ന്യൂഡൽഹി: നഷ്ടത്തിൽ കൂപ്പുകുത്തിയ എയർഇന്ത്യയെ രക്ഷിക്കാൻ ഏത് സർക്കാർ വന്നാലും സാധിക്കില്ലെന്ന കാര്യം വ്യക്തമാകുകയാണ്. വികസന നായകനെന്ന് ലോകം പുകഴ്‌ത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിട്ടും എയർ ഇന്ത്യയുടെ കാര്യത്തിൽ മാറ്റമൊന്നുമില്ല. എന്നാൽ, വ്യോമയാന മന്ത്രി പറഞ്ഞിരുന്നത് മറ്റൊരു കണക്കാണ്. ലാഭത്തിന്റെ കണക്ക് ആ കണക്ക് തെറ്റാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 

മോദിയെ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ശക്തനായ ഭരണാധികാരി എന്ന പ്രതിച്ചായ സൃഷ്ടിച്ചതിൽ തുടരെ തുടരെ നടത്തിയ ലോക സന്ദർശനങ്ങൾക്ക് മുഖ്യ റോൾ ആണുള്ളത്. എന്നാൽ ഈ നേട്ടം ഉണ്ടായപ്പോൾ കോട്ടം കിട്ടിയത് മൊത്തം എയർ ഇന്ത്യക്ക് ആയി എന്നത് മറുവശം തേടി പോകുന്നവർക്ക് കൗതുകമായി മാറുകയാണ്. കടം കുമിഞ്ഞു കയറിയ എയർ ഇന്ത്യ കഴിഞ്ഞ വർഷം പ്രവർത്തന ലാഭം ഉണ്ടാക്കി എന്ന് റിപ്പോർട്ട് കേന്ദ്ര മന്ത്രി തന്നെ പുറത്തു വിട്ടെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയുടെ ആകെ നഷ്ട്ം കഴിഞ്ഞ പ്രവർത്തന വർഷത്തെ കണക്കു എടുക്കുമ്പോൾ 2636 കോടി ആയി ഉയർന്നിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയതും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി മഹേഷ് ശർമ തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം എട്ട് കോടിയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് മന്ത്രി വ്യക്താമാക്കിയത്. എട്ട് വർഷത്തിനിടെ ആദ്യമായാണ് എയർഇന്ത്യ ലാഭക്കണക്ക് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 2,636.18 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് മുമ്പത്തെ വർഷം പ്രവർത്തന നഷ്ടം മൂവായിരം കോടിയോട് അടുത്തായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റേയും ഇടപെടലാണ് ഇതിന് കാരണം. 2012 മുതൽ എയർഇന്ത്യയെ ലാഭത്തിലാക്കാൻ ചില ഇടപെടലുകൾ തുടങ്ങിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിന് വേഗം വച്ചു. ഇതാണ് ഫല കണ്ടുവെന്നുമായിരുന്നും അവകാശവാദം.

ആഭ്യന്തര വിദേശ സർവ്വീസുകൾ നടത്തുന്നതിന് പൊതുമേഖലയിൽ രണ്ട് വിമാന സർവ്വീസുകൾ ഉണ്ടായിരുന്നു. എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും. ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുന്നതിനായി 2007-08ൽ രണ്ട് കമ്പനികളും ഒരുമിപ്പിച്ചു. എന്നാൽ ഇത് എയർഇന്ത്യയെ നഷ്ടത്തിലേക്ക് കൊണ്ടു പോയി. സ്വകാര്യ വിമാനക്കമ്പിനികളുടെ സജീവത കൂടിയായതോടെ ആഭ്യന്തര സർവ്വീസിൽ എയർഇന്ത്യ പിന്നോക്കം പോവുകയും ചെയ്തു. വിദേശ സർവ്വീസുകൾ നടത്താൻ ബജറ്റ് എയർലൈനുകളുമെത്തി. ഇതോടെ കടവും ബാധ്യതയും കുമിഞ്ഞു കൂടി. യാത്രക്കാർക്ക് സേവനങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയും വിനയായി. ഇന്ത്യയുടെ പൊതുമേഖലാ സർവ്വീസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ഇടപെടലിന് കേന്ദ്ര സർക്കാരെത്തി. ഈ സാമ്പത്തിക വർഷം എട്ട് കോടിയുടെ ലാഭമുണ്ടാക്കാനാകുമെന്ന് വ്യോമയാന സഭമന്ത്രി മഹേഷ് ശർമ്മ രാജ്യസഭയിൽ വ്യക്തമാക്കിയത്.

എന്നാൽ, ഈ അവകാശവാദത്തിന്റെ വസ്തുത പരിശോധിക്കുമ്പോഴാണ് വാദം കള്ളമാണെന്ന് വ്യക്തമാകുന്നത്. ഈ വാർത്തയുടെ കൂട്ടത്തിലെക്കാണ് ലോകമൊട്ടുക്കും പറന്ന കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായും കോടികൾ എയർ ഇന്ത്യക്ക് കിട്ടാനുണ്ട് എന്ന റിപ്പോർട്ട് പുറത്തു വരുന്നത്. കഴിഞ്ഞ വർഷം മോദി ചാർട്ടർ ചെയ്ത വിമാനത്തിൽ നടത്തിയ 10 വിദേശ സന്ദർശനത്തിന്റെ ചെലവായി 136 കോടി രൂപയാണ് എയർ ഇന്ത്യക്ക് കിട്ടാനുള്ളത്. ഇക്കൂട്ടത്തിൽ നവംബറിൽ ലണ്ടൻ സന്ദർശനത്തിനു വന്ന വകയിൽ ഉള്ള ചെലവ് 9 കോടിയാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഫ്രാൻസ്, ജർമനി, കാനഡ ത്രിരാഷ്ട്ര സന്ദർശനമാണ് ചെലവിൽ ഏറ്റവും മുന്നിൽ നില്ക്കുന്നത്. യാത്രക്കൂലി ഇനത്തിൽ ഈ യാത്രവഴി എയർ ഇന്ത്യക്ക് കിട്ടാനുള്ളത് 31 കോടിയിലേറെ രൂപയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എയർ ഇന്ത്യ ഓരോ യാത്രയുടെയും ചെലവ് അടങ്ങിയ ഇൻവോയ്‌സ് കൃത്യ സമയം തന്നെ എത്തിച്ചു നല്കി എങ്കിലും കട ബാധ്യത തീർക്കാൻ നടപടികൾ ഉണ്ടായില്ല എന്നാണ് പെരുകി കയറിയ കടം സൂചിപ്പിക്കുന്നത്. സാധാരണ ഇത്തരം യാത്രകളുടെ ബാധ്യത തുക സമയാ സമയമങ്ങളിൽ തീർ്ക്കാറില്ല എന്നതാണ് ഇന്ത്യൻ മന്ത്രാലയങ്ങളുടെ രീതിയും. ഇത്തരം ചെലവ് കുന്നു കയറുമ്പോലാണ് എയർ ഇന്ത്യ പോലുള്ള പൊതു മേഖല സ്ഥാപനങ്ങളുടെ നഷ്ട കണക്കു പെരുകുന്നതും.

മോദിയുടെ ഓഫീസിൽ നിന്ന് കിട്ടാനുള്ള തുകയുടെ പലിശ കൂടി ചേർത്താകും പുതിയ ബില്ലുകൾ തയ്യാറാക്കുക. അപ്പോൾ തുക സംഖ്യ വീണ്ടും മുകളിലേക്ക് ഉയരും. ഇത്തരം ചെലവ് സമയാ സമയം ക്ലിയർ ചെയ്തു പോകാൻ മന്ത്രാലയങ്ങൾ താല്പര്യം കാണിക്കാത്തത് പലിശ ഇനത്തിൽ അനാവശ്യ ബാധ്യതകൾ കൂടി സൃഷ്ടിക്കുകയാണ്. വിരമിച്ച നേവി ഉദ്യോഗസ്ഥൻ ലോകേഷ് ബത്ര നടത്തിയ അന്വേഷണമാണ് വിവരാവകാശ നിയമ പ്രകാരം പുറത്തു വന്നിരിക്കുന്നത്. കിട്ടാനുള്ള പണം സംബന്ധിച്ച കണക്കുകൾ ഇപ്പോൾ എയർ ഇന്ത്യയാണ് പുറത്തു വിട്ടത്. സാധാരണ ഗതിയിൽ ഇത്തരം കടം സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്ക് പതിവ് മറുപടിയാണ് ലഭിക്കുക. ബിൽ അണ്ടർ പ്രോസസ് എന്ന മുൻകൂട്ടി തയ്യാറാക്കിയ മറുപടികൾ സമയാസമയം അയക്കുന്ന ഉദ്യോഗസ്ഥർ പണം ക്ലിയർ ചെയ്തു നല്കാൻ മിനക്കെടാറില്ല.

