ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹാരി രാജകുമാരനും കനേഡിയൻ നടിയായ മേഗൻ മാർകിലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണല്ലോ. ഇപ്പോഴിതാ ആദ്യമായി അത് സമ്മതിച്ച് സാക്ഷാൽ ഹാരി തന്നെ രംഗത്തെത്തിയിരിക്കുന്നു. അതായത് താൻ മേഗനുമായി കുറച്ച് മാസങ്ങളായി പ്രണയത്തിലാണെന്നും അവരുടെ ജീവിതം വച്ച് കളിക്കരുതെന്നുമാണ് ഹാരി വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് വെളിച്ചത്ത് വന്നതിനെ തുടർന്ന് പലതരത്തിലുള്ള അധിക്ഷേപങ്ങളും ആരോപണങ്ങളും മേഗന് നേരെയുണ്ടായിരിക്കുന്നതിൽ ഹാരി കനത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ബന്ധത്തിൽ അമിതമായി തലയിട്ട് നിറം പിടിപ്പിച്ച കഥകൾ പടച്ചുണ്ടാക്കുന്ന മാദ്ധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും നിലപാടിലും ഹാരി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ഗെയിമല്ലെന്നും മറിച്ച് ഇത് തന്റെയും മേഗന്റെയും ജീവിതമാണെന്നും ഇത്തരത്തിലുള്ള കടന്ന് കയറ്റത്തിൽ നിന്നും മേഗനെ സംരക്ഷിക്കാൻ സാധിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും ഹാരി പ്രതികരിച്ചു.

ഇരുവരും ഒരു പോലുള്ള ബ്രേസ്ലെറ്റുകൾ അണിഞ്ഞതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ കഴിഞ്ഞ ഒക്ടോബർ 30ന് പുറത്ത് വന്നിരുന്തന്. ഹാരിയുമായി പ്രണയമുണ്ടെന്ന സൂചന ലഭിച്ചതോടെ മേഗന് നേരെയുണ്ടായിരിക്കുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും പരിധി കവിഞ്ഞിരിക്കുന്നുവെന്നാണ് ദീർഘമായ പ്രസ്താവനയിലൂടെ കെൻസിങ്ടൺ പാലസ് വ്യക്തമാക്കിയിരിക്കുന്നത്.തന്റെ സ്വകാര്യ ജീവിത്തതിൽ ആളുകൾക്ക് അതിയായ ജിജ്ഞാസയുണ്ടെന്ന കാര്യം ഹാരി മനസിലാക്കിയിട്ടുണ്ടെന്നും അതിൽ അദ്ദേഹം തികച്ചും അസ്വസ്ഥനാണെന്നും അതിനെ നേരിടാനുള്ള തൊലിക്കട്ടി നേടാൻ അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഈ പ്രസ്താവന വെളിപ്പെടുത്തുന്നു. എന്നാൽ നിരവധി പേർ തന്നെ പിന്തുണയ്ക്കുന്നുവെന്ന അറിവിൽ ഹാരി സന്തോഷവാനാണെന്നും കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവന വ്യക്തമാക്കുന്നു.

കെൻസിങ്ടൺ പാലസിലെ ഹാരിയുടെ കമ്മ്യൂണിക്കേഷൻസ് സെക്രട്ടറിയായ ജാസൻ ക്നൗഫാണീ കത്ത് പുറത്തിറക്കിയിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരിൽ ചിലർ ആകാംക്ഷ അടക്കാനാവാതെ മേഗന്റെ വീട്ടിലേക്ക് കടന്ന് കയറാൻ ശ്രമിച്ചതിനെ ചൊല്ലിയും കത്ത് ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഗായികയായ എല്ലി ഗൗൽഡിങ്, കാമില ടേൾലോ അടക്കമുള്ള ചില യുവതികളുമായി ബന്ധപ്പെട്ട് ഹാരിയുടെ പേര് കേട്ടിരുന്നുവെങ്കിലും ദീർഘകാലം തന്റെ ഗേൾഫ്രണ്ടായിരുന്ന ക്രെസിദബോനാസുമായി വേർപിരിഞ്ഞതിന് ശേഷം തികഞ്ഞ ബാച്ചിലർ ജീവിതമാണ് ഹാരി നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച തന്റെ പുതിയ പ്രണയിനിയെ കാണാനായി ഹാരി ഒരു രഹസ്യയാത്ര കാനഡയിലേക്ക് നടത്തിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അവരുടെ ആറ്മാസമായുള്ള ബന്ധം മാദ്ധ്യമങ്ങളിൽ പടർന്നതിന് ശേഷമായിരുന്നു ഹാരിയുടെ ഈ യാത്ര.

ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഗനെ ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഹാരി തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥം നഗരം സന്ദർശിച്ചപ്പോഴാണ് ആദ്യമായി കണ്ടിഷ്ടപ്പെടുകയായിരുന്നുവെന്ന തരത്തിലുള്ള വാർത്തയും പടർന്നിരുന്നു. തുടർന്ന് മേഗൻ ലണ്ടനിൽ എത്തിയ വേളയിൽ ഹാരിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ അവർ കെൻസിങ്ടൺ പാലസിൽ താമസിക്കുകയും ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേയ്റ്റിനെയും കണ്ടുവെന്നും സൂചനയുണ്ട്.

ഇൻസ്ററാഗ്രാമിലൂടെ മേഗൻ പുറത്ത് വിട്ട തന്റെ ചിത്രത്തിൽ അവരുടെ കൈയിൽ നീല മണികളുള്ള ബ്രേസ്ലെറ്റ് കാണാം. ഇതിന്റെ ജോഡിയെന്നോണമുള്ള ഒരു ബ്രേസ് ലെറ്റ് ഹാരി രാജകുമാരനും കൈയിൽ അണിഞ്ഞതാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് തെളിവായി ചില മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിരുന്നുത്. ടൊറന്റോ സന്ദർശന വേളയിൽ ഹാരി ഇത് മേഗന് സ്നേഹസമ്മാനമായി നൽകിയെന്ന തരത്തിലും വാർത്തകൾ പടർന്നിരുന്നു.