- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനത്തിന് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ല; കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യിലെ വരികൾ ഉദ്ധരിച്ച് പ്രധാനമന്ത്രി; കേരളത്തിന്റെ വികസന യാത്രയിലെ പ്രധാനപ്പെട്ട ചുവടുവെയ്പ്പെന്നും വിവിധ കേന്ദ്രപദ്ധതികൾ നാടിന് സമർപ്പിച്ച് നരേന്ദ്ര മോദി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനത്തിന് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കവിതയിലെ വരികൾ ഉദ്ധരിച്ചാണ് വികസന കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിച്ചത്.
സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ കേന്ദ്ര പദ്ധതികൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അമൃത് ദൗത്യത്തിൽ തിരുവനന്തപുരം അരുവിക്കരയിൽ നിർമ്മിച്ച പ്രതിദിനം ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലസംസ്‌കരണ പ്ലാന്റ്, 2000 മെഗാവാട്ട് പുഗലൂർ തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
സംസ്ഥാനത്തെ വളരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ഉതകും എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇവയിലൂടെ സംസ്ഥാനങ്ങളിലുള്ള വീടുകളിലും വ്യവസായങ്ങൾക്കും വൈദ്യുതി സഹായം കൂടുതൽ എത്തിക്കാനാകും.
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട സംയോജിത നിർദേശ-നിയന്ത്രണ കേന്ദ്രം, 427 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന സ്മാർട്ട് റോഡ് പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.
നല്ല ഭരണത്തിനും വികസനത്തിനും ജാതി മത രാഷ്ട്രീയം ഒന്നുമില്ലെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ 'ജാതി ചോദിക്കയില്ല ഞാൻ സഹോദരി' എന്ന കവിതാശകലം ചൊല്ലി. ഛത്രപതി ശിവജിയുടെസ്മരണ ദിനമാണ് ഇന്നെന്ന് അനുസ്മരിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരും പങ്കെടുത്തു.
വൈദ്യുതിരംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് വേദിയൊരുങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹായത്തിന് നന്ദിയും അറിയിച്ചു.