ലണ്ടൻ: മകന്റെ രാജപദവികൾ എല്ലാം എടുത്തുകളഞ്ഞതിൽ എലിസബത്ത് രാജ്ഞി അതീവ ദുഃഖിതയാണെന്ന് റിപ്പോർട്ടുകൾ വരുന്നു. എന്നിരുന്നാലും മകൻ ചാൾസിന്റെ അഭിപ്രായത്തോട് അവർ യോജിക്കുകയായിരുന്നുവത്രെ. അവൻ വഴി വിട്ടുപോയി എന്നായിരുന്നു രാജ്ഞി പറഞ്ഞത് എന്നും റിപ്പോർട്ടുകൾ വരുന്നു. മകൻ ആൻഡ്രൂ രാജകുമാരന്റെ എച്ച് ഈർ എച്ച് പദവി എടുത്തുകളഞ്ഞ് ഒരു സാധാരണ പൗരനെ പോലെ അമേരിക്കയിലെ കോടതിനടപടികൾ അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കിയ തീരുമാനം വലിയ പ്രയാസത്തോടെയായിരുന്നു രാജ്ഞി എടുത്തതെന്ന് കൊട്ടാരവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. പക്ഷെ അതല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നും കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലൈംഗികാരോപണത്തിൽ കോടതി വിധി വരുന്നതിനു മുൻപായി തന്നെ ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു.എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം തെന്നെ ആൻഡ്രൂ നിഷേധിക്കുകയായിരുന്നു. എന്നാൽ, ഈ കേസ് പിൻവലിക്കണമെന്ന ആൻഡ്രൂ രാജകുമാരന്റെ അപേക്ഷ അടുത്തയിടെ കോടതി ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കട്ടി തള്ളിക്കളഞ്ഞിരുന്നു. വരുന്ന വസന്തകലത്ത് ന്യുയോർക്കിലെ കോടതിയിൽ ആൻഡ്രൂ രാജകുമാരന് നടപടികൾ നേരിടേണ്ടി വരും.അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ടതായി വന്നൂ എന്നും കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ആരോപണങ്ങൾ ഉയർന്നിട്ട് ഇത്ര നാളായിട്ടും രാജപദവികൾ എടുത്തു മാറ്റുന്നതുൾപ്പടെയുള്ള നടപടികളെ കുറിച്ച് രാജകുടുംബം ചിന്തിക്കാതിരുന്നത്, കേസിലെ വിധി കോടതി പറയട്ടെ എന്ന നിലപാട് കൊണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആൻഡ്രൂ രാജകുമാരൻ കേസിൽ ജയിച്ചാലും തോറ്റാലും അദ്ദേഹത്തിന്റെ പേരിലുണ്ടായിരിക്കുന്ന കളങ്കം ഇനി ഒരിക്കലും മാറില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലൈംഗികാപവാദം പോലുള്ള ഒരു കേസിൽ ഒരു രാജകുടുംബാംഗം ആ പദവി ഉപയോഗിച്ച് കോടതി കയറുക എന്നത് ബ്രിട്ടീഷ് രാജകുടുംബത്തിന് ചിന്തിക്കാൻ പോലും ആകാത്ത കാര്യമാണ്.

ഇന്നലെ മാധ്യമങ്ങൾ വെളിപ്പെടുത്തിയതുപോലെ, ആൻഡ്രൂ രാജകുമാരന്റെ സഹോദരൻ ചാൾസ് രാജകുമാരൻ തന്നെയായിരുന്നു ഈ തീരുമാനത്തിന്റെ പുറകിലെ ചാലകശക്തി എന്നും കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഒന്നും സംഭവിക്കാത്തതുപോലെ ചാൾസ് തന്റെ കർത്തവ്യത്തിൽ മുഴുകിയിരിക്കുകയാണ്. ആർവെൻ കൊടുങ്കാറ്റിൽ, അബ്രീഡിൻഷയറിലെ എല്ലനിൽ നശിച്ച കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നവരെ അദ്ദേഹം സന്ദർശിച്ചു. ആൻഡ്രൂ രാജകുമാരനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പക്ഷെ അദ്ദേഹം ഉത്തരം നൽകിയില്ല..

ചാൾസ് രാജകുമാരന്റെ മകൻ വില്യമും ഇക്കാര്യത്തിൽ തന്റെ പിതാവിന് പൂർണ്ണ പിന്തുണ നൽകി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ, വില്യം ഇക്കാര്യവുമായി ബന്ധപ്പെട്ട് രാജ്ഞിയെ സന്ദർശിച്ച് ചർച്ച നടത്തി എന്ന വാർത്ത കൊട്ടാരം വൃത്തങ്ങൾ നിഷേധിക്കുന്നു. വിൻഡ്സർ കാസിലിൽ നടന്ന ഒരു പദവി നൽകൽ ചടങ്ങിൽ പങ്കെടുക്കാനാണ് വില്യം എത്തിയതെന്ന് അവർ പറയുന്നു. ഈ തീരുമാനത്തെ ഒരുപക്ഷെ വില്യമും അനുകൂലിച്ചിരിക്കാം എന്നു മാത്രമാണ് കൊട്ടാരംവൃത്തങ്ങൾ പറയുന്നത്. എന്നാൽ, കുടുംബപരമായി, ഇത്തരം വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ അധികാരപ്പെട്ടവർ ഉണ്ട് എന്നും അവർ വ്യക്തമാക്കുന്നു.

രാജപദവികൾ എല്ലാം നഷ്ടപ്പെട്ട 61 കാരനായ ആൻഡ്രൂ രാജകുമാരൻ ഇന്നലെ മുഴുവൻ വിൻഡ്സറിലെ തന്റെ വീടായ റോയൽ ലോഡ്ജിൽ തന്നെ മുൻ ഭാരയ് സാറായോടൊപ്പം കഴിച്ചുകൂട്ടി. ഇപ്പോഴും അദ്ദേഹം ചില സംഘടനകളുമായും സ്ഥാപനങ്ങളുമായും ബന്ധം തുടരുന്നുണ്ടെങ്കിലും അവയും അദ്ദേഹത്തിന്റെ പേര് രേഖകളിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്നറിയുന്നു. വ്യാഴാഴ്‌ച്ച രാജ്ഞിയുടെ തീരുമാനം പുറത്തു വന്ന് മണിക്കൂറുകൾക്കകം റോയൽ ആസ്‌കോട്ട് ഗോൾഫ് ക്ലബ് ആൻഡ്രുവിന്റെ പേര് തങ്ങളുടേ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു.

അതേസമയം ആൻഡ്രൂ രക്ഷാധികാരി സ്ഥാനം വഹിക്കുന്ന ഫ്രണ്ട്സ് ഓഫ് സ്റ്റാഫോർഡ്ഷയർ റെജിമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റഫോർഡ്ഷയർ റെജിമെന്റ് മ്യുസിയം ട്രസ്റ്റിന്റെ വക്താവ് പറഞ്ഞത് സർക്കാരും രാജകുടുംബവും അടുത്ത നടപടികൾ എടുക്കാനായി തങ്ങൾ കാത്തിരിക്കുന്നു എന്നാണ്.