- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബർ പത്തിന് തന്നെ; തീയതി പ്രഖ്യാപിച്ച് ലോക്സഭ സ്പീക്കർ ഓം ബിർള; ഭൂമി പൂജയും ശിലാസ്ഥാപനവും നിർവഹിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി; മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങി ബിജെപി സർക്കാർ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബർ പത്തിന്. ഭൂമി പൂജയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. 861.90 കോടി രൂപ ചെലവിൽ ഇരുപത്തിയൊന്നു മാസം കൊണ്ടു നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രൊജ്ക്ടിനാണ് നിർമ്മാണ കരാർ.
കോവിഡ് കാലത്ത് നിലവിലുള്ള പാർലമെന്റ് മന്ദിരത്തിന് പകരം പുതിയ മന്ദിരം പണിയുന്നത് വലിയ ധൂർത്താണെന്ന തരത്തിൽ വിമർശനങ്ങളും, ഒപ്പം പരാതികളും വന്നിരുന്നു. എന്നാൽ, സർക്കാർ കുലുങ്ങിയില്ല. 93 വർഷം പഴയതാണ് നിലവിലെ പാർലമെന്റ് മന്ദിരം. 1921 ൽ നിർമ്മാണം ആരംഭിക്കുകയും, 1927 ൽ കമ്മീഷൻ ചെയ്യപ്പെട്ടതുമായ മന്ദിരം. അതുകൊണ്ട് തന്നെ സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ കാലത്തിനൊത്ത് മാറാതെ വയ്യ എന്നതാണ് കേന്ദ്രസർക്കാരിന്റെ ഉറച്ച ധാരണ. ഏതായാലും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കുകയാണ്. 2022 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാർലമെന്റ് സമ്മേളനങ്ങൾ മുടങ്ങുമെന്ന ഭയമൊന്നും ആർക്കും വേണ്ട. നിലവിലുള്ള കെട്ടിടങ്ങളിൽ സമ്മേളനങ്ങൾ സുഗമമായി നടക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. വായു-ശബ്ദ മലിനീകരണം ഒഴിവാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ എംപിമാർക്കും പുതിയ മന്ദിരത്തിൽ ഓഫീസ്
പുതിയ മന്ദിരത്തിൽ ഓരോ എംപിക്കും പ്രത്യേകം ഓഫീസ് ഉണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ഓഫീസുകളിൽ അത്യാധുനിക രീതിയിലുള്ള ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജീകരിക്കും. കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകൾ, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായിരിക്കും. വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ഉയർത്തിക്കാണിക്കുന്ന രീതിയിലായിരിക്കും കോൺസ്റ്റിറ്റിയൂഷൻ ഹാളിന്റെ നിർമ്മാണം. 888 അംഗങ്ങൾക്ക് ഇരിപ്പിട സൗകര്യമുള്ള ലോക്‌സഭാ ചേംബറായിരിക്കും ഉണ്ടായിരിക്കുക. അതേസമയം രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്കായിരിക്കും ഒരുസമയം സന്നിഹിതരാകാൻ സാധിക്കുക. ഇരുസഭകളിലേയും എംപിമാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ ലോക്‌സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണ് ഉള്ളത്.
നിലവിലെ മന്ദിരം എന്തു ചെയ്യും?
പുതിയ മന്ദിരം പൂർത്തിയാവുന്നതോടെ പഴയ മന്ദിരം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും. പാർലമെന്റുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഈ മന്ദിരം ഉപയോഗിക്കുമെന്നാണ് സ്പീക്കർ ഓം ബിർള അറിയിച്ചത്. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ചതാണ് ഈ മന്ദിരം. 1921 ഫെബ്രുവരി 12 നാണ് ശിലാസ്ഥാപനം നടത്തിയത്. നിർമ്മാണത്തിന് ആറുവർഷമെടുത്തു. അക്കാലത്ത് 83 ലക്ഷം രൂപ ചെലവായി. 1927 ജനുവരി 8 ന് അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിനാണ് ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ മന്ദിരത്തിന്റെ ചെലവും നിർമ്മാണവും
നിർമ്മാണത്തിന്റെ ഗുണനിലവാരത്തിലും, സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ല. ലോക്‌സഭാ സെക്രട്ടേറിയറ്റിലെയും ഭവനനിർമ്മാണ-നഗരകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ, വാ്‌സ്തുശിൽപി, ഡിസൈനർ എന്നിവരടങ്ങുന്ന സമിതി നിർമ്മാണം നിരീക്ഷിക്കും. 861.90 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സെൻട്രൽ വിസ്താ പുനർവികസന പദ്ധതിക്ക് കീഴിൽ ടാറ്റ പ്രോജക്റ്റ്‌സ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ ഭരണഘടനയുടെ യഥാർത്ഥ പ്രതി സൂക്ഷിക്കും. ഇന്ത്യൻ പാർലമെന്ററി ജനാധാപത്യത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാൻ ഈ ഹാളിലേക്ക് സന്ദർശകരെ അനുവദിക്കും.
