- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 ദിവസം അകാരണമായി സഹിച്ചതിന് പരിഹാരം കാത്ത് ജനങ്ങൾ ഇരുന്നത് വെറുതേയായി; ബജറ്റ് പ്രഖ്യാപനം പോലെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾ നടത്തി മോദി തടിതപ്പിയത് സൂചിപ്പിക്കുന്നത് നോട്ട് പിൻവലിക്കൽ പിഴച്ചെന്ന് തന്നെ; ബാങ്കുകളെ കൊണ്ട് പലിശ കുറപ്പിക്കാൻ പോലും ആവാത്ത നിസ്സാഹായവസ്ഥയിൽ;' ഇതുവരെ പിന്തുണച്ചവർ പിറകോട്ട് വലിഞ്ഞു
ന്യൂഡൽഹി: ഏറെ കൊട്ടിഘോഷിച്ച് ബിജെപി സർക്കാർ കൊണ്ടുവന്ന നോട്ട് പിൻവലിക്കൽ നടപടി ഒരു പരാജയമായിരുന്നു എന്നറിയാൻ ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭംസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിത്തിന്റെ ശരീരഭാഷ നോക്കിയാൽ മതി. നോട്ട് നിരോധനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന സമ്മതിച്ച അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥർ വീഴ്‌ച്ച വരുത്തിയെന്ന് കൂടി പറഞ്ഞതോടെ കള്ളപ്പണക്കാരെ പാഠംപഠിപ്പിക്കാനുള്ള പ്രഖ്യാപനം വെറും വള്ളയായിരുന്നു എന്ന് വ്യക്തമായി. നവംബർ എട്ടിന് പറഞ്ഞ പല കാര്യങ്ങളും പറയാതെ ഒരു ബജറ്റ് പ്രഖ്യാപനം പോലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. ചുരുക്കത്തിൽ 50 ദിവസം ജനങ്ങൾ അനുഭവിച്ച ദുരന്തവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഏറ്റ കനത്ത പ്രഹരവും മാത്രമായി നോട്ട് പിൻവലിക്കലിന്റെ ശിഷ്ടഫലം. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും നോട്ട് പ്രതിസന്ധിയും ഉടനെയൊന്നും മാറില്ലെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാക്കി. കള്ളപ്പണം പിടിച്ച സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടുതരുമെന്ന വിധ
ന്യൂഡൽഹി: ഏറെ കൊട്ടിഘോഷിച്ച് ബിജെപി സർക്കാർ കൊണ്ടുവന്ന നോട്ട് പിൻവലിക്കൽ നടപടി ഒരു പരാജയമായിരുന്നു എന്നറിയാൻ ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭംസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിത്തിന്റെ ശരീരഭാഷ നോക്കിയാൽ മതി. നോട്ട് നിരോധനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന സമ്മതിച്ച അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥർ വീഴ്‌ച്ച വരുത്തിയെന്ന് കൂടി പറഞ്ഞതോടെ കള്ളപ്പണക്കാരെ പാഠംപഠിപ്പിക്കാനുള്ള പ്രഖ്യാപനം വെറും വള്ളയായിരുന്നു എന്ന് വ്യക്തമായി. നവംബർ എട്ടിന് പറഞ്ഞ പല കാര്യങ്ങളും പറയാതെ ഒരു ബജറ്റ് പ്രഖ്യാപനം പോലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. ചുരുക്കത്തിൽ 50 ദിവസം ജനങ്ങൾ അനുഭവിച്ച ദുരന്തവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഏറ്റ കനത്ത പ്രഹരവും മാത്രമായി നോട്ട് പിൻവലിക്കലിന്റെ ശിഷ്ടഫലം.
പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും നോട്ട് പ്രതിസന്ധിയും ഉടനെയൊന്നും മാറില്ലെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാക്കി. കള്ളപ്പണം പിടിച്ച സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടുതരുമെന്ന വിധത്തിൽ മോദിയെ ന്യായീകരിച്ചവർക്കും ഇതോടെ മതിയായി. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് ചില ക്ഷേമപ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായത്. എന്നാൽ, അതിനുള്ള പണത്തിന്റെ കൃത്യമായ നീക്കിയിരിപ്പും നടപ്പാക്കുന്നതിന്റെ വിശദാംശങ്ങളും അടുത്തമാസം ബജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമേ അറിയൂ.
നോട്ട് അസാധുവാക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട കണക്കുകളോ അടുത്തഘട്ടം നടപടികളോ പ്രധാനമന്ത്രി പരാമർശിച്ചില്ല. നോട്ട് പ്രതിസന്ധിമൂലം തളർന്ന 'റിയൽ എസ്റ്റേറ്റ്' മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ദുരിതമനുഭവിച്ചവർക്ക് ചെറിയൊരു തലോടൽ മാത്രം. പാവപ്പെട്ടവർക്കുള്ള ഭവനവായ്പയുടെ പലിശ കുറയ്ക്കുക വഴി റിയൽ എസ്റ്റേറ്റ് രംഗത്തും അനുബന്ധമേഖലയിലും പുതിയ ഉണർവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തൊഴിൽരംഗത്തുണ്ടായ മാന്ദ്യം അതുവഴി ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നും ആണ് പ്രതീക്ഷ. എന്നാൽ, പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുള്ള മറ്റു മേഖലകളെ ഉദ്ധരിക്കുന്നതിനുള്ള തീരുമാനങ്ങളൊന്നും പ്രഖ്യാപനത്തിലില്ല. മറ്റു മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടില്ല.
ഇക്കൊല്ലം റാബി സീസണിലെ കാർഷികവായ്പയുടെ പലിശ രണ്ടുമാസത്തേക്ക് സർക്കാർ അടയ്ക്കുമെന്ന പ്രഖ്യാപനം ഏതാനും സംസ്ഥാനങ്ങളിലെ കർഷകർക്കേ പ്രയോജനപ്പെടൂ. യു.പി.യും പഞ്ചാബും തിരഞ്ഞെടുപ്പിന് ഒരുങ്ങവേ, ഈ രണ്ടു പ്രഖ്യാപനങ്ങളും ഉയർത്തി ബിജെപി. പരമാവധി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്ന് വ്യക്തം.
ഗർഭിണികൾക്കുള്ള സാമ്പത്തിക സഹായപദ്ധതി മുൻ സർക്കാർ തുടങ്ങിയതാണ്. അത് പിന്നീട് നിർത്തി. അത് വ്യാപിപ്പിച്ച് 4000 രൂപയുടെ സഹായം 6000 രൂപയാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. എന്നാൽ, പൈലറ്റ് പ്രോജക്ടായി 55 ജില്ലകളിൽ നടപ്പാക്കിയിരുന്നത് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചുവെന്നതാണ് മെച്ചം. മുദ്ര യോജന പദ്ധതി ഇരട്ടി ആളുകളിലേക്ക് വ്യാപിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങാനുള്ള ഗ്യാരണ്ടി രണ്ടുകോടി ആക്കാനുമുള്ള പ്രഖ്യാപനവും ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ്.
