മിനിസോട്ട: യൗവനകാലത്തുതന്നെ പാശ്ചാത്യ സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഗായകനായിരുന്നു അന്തരിച്ച പ്രിൻസ് റോജേഴ്‌സ് നെൽസൺ (57). പ്രിൻസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പ്രിൻസ് ഗായകനും ഗാനരചയിതാവും വാദ്യോപകരങ്ങളിൽ വിദഗ്ധനുമായിരുന്നു. മൈക്കൽ ജാക്‌സണും മഡോണയുയുമൊക്കെ തിളങ്ങിനിൽക്കുന്ന കാലത്തും തന്റേതായ ആരാധകവൃന്ദത്തെ കൂടെ നിർത്താൻ പ്രിൻസിന് സാധിച്ചിരുന്നു.

പത്തുകോടിയിലേറെ വിറ്റുപോയിട്ടുള്ള റെക്കോഡുകൾക്ക് ഉടമയായിരുന്നെങ്കിലും പ്രിൻസിനെ ഹരം കൊള്ളിച്ചത് സംഗീതം മാത്രമായിരുന്നില്ല. സുന്ദരികളായ സ്ത്രീകളും മയക്കുമരുന്നും ആ പ്രതിഭാധനന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യങ്ങളായി. ഒട്ടേറെ സുന്ദരികളുമായി പ്രിൻസിന് ബന്ധമുണ്ടായിരുന്നതായി ഗോസിപ്പുകളുണ്ട്.

ജീവിതം എല്ലാത്തരത്തിലും ആസ്വദിച്ചാണ് പ്രിൻസ് കടന്നുപോയത്. 1980-കളിൽ പുറത്തിറങ്ങിയ 1999, പർപ്പിൾ റെയ്ൻ തുടങ്ങിയ ആൽബങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പർപ്പിൾ റെയ്‌നിന്റെ 1.3 കോടി കോപ്പികൾ വിറ്റഴിഞ്ഞു. ലെറ്റ്‌സ് ഗോ ക്രേസി, വെൻ ഡോവ്‌സ് ക്രൈ തുടങ്ങിയ പ്രശസ്ത ഗാനങ്ങളിലൂടെ പ്രിൻസ് മനസ്സുകളിൽ കുടിയേറി.

പ്രിൻസിനെക്കാൾ പ്രശസ്തരായ ഒട്ടേറെപ്പേർ സമകാലികരായി ഉണ്ടെങ്കിലും പോപ് സംഗീതലോകത്തെ ഏറ്റവും സർഗാത്മക പ്രതിഭയായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ എന്നീ നിലകളിലെല്ലാം ഒരു പോലെ ശ്രദ്ധയാകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട റെക്കോഡുകൾക്ക് ഉടമയാണ് പ്രിൻസ്.

നേട്ടങ്ങളിലും അദ്ദേഹം ആർക്കും പിന്നിലായിരുന്നില്ല. ഏഴ് ഗ്രാമി അവാർഡുകളും ഒരു ദോൾഡൻ ഗ്ലോബ് അവാർഡും അദ്ദേഹത്തെ തേടിയെത്തി. പർപ്പിൾ റെയ്ൻ എന്ന സിനിമയിലെ സംഗീതത്തിന് ഓസ്‌കർ പുരസ്‌കാരവും പ്രിൻസിനെ തേടിയെത്തി. ഈ സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

പ്രിൻസുമായി ഏറെക്കാലം സഹകരിച്ച് പ്രവർത്തിച്ചിരുന്ന വാനിറ്റി എന്ന ഗായിക രണ്ടുമാസം മുമ്പ് മരിച്ചതുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നു പ്രിൻസ് എന്ന് സൂചനയുണ്ട്. മയക്കുമരുന്നുകളുടെയും സുന്ദരിമാരുടെയും ലോകം ഉപേക്ഷിച്ച് യഹോവ സാക്ഷിയായി മാറിയ പ്രിൻസ് സുവിശേഷ പ്രചാരണവും നടന്നിയിരുന്നു.

മിനിസോട്ടയിലെ മിനിയോപോളിസിലാണ് പ്രിൻസ് ജനിച്ചതും ഇപ്പോൾ മരിച്ചതും. പത്താം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതുമുതൽ പ്രിൻസ് ഒറ്റയ്ക്കാണ്. സ്‌കൂളിൽ മറ്റു വിദ്യാർത്ഥികളിൽനിന്നുള്ള അധിക്ഷേപം കേൾക്കാതിരിക്കാനാണ് താൻ സംഗീതത്തിന്റെ ലോകത്തേയ്ക്ക് വന്നതെന്ന് പ്രിൻസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

19 വയസ്സുള്ളപ്പോൾ തന്റെ ആദ്യ ആൽബമായ ഫോർ യു പ്രിൻസ് പുറത്തിറക്കി. വലിയൊരു വാദ്യസംഘത്തിന്റെ സഹായത്തോടെ പൂർത്തിയാക്കിയ ആൽബമെന്നാണ് തോന്നുകയെങ്കിലും, ഇതിൽ ഓരോ ഉപകരണവും പ്രിൻസ് തന്നെയാണ് വായിച്ചിരുന്നത്. വളരെപ്പെട്ടാന്നായിരുന്നു പ്രിൻസിന്റെ വളർച്ചയും മൂന്നാമത്തെ ആൽബമായ 1999-ന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.

വിവാദങ്ങളെ എപ്പോഴും പ്രണയിച്ചിരുന്ന വ്യക്തിയായിരുന്നു പ്രിൻസ്. അൽപവസ്ത്രധാരിയായും നഗ്നനായും ആൽബത്തിന്റെ കവറുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരു പാട്ടിൽ സ്വയംഭോഗത്തെക്കുറിച്ചും അദ്ദേഹം എഴുതി. ഈ പാട്ടുകേട്ട അന്നത്തെ യു.എസ്. വൈസ് പ്രസിഡന്റ് അൽ ഗോറിന്റെ ഭാര്യ ടിപ്പർ ഗോർ, പാട്ടുകളിലെ അശ്ലീല വരികൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് പേരന്റ്‌സ് മ്യൂസിക് റിസോഴ്‌സ് സെന്ററിന് കത്തെഴുതിയത് വലിയ വാർത്തയായി. സിനിമകളിലെന്നപോലെ മ്യൂസിക് ആൽബങ്ങളിലും പേരന്റൽ അഡൈ്വസറി എന്ന സ്റ്റിക്കർ വരാൻ തുടങ്ങിയത് ഇതോടെയാണ്.

ഏതു ഗണത്തിൽപ്പെട്ട ഗായകനാണ് പ്രിൻസ് എന്ന് നിരൂപകർക്കുപോലും വിലയിരുത്താൻ കഴിഞ്ഞിരുന്നില്ല. ഓരോ ആൽബവും ഓരോ ഗാനവും വ്യത്യസ്തങ്ങളായ സംഗീതധാരകളിലൂടെ കടന്നുപോകുന്നതായിരുന്നു. എല്ലാത്തരം സംഗീതോപകരങ്ങളും സ്വന്തമായി വായിച്ചിരുന്ന പ്രിൻസ് സ്വന്തം നിലയ്ക്കാണ് ഗാനങ്ങൾ റെക്കോഡ് ചെയ്തിരുന്നതും. അതുകൊണ്ടുതന്നെയാണ് സംഗീത ലോകത്ത് പ്രിൻസ് വേറിട്ടുനിൽക്കുന്നതും.