എന്താണ് സെൻട്രൽ വിസ്ത?
നിലവിലെ സെൻട്രൽ വിസ്ത രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, നോർത്ത് സൗത്ത് ബ്ലോക്കുകൾ, ഇന്ത്യ ഗേറ്റ്, നാഷണൽ ആർക്കൈവ്്‌സ് തുടങ്ങിയവ ഉൾപ്പെടുന്നതാണ്. 1911 ഡിസംബറിൽ, ജോർജ് അഞ്ചാമൻ രാജാവ് ഡൽഹി ദർബാർ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചു. ഡൽഹി ദർബാറിലാണ് ജോർജ് അഞ്ചാമന്റെ സ്ഥാനാരോഹണം നടന്നത്. ഒരുപുതിയ നഗരം വികസിപ്പിക്കുന്നതിന്റെ ചുമതല യൂറോപ്യൻ ക്ലാസിക്കൽ ശൈലി പിന്തുടരുന്ന എഡ്വിൻ ലുട്യൻസിനെയും, ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വാസ്തുശിൽപിയായിരുന്ന ഹെർബർട്ട് ബേക്കറെയും ഏൽപിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രട്ടോറിയയിൽ യൂണിയൻ ബിൽഡിങ്‌സിന്റെ ശിൽപിയാണ് ഹെർബർട്ട് ബേക്കർ. പാർലമെന്റ് മന്ദിരം ലുട്യൻസും, ബേക്കറും ചേർന്നാണ് രൂപകൽപന ചെയ്തത്. രാഷ്ട്രപതി ഭവൻ ലുട്യൻസും, നോർത്ത്-സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് ഹെർബർട്ട് ബേക്കറും ഡിസൈൻ ചെയ്തു.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും, പൊതു സെൻട്രൽ സെക്രട്ടേറിയറ്റ്, മൂന്നുകിലോമീറ്റർ വരുന്ന രാജ്പഥിന്റെ പുതുക്കൽ( രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ) ഉൾപ്പെടുന്നതാണ് പുതിയ സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്- സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സൗത്ത് ബ്ലോക്കിന് അടുത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഉപരാഷ്ട്രപതിയുടെ പുതിയ വസതി നോർത്ത് ബ്ലോക്കിന് അടുത്തായിരിക്കും. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം ഉപരാഷ്ട്രപതിയുടെ നിലവിലെ വസതി പൊളിച്ചുനീക്കും.
ഗുജറാത്ത് കേന്ദ്രമാക്കിയുള്ള എച്ച്‌സിപി ഡിസൈൻസാണ് സെൻട്രൽ വിസ്ത പുനർവികസന പദ്ധതി രൂപകൽപ്പന ചെയ്തത്. പദ്ധതി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിന്റെ ഉത്തരവാദിത്തവും ഈ കമ്പനിക്കാണ്. ഉദ്യോഗ് ഭവൻ, കൃഷി ഭവൻ, ശാസ്ത്രി ഭവൻ എന്നിവയും പൊളിച്ചുനീക്കാനാണ് സാധ്യത. ഇവിടെ പുതിയ കേന്ദ്ര സെക്രട്ടേറിയറ്റി നിർമ്മിക്കും. 1960 കളിലും 70 കളിലും പണിത കെട്ടിടങ്ങൾ വർഷങ്ങൾക്ക് മുമ്പേ പൊളിച്ചുനീക്കേണ്ടതായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
പരാതികളും എതിർപ്പുകളും തള്ളി നിർമ്മാണം
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കേണ്ടത് അത്യാവശ്യമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര സർക്കാർ ബോധ്യപ്പെടുത്തിയത്. കെട്ടിടത്തിനു സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും നിലവിലെ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കെട്ടിടമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാജ്പഥ്, പാർലമെന്റ് കെട്ടിടം, രാഷ്ട്രപതി ഭവൻ എന്നിവ 1911-1931 കാലഘട്ടത്തിൽ ആർക്കിടെക്ടുമാരായ എഡ്വിൻ ലൂട്യെൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് രൂപകൽപനചെയ്തത്.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നുമുമ്പായി പാർലമെന്റ് നിർമ്മിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുപോലുള്ള പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ, ഭാവിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ പാർലമെന്റ് കെട്ടിടം അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
1. കെട്ടിടത്തിനു നൂറുവർഷത്തോളം പഴക്കമായി. ഭൂകമ്പസാധ്യതാമേഖല നാലിൽ വരുന്ന കെട്ടിടം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
2. ജോലിക്കാരുടെയും സന്ദർശകരുടെയും എണ്ണം പലമടങ്ങ് വർധിച്ചുവരുകയാണ്. അതിനാൽ സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം.