പത്തുലക്ഷത്തിൽ കൂടുതൽ ആദായം വെളിപ്പെടുത്തുന്നവർ 24 ലക്ഷം മാത്രമേയുള്ളൂവെന്ന കണക്ക് പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞത്, നോട്ടസാധുവാക്കൽ സാധാരണക്കാർക്ക് പ്രയാസമുണ്ടാക്കില്ലെന്ന് സ്ഥാപിക്കാൻ കൂടിയാണ്. നിലവിൽ ആഴ്ചയിൽ 24,000 രൂപവരെ ബാങ്കിൽനിന്ന് പിൻവലിക്കാനാവും. അങ്ങനെ വരുമ്പോൾ ഒരുമാസം ഒരുലക്ഷം രൂപവരെ പിൻവലിക്കാം. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഒരുമാസം ഒരുലക്ഷത്തിൽ കൂടുതൽ പണത്തിന്റെ ആവശ്യം എന്തിനാണെന്ന് മന്ത്രി പിയൂഷ് ഗോയൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം ചോദിച്ചത് ശ്രദ്ധേയമാണ്. ദിവസം എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന തുക 4,500 രൂപ ആക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു. എത്ര കള്ളപ്പണം പിടിച്ചെന്നോ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല.
ചെറുകിട സംരംഭകർക്കു വായ്പാപരിധി ഉയർത്തുകയും കുറഞ്ഞ വരുമാനക്കാരുടെ ഭവനവായ്പകൾക്കു പലിശനിരക്കു കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിനു പലിശ ഉയർത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചു രാജ്യത്തെ 650 ജില്ലകളിൽ ഗർഭിണികൾക്ക് 6000 രൂപയുടെ സഹായമാണു ലഭിക്കുക. ഇത് അവരുടെ അക്കൗണ്ടുകളിൽ നേരിട്ടു ലഭിക്കും. ആദ്യഘട്ടമായി 4000 രൂപയാണു ലഭിക്കുക. വാക്‌സിനേഷൻ അടക്കമുള്ള ചികിൽസാ ചെലവുകൾക്കു വേണ്ടിയാണിത്. മുതിർന്ന പൗരന്മാർക്ക് 7.5 ലക്ഷം രൂപ വരെയുള്ളതും 10 വർഷം വരെയുള്ളതുമായ സ്ഥിരനിക്ഷേപങ്ങൾക്ക് എട്ടു ശതമാനം വരെ വാർഷിക പലിശ ലഭിക്കും.
ചെറുകിട സംരംഭകരുടെ വായ്പാപരിധി 25 ശതമാനമായി ഉയർത്തും. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു ക്രെഡിറ്റ് ഗ്യാരന്റി ഒരു കോടിയിൽനിന്നു രണ്ടു കോടിയാക്കും. ജില്ലാ സഹകരണ ബാങ്കുകളിൽനിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും വായ്പയെടുത്ത കർഷകർക്ക് 60 ദിവസത്തെ പലിശയിളവു നൽകും.
നഗരമേഖലയിലെ താഴ്ന്ന വരുമാനക്കാരുടെ ഒൻപതുലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്കു നാലു ശതമാനം പലിശയിളവു നൽകും. 12 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കു മൂന്നു ശതമാനവും പലിശ ഇളവു ലഭിക്കും. 20 ലക്ഷം രൂപ വരെ രണ്ടു ശതമാനമാവും ഇളവ്. ഗ്രാമീണമേഖലയിൽ വീടുവയ്ക്കാൻ രണ്ടുലക്ഷം രൂപ വരെയുള്ള വായ്പകൾക്കു മൂന്നു ശതമാനം ഇളവു നൽകും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ഈ വർഷം എടുക്കുന്ന വായ്പകൾക്കാണ് ഇളവു ബാധകം. ഇതേ പദ്ധതിപ്രകാരം ഗ്രാമീണമേഖലയിലെ പാവപ്പെട്ടവർക്കു 33% കൂടുതൽ വീടുകൾ നിർമ്മിക്കും.
