ബീജിങ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരകരാറുകളിൽ ഒപ്പിടുന്നതിനുമായാണ് മോദി ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗിന്റെ ജന്മനാടായ ഷിയാനിലാണു മോദി ആദ്യം സന്ദർശിക്കുക. സാമ്പത്തിക സഹകരണത്തിനു പ്രധാനപ്പെട്ട ചില ധാരണകൾ ഈ സന്ദർശനവേളയിൽ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയാണു ബെയ്ജിംഗിൽ ഔപചാരിക സ്വീകരണവും ചർച്ചകളും നടക്കുക.

മോദി പ്രധാനമന്ത്രിയായശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് ഷി ജിങ്പിങ് വന്നിറങ്ങിയത് മോദിയുടെ ജന്മദേശമായ അഹമ്മദാബാദിൽ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് മോദിയും തന്റെ ആദ്യ സന്ദർശനം ഷി ജിങ് പിംഗിന്റെ നാട്ടിലാക്കിയത്. വിമാനമിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ചൈനയുടെ പരമ്പരാഗത നൃത്തരൂപമായ ഡ്രാഗൺ ഡാൻസും ഒരുക്കിയിരുന്നു. സിയാൻ വിമാനത്താവളത്തിലാണ് മോദി എത്തിയത്.

റെയിൽ മേഖലയുടെ അടിസ്ഥാനവികസനത്തിന് നിക്ഷേപമിറക്കാൻ ചൈനയ്ക്ക് താൽപര്യമുണ്ട്. ചൈനയുടെ സാങ്കേതിക വിദ്യ ഇതിന് പ്രയോജനപ്പെടുത്തുന്നത് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടൽ. ഡൽഹി-ചെന്നൈ അതിവേഗ റെയിൽവെ പാതയുടെ ലാഭസാധ്യത ചൈന ഇതിനകം പഠിച്ചു. ചെന്നൈ- ബംഗളുരു മൈസുരു പാതയിലെ ട്രെയിനുകൾക്ക് വേഗം കൂട്ടാൻ ചൈനീസ് സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി മോദി കുടിക്കാഴ്ച നടത്തും. സിയാനിൽ വിനോദ യാത്ര നടത്തും. വെള്ളിയാഴ്ച ബീജിങിലെത്തുന്ന പ്രധാനമന്ത്രിയെ ചൈനീസ് പ്രധാനമന്ത്രി ലി കെച്യാങ് സ്വീകരിക്കും. വിദേശകാര്യവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കും.

വെള്ളിയാഴ്ച വൈകിട്ട് ഷിങ്ഹ്വാ സർവകലാശാലയിലെ വിദ്യാർത്ഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ശനിയാഴ്ച രാവിലെ ഷാങ്ഹായിൽ നടക്കുന്ന സമ്മേളനത്തിൽ മോദി വിവിധ വ്യാപാര കരാറുകളിൽ ഒപ്പുവെക്കും. ചൈനയിലെ വൻകിട വ്യവസായികളുമായും കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പറഞ്ഞു.