- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യ ഭരണത്തിൽ രാജ്ഞിക്കു വിനീത വിധേയൻ; വീട്ടിൽ കർക്കശക്കാരനായ ഭർത്താവ്; ഇന്ത്യയിലെത്തിയത് പലവട്ടം; അവസാന സന്ദർശനം അവസാനിച്ചത് വിവാദത്തിൽ
ലണ്ടൻ: ഹണിമൂൺ ആഘോഷത്തിലായിരുന്ന എലിസബത്ത്, ഫിലിപ്പ് ദമ്പതികളെ വിളിച്ചു വരുത്തിയാണ് രാജാവിന്റെ മരണത്തെ തുടർന്ന് പുതിയ രാജ്ഞിയെ വാഴിച്ചത്. യൗവ്വനാരംഭത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്ന എലിസബത്ത് രാജ്യഭാരം എന്ന കനത്ത ഉത്തരവാദിത്തം തലയിലേറ്റുമ്പോൾ വെറും 26കാരനായ നവവരൻ ഫിലിപ്പ് അവളുടെ കൈകൾ പിടിച്ചു നൽകിയത് ഒരു വാഗ്ദാനം മാത്രം, എന്നും നിന്നോടൊപ്പം ഉണ്ടാകും.
ആ വാക്ക് പാലിക്കാൻ കഴിഞ്ഞ 73 വർഷം ഫിലിപ്പ് രാജകുമാരനു കഴിഞ്ഞു. ഒടുവിൽ നൂറാം പിറന്നാൾ ആഘോഷിക്കാൻ കൃത്യം രണ്ടു മാസം ബാക്കി നിൽക്കെ അദ്ദേഹം തന്റെ പ്രിയ പത്നിയെ തനിച്ചാക്കി വിധിക്കൊപ്പം യാത്രയായി. അധികാരമേറ്റത് മുതൽ എല്ലാക്കാര്യത്തിലും റാണിയുടെ പിൻനിഴലായി നടന്ന ഫിലിപ്പ് അതിൽ ഒരിക്കലും നീരസം കാട്ടിയിരുന്നില്ലത്രേ.
എന്നാൽ വീട്ടിൽ തനി കണിശക്കാരനായ ഭർത്താവും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കു എതിരു പറയാത്ത ഭാര്യയുമായിരുന്നു ഇരുവരും എന്നതാണ് കൊട്ടാരം കഥകൾ എഴുതുന്നവർ ലോകത്തോട് പറയുന്നത്. അതുകൊണ്ടു തന്നെയാണ് ബ്രിട്ടന് ഇരുവരും സ്വജീവിതത്തിലൂടെ നൽകിയത് മികച്ച സന്ദേശം തന്നെ ആയിരുന്നു എന്ന് കാലം ഇപ്പോൾ കുറിപ്പെഴുതുന്നതും.
നാലുമക്കളും അവരുടെ മക്കളും പിന്നെയും കൊച്ചുമക്കളുമായി പല തലമുറകളുടെ കൈ പിടിച്ചു നടന്ന ആ ദമ്പതികളിൽ ഇനിയൊരാൾ മാത്രം ബാക്കി എന്ന ദുഃഖ സത്യത്തിനു മുന്നിൽ തലകുനിക്കുകയാണ് രാഷ്ട്രം. ബ്രിട്ടന് ഒപ്പം പല രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന രാജകൊട്ടാരത്തിന്റെ ആരാധകർക്കും ഇന്നലെ മറക്കാനാകാത്ത ദിനമായി.
ഇരുവരും ഇന്ത്യയിലെത്തിയത് പലവട്ടം
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കാൻ പതിനായിരക്കണക്കിന് ഇന്ത്യൻ സൈനികരെ ഉപയോഗിച്ചത് വഴി ബ്രിട്ടീഷ് കിരീടത്തിലെ വജ്രം എന്നാണ് പൊതുവിൽ രാജ്ഞിയും രാജകുമാരനും കരുതിയിരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലും ഇരുവരും പ്രത്യേക കരുതൽ എടുത്തിരുന്നു. എന്നാൽ പ്രിൻസ് ഫിലിപ്പ് കാശ്മീർ അടക്കമുള്ള കാര്യങ്ങളിൽ വ്യത്യസ്ത നിലപാട് എടുത്തപ്പോഴും അതു കൈവിട്ടു പോകാതിരിക്കാൻ രാജ്ഞി ശ്രദ്ധ കാണിച്ചു എന്നതും വസ്തുതയാണ്.
ഇന്ത്യയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്ര 1961 ലാണ്. അപ്പോഴേക്കും രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 14 വർഷവും രാജ്ഞി അധികാരമേറ്റിട്ട് ഒൻപതു വർഷവും പിന്നിട്ടിരുന്നു. 20 ലക്ഷം ഇന്ത്യക്കാരെ ജയിലിൽ ഇട്ട ഭരണത്തിന്റെ അധികാരികൾ എത്തിയിട്ടും ഇന്ത്യ മഹത്തായ സ്വീകരണമാണ് ഇരുവർക്കും നൽകിയതെന്ന് അന്ന് ഷിക്കാഗോ ട്രിബ്യുൺ വാർത്തയെഴുതിയതു മാധ്യമ പഠന ക്ലാസുകളിൽ ഇന്നും പറയുന്ന കാര്യമാണ്. ആ സന്ദർശനം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയതും ചരിത്രം കൃത്യമായി കുറിച്ചു വച്ചിട്ടുണ്ട്.
