- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് സെയിന്റ് ജോർജ്ജ് ചാപ്പലിൽ അന്ത്യവിശ്രമം; ബോറിസ് ജോൺസൺ അടക്കമുള്ളവർ വിട്ടുനിൽക്കും; മൂന്നു മണിക്ക് രാജ്യം മൗനം ആചരിക്കും; പഴയ ഒരു ലാൻഡ് റോവറിൽ മൃതദേഹം പള്ളിയിലെത്തിക്കും; ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങുകൾ ഇങ്ങനെ
ലണ്ടൻ: താൻ കൂടി ചേർന്ന് രൂപകല്പന ചെയ്ത ഒരു പഴയ ലാൻഡ് റോവറിൽ, വരുന്ന ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഫിലിപ്പ് രാജകുമാരൻ തന്റെ അന്ത്യയാത്രയ്ക്ക് ഒരുങ്ങുമ്പോൾ, ആ വലിയ മനുഷ്യനോടുള്ള ബഹുമാനാർത്ഥം രാജ്യം ഒരു മിനിറ്റ് നേരത്തെ മൗനാഞ്ജലി അർപ്പിക്കും. വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് പള്ളിയിലായിരിക്കും സംസ്കാരം നടക്കുക എന്ന് ഇന്നലെ ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ഏപ്രിൽ 17-ന് ഉച്ചതിരിഞ്ഞ് 3 മണിക്കായിരിക്കും അന്ത്യയാത്ര ആരംഭിക്കുക. ആ സമയത്താണ് രാജ്യം മുഴുവൻ ഒരു മിനിറ്റ് നേരം നിശബ്ദതയിലേക്കാഴുക.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത്, കഴിയാവുന്നത്ര ബന്ധുക്കൾക്ക് സംസ്കാര ചടങ്ങുകളിൽ പങ്കാളിത്തം ഉറപ്പാക്കുവാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കും. അമേരിക്കയിൽ നിന്നും ഹാരിയും തൊട്ടു തലേദിവസം എത്തിച്ചേരും. എന്നാൽ, യാത്രയൊഴിവാക്കുവാൻ നിർദ്ദേശം നിലവിലുള്ളതിനാൽ, ഗർഭിണിയായ മേഗൻ സംസ്കാര ചടങ്ങുകൾക്കായി എത്തുകയില്ല. സംസ്കാര ചടങ്ങുകൾ പൂർത്തിയായതിനു ശേഷം രണ്ടാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണവും ഉണ്ടായിരിക്കും.
ഫിലിപ്പ് രാജകുമാരന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധുക്കളും ഉൾപ്പടെ 30 പേർ മാത്രമായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കുക. തന്റെ പിതാവിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ചാൾസ് രാജകുമാരൻ ഇക്കാര്യം അറിയിച്ചത്. തന്റെ പിതാവ് വളരെ വിശിഷ്ടനായ ഒരു വ്യക്തിയായിരുന്നു എന്നു പറഞ്ഞ രാജകുമാരൻ അദ്ദേഹം എല്ലാ അർത്ഥത്തിലും എല്ലാ മേഖലകളിലും രാജ്ഞിയുടെ ഉത്തമനായ പങ്കാളി ആയിരുന്നു എന്നു പറഞ്ഞു.
വീഡിയോയിൽ വളരെയേറെ വികാരാധീനനായി കാണപ്പെട്ട ചാൾസ്, പിതാവിന്റെ വിയോഗം ഒരു തീരാനഷ്ടംതന്നെയാണെന്ന് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകമാസകലം ലക്ഷക്കണക്കിന് പേർ ദുഃഖിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പ് രാജകുമാരൻ എന്നും ആഗ്രഹിച്ചതുപോലെ തികച്ചും ലളിതമായ ചടങ്ങുകളായിരിക്കും സംസ്കാരത്തിനുണ്ടാവുക. എഞ്ചിനീയറിംഗിലും ഡിസൈനിംഗിലുമൊക്കെ അതീവ താത്പര്യമുണ്ടായിരുന്ന ഫിലിപ്പ് രാജകുമാരന്റെ നിർദ്ദേശപ്രകാരം രൂപഭേദഗതി വരുത്തിയ ഒരു ലാൻഡ് റോവറിലായിരിക്കും അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയിന്റ് ജോർജ്ജ് പള്ളിയിലേക്ക് കൊണ്ടുപോവുക.
വിൻഡ്സർ കാസിലിലെ മൈതാനത്തിലൂടെ സാവധാനംനീങ്ങുന്ന വാഹനത്തിൽ പുഷ്പഹാരങ്ങളോടൊപ്പം ഫിലിപ്പ് രാജകുമാരന്റെ നേവി ക്യാപ്പും വാളും ഉണ്ടായിരിക്കും. ഗ്രെനേഡിയർ ഗാർഡ്സിലുള്ള ഒരു സംഘം സൈനികരായിരിക്കും ശവമഞ്ചം വാഹനത്തിൽ എടുത്തുവയ്ക്കുക. പിന്നീട് എട്ടു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന അന്ത്യയാത്ര ആരംഭിക്കും. വാഹനത്തിനു തൊട്ടുപിന്നിലായി, ചാൾസ് രാജകുമാരനും മറ്റ് കുടുംബാംഗങ്ങളും കാൽനടയായി അനുഗമിക്കും.
ഏപ്രിൽ 9 മുതൽ ദേശീയ ദുഃഖാചരണം ആരംഭിച്ചിരിക്കുകയാണ് ഇത് സംസ്കാരം നടക്കുന്ന ദിവസം വരെ നീണ്ടുനിൽക്കും. യഥാർത്ഥത്തിൽ 800 പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നായിരുന്നു ഉദ്ദെശിച്ചിരുന്നത്. എന്നാൽ ഫിലിപ്പ് രാജകുമാരന്റെ ആഗ്രഹപ്രകാരം ചടങ്ങുകൾ ലളിതമാക്കുകയായിരുന്നു. വളരെക്കാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സന്തതസഹചാരിയും ആയിരുന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ബ്രിഗേഡിയർ ആർച്ചി മില്ലർ ബേക്ക്വെൽ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന കാര്യം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുപക്ഷെ, ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച രാജകുടുംബാംഗമല്ലാത്തെ ഒരേയൊരു വ്യക്തി അദ്ദേഹമായിരിക്കാം.
സംസ്കാരാനന്തരം രാജകുടുംബം രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണത്തിൽ ഭാഗഭാഗാവും. ജീവിതത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുവാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കേ, തികച്ചും ശാന്തനായി, തന്റെ ഉറക്കത്തിനിടയിലായിരുന്നു രാജകുമാരൻ വിടവാങ്ങിയത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ സൈനിക വിഭാഗങ്ങൾ 41 ആചാരവെടി മുഴക്കി അദ്ദേഹത്തിന് അന്തിമാഞ്ജലി അർപ്പിച്ചിരുന്നു. ജനം കൂട്ടം കൂടുമെന്ന് ഭയന്ന് ദീർഘമായ അന്ത്യയാത്ര ഒഴിവാക്കുകയായിരുന്നു. പകരം അത് വിൻഡ്സർ കാസിലനകത്ത് മാത്രമായി ഒതുക്കി. എന്നിരുന്നാലും അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും.
ഇംഗ്ലീഷ് ഫൂട്ട്ബോൾ ലീഗിൽ അടുത്ത ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് വച്ചിരുന്ന എല്ലാ കളികളും നീട്ടിവച്ചതായി അധികൃതർ അറിയിച്ചു.
മറുനാടന് ഡെസ്ക്