അതെസമയം മന്മോഹൻ സിങ് 2013ൽ നടത്തിയ വിദേശ യാത്രയുടെ ബിൽ ഈ വർഷം ജനുവരിയിലാണ് ക്ലിയർ ചെയ്തത് എന്നും പ്രധാനമന്ത്രിയുടെ ഓഫിസ് രേഖകൾ പറയുന്നു. ഇത്തരം യാത്രകളുടെ പെയ്‌മെന്റ് നടത്താൻ 14 മുതൽ 29 മാസം വരെ കാലതാമസം വരുത്തുന്ന നയമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തുടരുന്നത്. കടം കയറി മുടിഞ്ഞ എയർ ഇന്ത്യക്ക് ഇത് താങ്ങാവുന്നതിലും അധികം ആണെന്നതാണ് വസ്തുത. അതെ സമയം എയർ ഇന്ത്യയുടെ പ്രവർത്തന രീതി വച്ച് നോക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടാനുള്ള പണം ഒന്നിനും തികയില്ല എന്നാണ് പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത മുൻ എയർ ഇന്ത്യ ചെയർമാൻ പറയുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഇതൊക്കെ ഇങ്ങനെയേ നടക്കൂ എന്നാ രീതിയിലാണ് കമ്പനിയുടെ വരവ് ചെലവ് തയ്യാറാക്കുന്നതും. ഇത്തരം കണക്കുകൾക്ക് പുറമെയാണ് കമ്പനി നേരിടുന്ന അസംഖ്യം പരിമിതികൾ എന്നും അദേഹം പറയുന്നു. അതെ സമയം നികുതി പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് ഇത്തരം കാര്യങ്ങൾ ലഘുവായി കാണാൻ കഴിയില്ലെന്നും ഓരോ ചില്ലി തുട്ടിനും കണക്കു വേണമെന്നും വിമർശകരും പറയുന്നു.

അതെ സമയം മൊത്ത നഷ്ടം കണക്കാക്കുമ്പോൾ മുൻ വർഷത്തെക്കാൾ വലിയ കുറവാണു കഴിഞ്ഞ വർ്ഷം ഉണ്ടായിരിക്കുന്നത്. മുൻ കാലങ്ങളിൽ ഉണ്ടായ കടം പെരുകി കയറിയതാണ് ഇപ്പോൾ പ്രവർത്തനം മെച്ചപ്പെട്ടിട്ടും കടം അവശേഷിക്കുന്നതെന്നു മന്ത്രി ലോക്‌സഭയിൽ എഴുതി തയ്യാറാക്കി നല്കിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഉയർന്ന പലിശ നിരക്ക്, വ്യോമയാന രംഗത്തെ മത്സരം, വിദേശ പണമിടപടിലെ രൂപയുടെ സ്ഥിരത ഇല്ലായ്മ, എയർപോർട്ട് യൂസർ ചാര്ജ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ മൂലമാണ് കടം നികത്തി എടുക്കാൻ കഴിയാത്തത് എന്നും മന്ത്രി പറയുന്നു. കഴിഞ്ഞ വർഷം എയർ ഇന്ത്യക്ക് ലഭിച്ച യാത്ര വരുമാനം 17000 കോടി രൂപയാണ്. മുൻ വർഷം ഇത് 15750 കോടി രൂപ മാത്രം ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോൾ എയർ ഇന്ത്യ ഏറെ നേട്ടം ഉണ്ടാക്കുന്നുണ്ട്. സേവനം മെച്ചപ്പെടുത്തി അന്താരാഷ്ട്ര റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ സ്വന്തമാക്കാൻ ഉള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. ആഭ്യന്തര റൂട്ടകളിലും യാത്രക്കാർ ഏറുന്നുണ്ട്.