേറ്റിങ് മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില മുസ്ലിം രക്ഷിതാക്കൾ തനിക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുവെന്നും സ്‌കൂളിനെ മാറ്റി മറിക്കാനൊരുങ്ങുന്നുവെന്നും ഡോണൽ വെളിപ്പെടുത്തുന്നു. സ്‌കൂളിനെ ഇസ്ലാമിക വൽക്കരിക്കാനായി ഒരു ട്രോജൻ ഹോഴ്സ് അജൻഡയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് ഡോണൽ സൺഡേ ടൈംസിൽ എഴുതിയിരിക്കുന്നത്. 2013ൽ സ്‌കൂളിലെ പാരന്റ് ഗവർണറായിരുന്ന നസിം അഷറഫ് ഒരു ഇസ്ലാമിക് ടീച്ചിങ് സെഷൻസിന് ആതിഥേയത്വം വഹിച്ചിരുന്നുവെന്നാണ് ഓൾഡ്ഹാം കൗൺസിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഏഷ്യൻ വംശജരായ ജീവനക്കാരികൾ ശിരോവസ്ത്രം ധരിക്കണമെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഹഫിസാൻ സമാൻ നിർദേശിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.

ഇവർ ക്ലാസുകളിൽ ഹിന്ദി ഗാനങ്ങൾ വച്ചിരുന്നുവെന്നും കരിക്കുലത്തിലെ ലൈംഗിക വിദ്യാഭ്യാസത്തെ എതിർത്തിരുന്നുവെന്നും മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രഥാനാധ്യാപികയ്ക്കെതിരെ നീക്കം നടത്തുകയും ചെയ്തിരുന്നുവെന്നും ഓൾഡ്ഹാം കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.സ്‌കൂളിൽ ചില മാറ്റങ്ങൾ വരുത്താൻ ഈ ദമ്പതികൾ മറ്റ് മുസ്ലിം രക്ഷിതാക്കളെ പ്രേരിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അഷറഫിന്റെ സഹോദരിയായ ഷാസ്റ്റ് ഖാൻ മാഞ്ചസ്റ്ററിലെ യഹൂദന്മാരെ ആക്രമിച്ചതിന്റെ പേരിൽ എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.അഷറഫും കൂട്ടരും ഡോണലിനെ കെട്ട് കെട്ടിക്കാൻ വേണ്ടി വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.