3. ഭാവി ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയകെട്ടിടം നിർമ്മിക്കുക. ഇതിനൊപ്പം പഴയ പാർലമെന്റ് കെട്ടിടവും സമുച്ചയത്തിലുണ്ടാകും.
4. പുതിയ കെട്ടിടത്തിൽ ലോക്സഭാ ചേംബർ ഇപ്പോഴത്തേതിനെക്കാൾ മൂന്നുമടങ്ങും രാജ്യസഭ നാലുമടങ്ങും വിശാലമായിരിക്കും.
5. പുതിയ കെട്ടിടത്തിന് കോടികൾ ചെലവിടുന്നത് ആറുവർഷമെടുത്താണ്. പൈതൃക കെട്ടിടങ്ങളൊന്നും പൊളിക്കില്ല. പകരം അവയുടെ ആയുസ്സ് വർധിപ്പിച്ച് സംരക്ഷിക്കും.
7. സമുച്ചയത്തിലെ വൃക്ഷങ്ങൾ മാറ്റിനടും. നിലവിലുള്ളതിനെക്കാൾ 9.54 ഏക്കർ അധികമായി ഹരിതമേഖലയാക്കും.
8. അടിയന്തരസാഹചര്യം വന്നാൽ രക്ഷാപ്രവർത്തനത്തിന്, പ്രത്യേകിച്ചും സെൻട്രൽ ഹാളിൽ സൗകര്യമില്ല. നിലവിൽ 440 പേർക്കുമാത്രം ഇരിക്കാൻ സൗകര്യമുള്ള സെൻട്രൽ ഹാളിൽ പാർലമെന്റിന്റെ സംയുക്തസമ്മേളനം നടക്കുമ്പോൾ തിങ്ങിപ്പിടിച്ചാണ് അംഗങ്ങളിരിക്കുന്നത്.
9. ലോക്സഭാ സീറ്റുകളുടെ എണ്ണവും ഭാവിയിൽ വർധിച്ചേക്കാം. ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി.
10. പൊതുവായ സെൻട്രൽ സെക്രട്ടേറിയറ്റ് നിർമ്മിക്കുക വഴി ഓഫീസ് ഇടങ്ങളുടെ എണ്ണം വർധിക്കും. ഇതിനടിയിലൂടെ മൂന്ന് കിലോമീറ്റർ ഭൂഗർഭ പാതയിലൂടെ ഷട്ടിൽ യാത്രാസൗകര്യമുണ്ടാകും.
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള സെന്റ്ട്രൽ വിസ്ത പ്രൊജക്റ്റ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുപോലെ ഒരു പരാതി സുപ്രിം കോടതിയിൽ നിലവിലുണ്ടെന്നും കൊവിഡിന്റെ കാലത്ത് ആരും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും തിരക്കിട്ട് പരാതി കേൾക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞത്. സെൻട്രൽ ഡൽഹിയിൽ ലുതിയൻസ് സോണിൽ പാർലമെന്റ് മന്ദിരവും 8 അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത പ്രൊജക്റ്റ്.
ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സെൻട്രൽ വിസ്ത പദ്ധതി ആദ്യ ഘട്ടം 2021 ൽ പണിതീരും. പാർലമെന്റ് മന്ദിരം 2022 മാർച്ചിലും സെൻട്രൽ സെക്രട്ടറിയേറ്റ് മാർച്ച് 2024ലും തീരും. ഇന്ത്യയുടെ 2022 ലെ 75ാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാനാണ് നീക്കം.
മറുനാടന് ഡെസ്ക്