മൂന്നുകോടി കിസാൻ കാർഡുകൾ റുപേ കാർഡുകളാക്കി മാറ്റുമെന്നും ചെറുകിട ബിസിനസുകാരെ സഹായിക്കാൻ ഡിജിറ്റൽ ഇടപാടുകൾക്കു നികുതി ആറു ശതമാനമായി കണക്കാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ചുരുക്കത്തിൽ ഒരു ബജറ്റിലെ പ്രഖ്യാപനം പോലും അക്കാലെ മോദി നടത്തിയ പ്രസംഗത്തി്‌ന് യാതൊരു വിലയിലുമില്ല. ബജറ്റിൽ ജെയ്റ്റ്‌ലി ഇക്കാര്യങ്ങൾ ആവർത്തിച്ചാൽ മാത്രമേ ഈ പ്രഖ്യാപനത്തിന് എന്തെങ്കിലും വിലയുണ്ടാകുകുയള്ളൂ.
നോട്ട് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെങ്ങും അനിശ്ചിതാവസ്ഥയാണ്. കേരളത്തിൽ പകുതിയോളം എടിഎമ്മുകൾ ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലെ നില ഇതിലും ഭീതിതമാണ്. അതേസമയം, ബാങ്കുകളിലെ തിരക്കു കുറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ശമ്പള, പെൻഷൻ വിതരണം പ്രതിസന്ധിയിലാകുമെന്നു ധനവകുപ്പു തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1391 കോടി രൂപയുടെ കറൻസിയാണു സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ, ഇത്രയും കറൻസി ലഭ്യമാക്കാൻ കഴിയില്ലെന്നു റിസർവ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്നു മുതലാണു ശമ്പളവും പെൻഷനും ട്രഷറികൾ വഴി നൽകേണ്ടത്. വേണ്ടത്ര കറൻസി ലഭ്യമായില്ലെങ്കിൽ ശമ്പളവും പെൻഷനും നൽകാൻ നിയന്ത്രണമേർപ്പെടുത്തേണ്ടിവരും. എന്നാൽ, നിയന്ത്രണമുണ്ടാകില്ലെന്നാണു ധനമന്ത്രിയുടെ ഉറപ്പ്. ഇത് എങ്ങനെ സാധിക്കുമെന്ന കാര്യത്തിൽ സർക്കാർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കറൻസി ക്ഷാമം മൂലം ക്ഷേമപെൻഷനുകളുടെ വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
ട്രഷറികൾ വഴി പണം വീടുകളിലെത്തിക്കാൻ 506 കോടി രൂപയാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും പകുതിയിൽത്താഴെ തുക മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണു ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. പല ട്രഷറികൾക്കും ഒരു രൂപ പോലും ലഭിച്ചില്ല. ഇതിന്റെ കുടിശികയും അടുത്ത മൂന്നു മുതൽ നൽകേണ്ടിവരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. നഗരപ്രദേശങ്ങളിൽ എടിഎമ്മുകൾ ഏറെക്കുറെ സാധാരണനിലയിലായിട്ടുണ്ട്.
എന്നാൽ 500, 100 രൂപയുടെ നോട്ടുകൾ പലിയിടത്തും ലഭ്യമല്ല. 2000 രൂപയുടെ നോട്ടുകൾ വ്യാപാരസ്ഥാപനങ്ങളിൽപ്പോലും സ്വീകരിക്കുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകൾ പലതും ഇപ്പോഴും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. തെക്കൻജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണു പ്രശ്‌നം കൂടുതൽ.
നോട്ട് പിൻവലിക്കലിൽ മോദിയെ പിന്തുണച്ച രംഗത്തവന്ന പലരും ഇപ്പോൾ രംഗത്തില്ല. രാജ്യത്തെ കാത്തിരിക്കുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന ആശങ്കയും മറുവശത്തുണ്ട്. കള്ളപ്പണം എത്ര പിടിച്ചെന്ന വ്യക്തമാക്കാൻ കേന്ദ്രസർക്കാർ ഇനി ബാധ്യസ്തരാകും. മോദിയുടെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമാകുന്നത് ഒരു പരാജയമായിരുന്നു സർക്കാർ നടപടിയെന്നാണ്. എന്തായാലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും മോദിക്ക് സാധിച്ചിട്ടില്ല എന്നത് കേന്ദ്രസർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ്.