റിയാദ്: സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഴിച്ചുവിട്ട അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജയിലിൽ അടച്ച രാജകുമാരൻ അൽവലീദ് ബിൻ തലാലിന്റെ മോചനത്തിന് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു.

ലോകത്തിലെ 57 ാമത്തെ സമ്പന്നനായ രാജകുമാരൻ തന്റെ സ്വത്തിൽ നിന്ന് ആറു ബില്യൻ പിഴ അടച്ചാൽ മോചിപ്പിക്കാമെന്നാണ് വാഗ്ദാനം. അൽവഹീദ് ബിൻ തലാലിന്റെ കിങ്ഡം ഹോൾഡിങ് കമ്പനിയുടെ വിപണി മൂല്യമായ 9 ബില്യന്റെ ഗണ്യമായ ഒരുഭാഗമാകും ഇതുവഴി കൈമാറേണ്ടി വരിക.ഗൾഫ് രാജ്യത്ത് അധികൃതർ പിഴയായി ഈടാക്കുന്ന ഏറ്റവും വലിയ തുകയാകും ഒരുപക്ഷേ ഇത്.

റിയാദിലെ റിട്‌സ് കാൾട്ടൺ പഞ്ചനക്ഷത്ര ഹോട്ടലിൽ തടവിൽ കഴിയുന്ന മിക്ക രാജകുമാരന്മാരും വൻതുകകളാണ് മോചനത്തിനായി നൽകേണ്ടി വരുന്നത്. 18 ബില്യൺ സ്വത്തിന്റെ ഉടമയായ 62 കാരനായ അൽ വലീദ് ബിൻ തലാൽ തന്റെ മോചനത്തിനായി അധികൃതരുമായി വിലപേശി കൊണ്ടിരിക്കുകയാണ്.

അൽവലീദ് ബിൻ തലാലുമടക്കം 11 രാജകുടുംബാംഗങ്ങളാണ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നാലു മന്ത്രിമാരും 38 മുന്മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം മറ്റ് അമ്പതോളം പേരും അറസ്റ്റിലായി.

സൗദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളുടെയും വൻകിട എണ്ണവ്യവസായശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണൽ ഗാർഡിന്റെ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷമാണ് അബ്ദുള്ള രാജാവിന്റെ മകനായ മുതേബ് ബിൻ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. രാജകുമാരൻ ഒരു ബില്യൻ പിഴ അടച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് മോചിതനായത്.

സൗദിയുടെ രാജപദവിയിലേക്കു മുമ്പ് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ് മുതേബ്. സഹോദരനും മുൻ റിയാദ് ഗവർണറുമായ തുർക്കി ബിൻ അബ്ദുള്ളയും അറസ്റ്റിലായവരിലുണ്ട്.സൽമാൻ രാജാവ് തന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ കമ്മിറ്റി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു നടപടി.

മുഹമ്മദ് ബിൻ സൽമാൻ സർവ അധികാരങ്ങളും കൈപ്പിടിയിലൊതുക്കുന്നതിന്റെ സൂചനയായും ആധുനിക സൗദിയിലെ അഭൂതപൂർവമായ ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നു. ഭാവിയിൽ തനിക്കു ഭീഷണിയാകാൻ സാധ്യതയുള്ളവരെയും വിമർശകരെയും അദ്ദേഹം ഒറ്റയടിക്ക് ഇല്ലാതാക്കുകയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

രാജ്യത്തിന്റെ സുരക്ഷാ സ്ഥാപനങ്ങൾ പൂർണമായും മുഹമ്മദ് ബിൻ സൽമാന്റെ അധീനതയിലായി. കിങ്ഡം ഹോൾഡിങ് കമ്പനി ഉടമയും ട്വിറ്റർ, ആപ്പിൾ, മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ്, രാജ്യാന്തര ഹോട്ടൽ ശൃഖലകളായ ഫോർ സീസൺസ്, ഫെയർമോണ്ട്, മോവൻപിക് തുടങ്ങിയവയുടെ നിക്ഷേപ പങ്കാളിയുമായ അൽവലീദ് രാജകുമാരന്റെ അറസ്റ്റ് രാജ്യാന്തര വ്യവസായ മേഖലയെ ഞെട്ടിച്ചു.

കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി തുർക്കി ബിൻ നാസർ രാജകുമാരൻ, മുൻ പ്രതിരോധ സഹമന്ത്രി ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് രാജകുമാരൻ, മുഹമ്മദ് അൽഅമൂദി, സാലിഹ് അൽകാമിൽ, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹയുദ്ദീൻ, പ്രമുഖ ടെലിവിഷൻ ചാനൽ ഗ്രൂപ്പായ എം.ബി.സിയുടെ ഉടമ വലീദ് ഇബ്രാഹീം, മുൻ റോയൽ കോർട്ട് ഉപദേഷ്ടാവ് ഖാലിദ് അൽതുവൈജരി, സാജിയ മുൻ ഗവർണർ സഅദ് അൽദബാഗ്, മുൻ ധനമന്ത്രി ഇബ്രാഹീം അൽഅസ്സാഫ്, റോയൽ പ്രോട്ടോകോൾ മേധാവി മുഹമ്മദ് അൽതബീശി, ഹറം വികസന പദ്ധതിയുടെ കരാറുകാരനും സൗദി ബിൻ ലാദൻ ഗ്രൂപ്പ് മേധാവിയുമായ ബകർ ബിൻ ലാദൻ, മുൻ റെയിൽവേ ഡയറക്ടർ ജനറൽ ഖാലിദ് അൽമുൽഹിം, മുൻ എസ്.ടി.സി. മേധാവി സൗദ് അൽദവീശ് തുടങ്ങിയവരാണ് അറസ്റ്റിലായവരിൽ മറ്റു പ്രമുഖർ.

അനുമതിയില്ലാതെ ആയുധങ്ങൾ വാങ്ങിക്കൂട്ടൽ, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ വകുപ്പുകളിലേക്ക് അന്യായമായി കോടികളുടെ സാധനങ്ങൾ വാങ്ങിക്കൽ, ജിദ്ദയിലെ വെള്ളപ്പൊക്കനിയന്ത്രണ സംവിധാന നിർമ്മാണ, അധികാരദുർവിനിയോഗം, കൈക്കൂലി, ഹറം വികസന പദ്ധതിയിലെ അഴിമതി തുടങ്ങിയവ അഴിമതിവിരുദ്ധ കമ്മിറ്റി അന്വേഷിക്കുന്നുണ്ട്.

സ്വകാര്യ ജെറ്റുകൾക്കു പറക്കൽ അനുമതി നിഷേധിച്ചതിനുശേഷമായിരുന്നു അറസ്റ്റുകൾ. വിവരമറിഞ്ഞ് ആരും രക്ഷപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതലായിരുന്നു ഇത്. തന്റെ മരണശേഷം 3,200 കോടി ഡോളർ(ഏകദേശം 2,06,976 കോടി രൂപ) വരുന്ന സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായിരിക്കുമെന്ന് അൽവലീദ് രണ്ടു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു

. പൊതുസ്വത്ത് വ്യക്തിതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും കർശനമായി തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടുമെന്നും സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു.