ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ മകൾ എന്നവകാശപ്പെട്ട് 33-കാരി തത്സമയം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന് തന്നെ മൂന്നുവർഷത്തോളം ദുബായിൽ മയക്കുമരുന്ന് കുത്തിവെച്ച് തടവിലിട്ടുവെന്നും പിന്നീടൊരു ഫ്രഞ്ച് ചാരന്റെ സഹായെേത്താ രക്ഷ്‌പെട്ട താൻ ഇപ്പോൾ ഇന്ത്യൻ തീരത്തിനടുത്ത് ഒരു യാട്ടിൽ കഴിയുകയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ഷെയ്ഖ് ലത്തീഫ മുഹമ്മദ് അൽ മക്തൂം എന്ന ഈ യുവതി ഷെയ്ഖ് മുഹമ്മദിന് ആറ് ഭാര്യമാരിലായുണ്ടായ 30 മക്കളിലൊരാളാണെന്ന് അവകാശപ്പെടുന്നു.

അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അതിനായി തന്റെ അഭിഭാഷകൻ മുഖേന ശ്രമിച്ചുകൊണ്ടിരിക്കുയാണെന്നും ഷെയ്ഖ് ലത്തീഫ പറയുന്നു. ഇവരുടെ അവകാശവാദങ്ങളെക്കുറിച്ച് ദുബായ് ഭരണകൂടം പ്രതികരിച്ചിട്ടില്ലെങ്കിലും തന്റെ ദുബായ് ഐഡന്റിറ്റി കാർഡുകൾ ലത്തീവ ലൈവിനിടെ കാണിക്കുന്നുണ്ട്.

2000 മുതൽക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും ഡ്രൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ലെന്നും ഷെയ്ഖ് ലത്തീവ പറയുന്നു. അന്നുമുതൽ തന്റെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കപ്പെട്ടിരുന്നു. ലോകത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവും സർവ സ്വാതന്ത്ര്യവുമുള്ള നാടായ ദുബായിൽ ഷെയ്ഖ് ലത്തീഫയെ മാത്രമെന്തിനാണ് പൂട്ടിയിട്ടതെന്ന് വ്യക്തമല്ല. ഇപ്പോൾ യു.എ.ഇ. വിട്ടെങ്കിലും താൻ അപകടത്തിൽനിന്ന് മുക്തയായിട്ടില്ലെന്ന് അവർ പറയുന്നു. എന്നാൽ, തന്നെ സഹായിക്കാൻ ധാരാളം ആളുകുണ്ടെന്നും അവരുടെ സഹായത്തോടെയാണ് യാട്ടിൽ കഴിയുന്നതെന്നും അവർ അയച്ച സന്ദേശങ്ങളിലൊന്നിൽ പറയുന്നു.

68-കാരനായ ഷെയ്ഖ് മുഹമ്മദിന്റെ കുടുംബത്തെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ രഹസ്യമായാണ് രാജ്യം സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ലത്തീഫയുടെ അവകാശവാദങ്ങൾ പരിശോധിക്കാൻ ഏറെ മാർഗങ്ങളുമില്ല. ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരിൽ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് തന്റെ അമ്മയെന്ന് ലത്തീഫ അവകാശപ്പെടുന്നു. തനിക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ടെന്നും അവർ പറയുന്നു. രാജ്യം വിട്ടശേഷം സോഷ്യൽ മീഡിയ ഉപയോഗി്ക്കാത്തതിനാൽ, പ്രൊഫൈൽ ഇല്ലെന്നും അവർ പറയുന്നു.

സ്വന്തം പാസ്‌പോർട്ട് സൂക്ഷിക്കാൻ പോലും അനുവാദമില്ലാതിരുന്ന തനിക്ക്, പുറത്തുപോവണമെങ്കിൽ ഭരണകൂടം അനുവദിച്ചിട്ടുള്ള ഡ്രൈവറെ കൂടെക്കൂട്ടണമായിരുന്നുവെന്ന് ലത്തീഫ പറയുന്നു. 2000-നുശേഷം ദുബായ് വിട്ട് എവിടേക്കും പോയിട്ടില്ല. 16-ാം വയസ്സിൽ രാജ്യം വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. പിന്നീട് എല്ലാവരെയും സംശയത്തോടെയാണ് താൻ കണ്ടതെന്നും വളർത്തുമൃഗങ്ങൾക്കൊപ്പമായിരുന്നു പിന്നീടുള്ള ജീവിതമെന്നും അവർ പറയുന്നു.

മെച്ചപ്പെട്ടൊരു ജീവിതം നയിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ രംഗത്തുവരുന്നതെന്ന് ലത്തീഫ പറഞ്ഞു. വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് ദുബായിലെ മനുഷ്യാവകാശ സംഘടനയായ ഡീറ്റെയിൻഡുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ പക്കൽ ലത്തീഫയുടെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പുണ്ട്. അതിലവർ രാജകുടുംബാംഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലത്തീഫയെ കണ്ടെത്താൻ ഡീറ്റെയിൻഡ് സ്‌കോട്ട്‌ലൻഡ് പൊലീസിന്റെ സഹായം തേടിയിരുന്നു.

രണ്ടാഴ്ച മുമ്പ് ലത്തീഫയിൽനിന്ന് ഒരു ഇ-മെയിൽ ഡീറ്റെയിൻഡിന് കിട്ടുന്നതോടെയാണ് സംഭവം പുറംലോകത്തെത്തുന്നത്. തന്നെ സഹായിക്കണമെന്നും അവിടെ പുറത്ത് ആണുങ്ങളുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതേത്തുടർന്ന് ഡീറ്റെയിൻഡ് അന്വേഷണോദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അതിനിടെയാണ് വീഡിയോയിലൂടെ ലത്തീഫ സ്വയം പ്രത്യക്ഷപ്പട്ടത്. വീഡിയോയ്ക്കുശേഷം ലത്തീഫയിൽനിന്ന് യാതൊരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.