- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാനയുടെ അവസാന നാളുകൾ അക്കമിട്ടു നിരത്തി പുതിയ പുസ്തകം; ആംബുലൻസിൽ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സ്കോട്ട്ലാൻഡ് യാർഡ് ചാൾസിനെ ചോദ്യം ചെയ്തു; വഴിത്തിരിവായത് ചാൾസ് തന്നെ കൊന്നേക്കുമെന്ന് ഡയാന എഴുതിയ കത്ത്
ലണ്ടൻ: ജീവിതം എന്തായിരിക്കണമെന്നും എന്താകരുതെന്നും ഒരുപോലെ തെളിയിച്ച ജീവിതമാണ് ഡയാന രാജകുമാരിയുടെത്. സമ്പന്നതയുടേ നടുവിൽ ജനിച്ചുവീണു. ലോകം ബഹുമാനിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമകളായി കയറിച്ചെന്നു. രണ്ട് മിടുക്കന്മാർക്ക് അമ്മയായി. ഒരുപക്ഷെ ആധുനിക ലോകത്തിലെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജീവിതം തന്നെയായിരുന്നു അത്. എന്നിട്ടും പാതിവഴിയിൽ അത് പൊലിഞ്ഞുപോയി, അതും വെറും മുപ്പത്തിയാറാം വയസ്സിൽ.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടേയും മറ്റും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു,. പക്ഷെ സ്വന്തം ഭർത്താവിന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്ന ഭയവും ഉള്ളിലൊതുക്കി ജീവിക്കേണ്ട ദുരവസ്ഥ. അവസാനം ഒരു കാറപകടത്തിൽ പൊലിഞ്ഞ ജീവൻ, പക്ഷെ ഇന്ന് രണ്ടരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഏറെ വാർത്താപ്രാധാന്യം നേടുന്നു. മനുഷ്യജീവിതത്തിലെ ഏറ്റവും ഉന്നതമായ നേട്ടങ്ങളും, ഏറ്റവും മോശപ്പെട്ട കോട്ടങ്ങളും ഒരുപോലെ സംയോജിപ്പിച്ച ഒരു ജീവിതം, അതായിരുന്നു ഡയാന രാജകുമാരിയുടെത്.
ഇപ്പോൾ ഡയാനയുടെ അവസാന നാളുകൾ പുസ്തകമാവുകയാണ്. അതിൽ ഏറ്റവും അധികം വിവാദം സൃഷ്ടിച്ചിരിക്കുന്നത്, തന്റെ ഭർത്താവ് ചാൾസ് രാജകുമാരൻ ഏതുനിമിഷവും തന്നെ കൊല്ലും എന്ന ഭീതിയോടെയാണ് രാജകുമാരി ജീവിച്ചിരുന്നത് എന്ന കാര്യമാണ്. മരണമടയുന്നതിന് രണ്ടു വർഷം മുൻപ് താനുമായി പ്രത്യേക ബന്ധം കാത്തുസൂക്ഷിച്ചിരുന്ന തന്റെ പാചകക്കാരന് ഡയാന സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡയാനയുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ മുതൽ, ഇതിൽ ഗൂഢാലാചനയുണ്ടെന്ന വാദമുയർത്തിയ പ്രമുഖരെ വരെ കണ്ടെത്തി സംസാരിച്ചിട്ടാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതെന്നാണ് അവകശവാദം. ഇതിനിടയിലാണത്രെ ഇത്തരത്തിലുള്ള ഒരു കത്ത് ലഭിച്ചത്. തന്നെ ചാൾസ് രാജകുമാരൻ ഏതുനിമിഷവും കൊല്ലുമെന്ന് ഡയാന അതിൽ പറയുന്നു. ഡയാനയുമായുള്ള വിവാഹബന്ധം നിലനിൽക്കുന്ന കാലത്തുപോലും ചാൾസുമായി ബന്ധം പുലർത്തിയിരുന്ന സ്ത്രീയാണ് കാമില. എന്നാൽ, കാമിലയേയും തന്നെ പോലെ ഒഴിവാക്കും എന്നാണ് കത്തിൽ ഡയാന പറയുന്നത്.
അന്ന് വില്യം രാജകുമാരനേയും ഹാരിയേയും പരിപാലിക്കാൻ എത്തിയ നാനിയായ ടിഗി ലെഗ്ഗെ-ബൂർക്കുമായിട്ടായിരിക്കും ചാൾസിന്റെ വിവാഹം എന്നാണ് ഡായാന അതിൽ പറയുന്നത്. ടിഗ്ഗി ചാൾസിൽ നിന്നും ഗർഭം ധരിച്ചുവെന്നും പിന്നീട് അത് അലസിപ്പിക്കുകയാണ് ഉണ്ടായതെന്നുമൊക്കെ അക്കാലത്ത് ചില കിംവദന്തികൾ പരന്നിരുന്നു. ഡയാനയായിരുന്ന് അവയുടെ സ്രോതസ്സ് എന്നാണ് ഈ കത്ത് തെളിയിക്കുന്നത്.
ഇതേ ടിഗ്ഗിയൂടെ കാര്യം തന്നെയായിരുന്നു ബി ബി സി പ്രവർത്തകൻ ബഷീർ, ഡയാനയുമായി കൂടുതൽ അടുക്കാനായി ഉപയോഗിച്ചത്. വ്യാജ ബാങ്ക് അക്കുണ്ട് രേഖകളും മറ്റും കാണിച്ച് ഡയാനയെക്കൊണ്ട് വിവാദ അഭിമുഖം ചെയ്യിച്ച ബഷീറിന്റെ പ്രവർത്തിയാണ് ഡയാനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് നേരത്തേ ഡയാനയുടെ സഹോദരൻ ആരോപിച്ചിരുന്നു.
ഡയാനയുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ കത്തും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാൾസ് രാജകുമാരനേയും ചോദ്യം ചെയ്തിരുന്നതായി പുസ്തകത്തിൽ പറയുന്നു. സെയിന്റ് ജെയിംസ് കൊട്ടാരത്തിന്റെ സ്വകാര്യതയിൽ വച്ചാണ് അന്ന് സ്കോട്ട്ലാൻഡ്യാർഡ് തലവനായിരുന്ന ലോർഡ് സ്റ്റീവെൻസ് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്തത്. ചാൾസ് തന്നെ കൊന്നേക്കുമെന്ന് ഡയാന കത്തിൽ എഴുതിയിരുന്നു. അത്തരത്തിലൊരു ഭയം ഉണ്ടാകാനുള്ള കാരണമായിരുന്നു പൊലീസ് അന്വേഷിച്ചത്.
എന്നാൽ, ചാൾസിനും അക്കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം കൊടുക്കാനായില്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം ആ ദിശയിൽ കൂടുതൽ നീളുകയുണ്ടായില്ല. ഏതായാലും മരണമടഞ്ഞ് രണ്ടര പതിറ്റാണ്ടോളം ആയിട്ടും ഡയാന ഇന്നും ജനമനസ്സിൽ നിലനിൽക്കുന്നു എന്നാണ് ഈ പുതിയ പുസ്തകവും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും പറയുന്നത്.
മറുനാടന് ഡെസ്ക്