ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ രാജ പദവികളും സൈനിക പദവികളും നഷ്ടപെട്ട ആൻഡ്രൂ രാജകുമാരൻ ഇപ്പോൾ അതെല്ലാം തിരികെ ലഭിക്കുവാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഗ്രനേഡിയർ ഗാർഡ്സിന്റെ കേണൽ എന്ന ആലങ്കാരിക പദവിയും തിരികെ വേണം എന്നാണ് ആൻഡ്രുവിന്റെ ആവശ്യം. ഇതിനായി ആൻഡ്രു തന്റെ അമ്മയായ എലിസബത്ത് രാജ്ഞിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണത്രെ.

വെർജീനിയ ഗുഫർ എന്ന യുവതി നൽകിയ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലക്ഷക്കണക്കിന് പൗണ്ട് നൽകേണ്ടിവന്ന ഒരു സാഹചര്യം ഉണ്ടായപ്പോഴായിരുന്നു 62 കാരനായ ആൻഡ്രു രാജകുമാരനെ രാജാധികാരങ്ങൾ നിർവഹിക്കുന്നതിൽ നിന്നും നീക്കം ചെയ്തത്. ഇപ്പോൾ ആ നിരോധനം പിൻവലിച്ച് മറ്റ് രാജകുടുംബങ്ങൾക്കൊപ്പം തനിക്കുമൗദ്യോഗിക ചുമതലകൾ വേണം എന്നാണ് ആൻഡ്രു ആവശ്യപ്പെടുന്നത്.

ഇന്ന് നടക്കുന്ന വാർഷിക ഓർഡർ ഓഫ് ദി ഗാർട്ടർ ചടങ്ങിൽ പൂർണ്ണമായും ഔദ്യോഗിക വേഷങ്ങൾ അണിഞ്ഞുകൊണ്ട് ആൻഡ്രു രാജകുമാരന്മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കും. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഈ യോദ്ധാക്കളുടെ ഗണത്തിലെ ഒരു അംഗം എന്ന നിലയിലാണ് ആൻഡ്രൂ പങ്കെടുക്കുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ രാജ്ഞിയുടെ പ്രത്യേക ശുപാർശകൂടി ഉണ്ടായിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോൾ ആൻഡ്രു ആവശ്യപ്പെടുന്നത് ഇതുപോലെ മറ്റുള്ള ചടങ്ങുകളിലും രാജകുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിൽ പങ്കെടുക്കാനുള്ള അവകാശമാണ്. ഗ്രനേഡിയർ ഗാർഡ്സിന്റെ കേണൽ എന്ന പദവിയായിരുന്ന് ആൻഡ്രുവിന് ഏറേ പ്രിയപ്പെട്ടതും അഭിമാനകരമായതുമായ പദവി. അത് തിരികവേണം എന്നും ആവശ്യപ്പെടുന്നു. അതുപോലെ ഇപ്പോഴും സ്റ്റേറ്റിന്റെ കൗൺസെലർ എന്ന പദവിയിൽ തുടരുന്നതിനാൽ എല്ലാ ഔദ്യോഗിക കാര്യങ്ങളിലും മറ്റു രാജകുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുപ്പിക്കണം എന്നും ആവശ്യപ്പെടുന്നു.

ആൻഡ്രു രാജകുമാരന്റെ വക്താവ് പക്ഷെ ഈ വാർത്തയെകുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ, സമ്മർദ്ദം ചെലുത്തിയിട്ടും വലിയ പ്രയോജനം ഒന്നും ഇല്ലെന്നാണ് കൊട്ടാരത്തിലെ ചില വൃത്തങ്ങൾ സൂചിപ്പിച്ചത്. ഒരു കാരണവശാലും അത് സംഭവിക്കില്ലെന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ രാജ്ഞിയുടേ സമ്മതത്തോടെ എടുത്ത ഈ തീരുമാനത്തിനു പുറകിൽ പ്രധാനമായും ഉണ്ടായിരുന്നത് ചാൾസിന്റെ നിർബന്ധമായിരുന്നു. ഇപ്പോഴും, രാജകുടുംബത്തിന്റെ മാനം രക്ഷിക്കാൻ ആൻഡ്രുവിനെ ഒരു കൈപ്പാട് അകലെ നിർത്തണം എന്നു തന്നെയാണ് ചാൾസിന്റെ അഭിപ്രായം.

അഞ്ചു വർഷം മുൻപ് ഗ്രെനേഡിയർ ഗാർഡ്സിന്റെ കേണൽ ആയിരുന്ന ഫിലിപ്പ് രാജകുമാരൻ പൊതു ചുമതലകളിൽ നിന്നും വിരമിച്ചത്തിനെ തുടർന്നായിരുന്നു ആൻഡ്രു കേണലായി ചുമതല ഏറ്റെടുത്തത്. അന്നു മുതൽ ആൻഡ്രുവിന്ഏറെ പ്രിയപ്പെട്ട ഒരു പദവിയായിരുന്നു അത്. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ ഗ്രെനേഡിയർ ഗാർഡ്സിന്റെ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കാൻ ആൻഡ്രു ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ, രാജകുടുംബാംഗങ്ങൾ സിവിലിയൻ വേഷത്തിൽ പങ്കെടുത്താൽ മതി എന്ന പൊതു തീരുമാനത്തിന്റെ പേരിൽ അത് ഒഴിവാക്കുകയായിരുന്നു.