ന്യൂഡൽഹി: രാജ്യത്തെ ഒരുലക്ഷത്തോളം കോവിഡ് മുന്നണി പോരാളികൾക്കായി പ്രത്യേകം പരീശീലനം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് വ്യത്യസ്ത കോഴ്സുകളിലായാണ് ഇവർക്ക് പരിശീലനം സംഘടിപ്പിക്കുന്നത്. സ്‌കിൽ ഇന്ത്യ പദ്ധതി പ്രകാരമാണ് നിലവിൽ പരീശീലനം സംഘടിപ്പിക്കുന്നത്. കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയർത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡൈ്വസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കും. വീഡിയോ കോൺഫറൻസിങ് വഴിയാണ് ആറിന കോഴ്സുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.

കോവിഡ് വൈറസ് നമ്മൾക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വൈറസിനുണ്ടാകുന്ന രൂപമാറ്റം എന്തൊക്കെ വെല്ലുവിളികളാണ് നമുക്ക് മുന്നിൽ ഉയർത്തുന്നതെന്ന് തിരിച്ചറിയാനായി. വെല്ലുവിളികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും മോദി പറഞ്ഞു. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സീൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ കൊറോണ വൈറസിന് ജനിതക വ്യാപനം രാജ്യത്ത് ആശങ്ക ഉയർത്തിയിരുന്നു. ഈ പ്രതിസന്ധി ചിലപ്പോൾ വീണ്ടും ഉണ്ടായേക്കാം. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യം ഇനിയും തയ്യാറെടുപ്പുകൾ നടത്തേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായാണ് മു്ന്നണി പോരാളികൾക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ക്രാഷ് കോഴ്സിലൂടെ നിരവധി പേർ മുൻനിര പ്രവർത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊർജം കൈവരും. ആരോഗ്യ പ്രവർത്തകർ അല്ലാത്തവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. പ്രധാനമന്ത്രി കൗശൽ വികാസ് യോജന 3.0 പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായ 276 കോടിയാണ് വകയിരുത്തുന്നത്.

ഇന്ത്യയിലെ എല്ലാ ജില്ലയിലേക്കും സേവനം എത്തിക്കാനാവുന്ന രീതിയിലാണ് പ്രവർത്തനം. ഇതിനായി മനുഷ്യവിഭവശേഷിയുടെ ആവശ്യമുണ്ട്. രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ ഇവർക്കുള്ള പരിശീലനം പൂർത്തിയാകും. സേവനത്തിനായി വേഗത്തിൽ ഇവർ സജ്ജരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

1500 ഓക്‌സിജൻ പ്ലാന്റുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകും. 276 കോടി രൂപ പദ്ധതിക്ക് ചെലവുവരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 62,480 പേരാണ് കോവിഡ് പോസറ്റീവായത്. 1,587 മരണം റിപ്പോർട്ട് ചെയ്തു. 88,977 രോഗമുക്തർ. 2 കോടി 97 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2 കോടി 85 ലക്ഷം പേർ രോഗമുക്തരായി. മരണസംഖ്യ 3,83,490. ആക്ടീവ് കേസുകൾ 7,98,656. 73 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകൾ എട്ട് ലക്ഷത്തിൽ താഴെയാകുന്നത്. രോഗമുക്തി നിരക്ക് 96.03 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമാണ്. പ്രതിദിന പോസറ്റിവിറ്റി നിരക്ക് 3.24 ശതമാനമാണ്.