ആദ്യ സന്ദർശനത്തിൽ കടുവ നായാട്ടും താജ് മഹൽ സന്ദർശനവും
അന്നത്തെ സന്ദർശനത്തിൽ മുംബൈ, കൊൽക്കത്ത, മദ്രാസ്, ജയ്പ്പൂർ, ആഗ്ര എന്നീ നഗരങ്ങളാണ് ഇരുവരും പ്രധാനമായും സന്ദർശിച്ചത്. അന്നത്തെ സന്ദർശനത്തിൽ ജയ്പൂർ രാജാവ് കടുവയെ വേട്ടയാടാൻ ഫിലിപ്പ് രാജകുമാരനെ കൂടെക്കൂട്ടിയതും കൗതുകമായി മാറിയിരുന്നു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ ആഘോഷത്തിലും ഇരുവരും പ്രധാന അതിഥികൾ ആയിരുന്നു. മദ്രാസിൽ വീഥികൾ തിങ്ങിനിറഞ്ഞാണ് കാണികൾ ഇരുവരെയും സ്വീകരിക്കാൻ എത്തിയത്.
ബാംഗ്ലൂരിൽ പ്രാദേശിക അവധി പോലും അന്ന് നൽകിയിരുന്നു. കൊൽക്കത്തയും മുംബൈയും സന്ദർശിച്ച ഇരുവരും പ്രണയ സ്മാരകം എന്ന് കരുതപ്പെടുന്ന താജ് മഹൽ സന്ദർശനവും നടത്തിയിരുന്നു. ഇന്ത്യക്കാർക്ക് പോളോ കളി പരിചയപ്പെടുത്താൻ ഫിലിപ്പ് രാജകുമാരൻ തയ്യാറായതും ആ സന്ദർശനത്തിൽ തന്നെയാണ്.
രണ്ടാം സന്ദർശനം ഇന്ദിരയുടെ പ്രത്യേക താൽപര്യത്തിൽ
രണ്ടാം സന്ദർശനം ഇരുവരും നടത്തിയത് പ്രധാന മന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയുടെ പ്രത്യേക താൽപര്യം മൂലമാണ്. ഇന്ദിര മരിക്കുന്നതിന്റെ തലേ വർഷം നടന്ന സന്ദർശനം പ്രൗഢ ഗംഭീരമാക്കാൻ ഇന്ത്യൻ സർക്കാർ വലിയ ശ്രദ്ധയും നൽകിയിരുന്നു. ഇന്ദിര നേരിട്ടാണ് സന്ദർശനത്തിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുത്തിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ഫോട്ടോകളും മറ്റും പ്രായമായവരെ കാണിച്ചാണ് പഴയകാല രീതികൾ അനുകരിക്കാൻ ഇന്ദിര തിരഞ്ഞെടുത്ത മാർഗമെന്നു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ആ സന്ദർശനത്തിൽ ബ്രിട്ടീഷ് വൈസ്രോയി താമസിച്ചിരുന്നതും പിന്നീട് രാഷ്ട്രപതി ഭവൻ ആയി മാറിയിടത്താണ് ഇരുവരും താമസിച്ചിരുന്നത്. സന്ദർശനത്തിൽ ഇന്ത്യ കാട്ടിയ പ്രൗഢി കണ്ടു ബ്രിട്ടീഷ് കൊളോണിയസത്തെ ഇന്ത്യ വിമർശിക്കുമ്പോൾ തന്നെ അതിന്റെ പളപളപ്പിൽ ഇന്ത്യ അഭിരമിക്കുന്നതിൽ ഇഷ്ടം കണ്ടെത്തുന്നു എന്നുമാണ് അമേരിക്കൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
മൂന്നാം സന്ദർശനം ഇന്ത്യയുടെ സ്വതന്ത്ര സുവർണ ജൂബിലി അവസരത്തിൽ, കൂടെ വിവാദവും
ഫിലിപ്പ് രാജകുമാരനും രാജ്ഞിയും മൂന്നാം സന്ദർശനം നടത്തിയത് 1997ൽ ഇന്ത്യയുടെ സുവർണ ജൂബിലി ആഘോഷവേളയിലാണ്. പക്ഷെ ആ സന്ദർശനം വിവാദത്തിലെത്തിയാണ് ചേർന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കാശ്മീരിനെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനു കാരണമായി മാറിയത്. എന്നാൽ രാജദമ്പതികൾ 1919ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ അനുസ്മരണത്തിനായി കൊല്ലപ്പെട്ടവരുടെ സ്മൃതി കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചത് ആ സന്ദർശനത്തിലെ പ്രധാന ഏടായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ഒരിക്കൽ അദ്ദേഹം തനിയെ ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. ജാലിയൻവാല ബാഗ് സന്ദർശനം നടത്തിയപ്പോൾ അന്നത്തെ കൂട്ടക്കൊലയിൽ എത്രപേർ കൊല്ലപ്പെട്ടെന്ന അദ്ദേഹത്തിന്റെ സംശയവും ഒടുവിൽ മാധ്യമങ്ങളിൽ വിവാദമായി നിറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്