തിരുവനന്തപുരം സംസ്ഥാനത്തെ 66 ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 56 ഇടത്തും പ്രിൻസിപ്പൽമാരില്ല. നിലവിൽ പ്രിൻസിപ്പൽമാരായ 4 പേർക്കു ഡപ്യൂട്ടി ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകി കഴിഞ്ഞദിവസം ഉത്തരവിറങ്ങി. അവർ കൂടി പോകുന്നതോടെ 60 കോളജുകളിൽ പ്രിൻസിപ്പൽ ഇല്ലാതാകും.പ്രിൻസിപ്പലായും പ്രഫസറായും നിയമിക്കുന്നതിനു യുജിസി കർശന വ്യവസ്ഥകൾ വച്ചതോടെ സീനിയർ അദ്ധ്യാപകർക്കു സ്ഥാനക്കയറ്റത്തിനു യോഗ്യതയില്ലാതായി. യോഗ്യതയുള്ള ജൂനിയർ അദ്ധ്യാപകരെ നിയമിക്കുന്നത് ഒഴിവാക്കാനായി നിയമന നടപടികൾ വർഷങ്ങളായി നീട്ടിക്കൊണ്ടുപോകുകയാണ്.

മുൻപ് അദ്ധ്യാപകരുടെ സീനിയോറിറ്റി അനുസരിച്ചായിരുന്നു പ്രിൻസിപ്പൽ നിയമനം. എന്നാൽ പുതിയ യുജിസി നിബന്ധനപ്രകാരം, യുജിസി അംഗീകൃത ജേണലുകളിൽ 10 ലേഖനങ്ങൾ, പ്രഫസർ പദവി, നിശ്ചിത അക്കാദമിക് പെർഫോമൻസ് ഇൻഡക്‌സ് എന്നീ യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാനാകൂ. ഈ മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞവർഷം ഗവ. കോളജുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ യോഗ്യതയുള്ള മുപ്പതോളം പേരെ മാത്രമാണു കണ്ടെത്താനായത്. അവരെ നിയമിക്കുന്ന ഘട്ടമായപ്പോൾ സീനിയോറിറ്റി മറികടക്കുന്നുവെന്ന പേരിൽ എതിർപ്പുയർന്നു.

യുജിസി മാനദണ്ഡം പാലിച്ചുകൊള്ളാമെന്നു സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യതയിൽ വെള്ളം ചേർക്കുന്നതിനെ അന്നത്തെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എതിർത്തു. ഫലത്തിൽ, 2018 നു ശേഷം ഗവ.കോളജുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല.യുജിസി നിബന്ധനപ്രകാരം ഗവ.കോളജുകളിൽ പ്രഫസർ നിയമനത്തിനും സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ അപേക്ഷിക്കേണ്ട തീയതി കാരണം പറയാതെ നീട്ടിക്കൊണ്ടിരിക്കുകയാണ്.

അദ്ധ്യാപകർക്കു ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനാണു സമയം നീട്ടിക്കൊടുക്കുന്നതെന്നും യുജിസി അംഗീകൃത ജേണലുകളിൽ 10 ലേഖനങ്ങളെന്ന വ്യവസ്ഥയിൽ വെള്ളം ചേർക്കാനാണു സർക്കാർ ശ്രമമെന്നും ആരോപണമുണ്ട്.എയ്ഡഡ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനും യുജിസി നിബന്ധന ബാധകമാണ്. ഇതു നടപ്പാക്കേണ്ടതു സർവകലാശാലകളാണ്.

സർവകലാശാലകളുടെ തീരുമാനം വൈകിയതിനാൽ അവിടെയും നിയമനം നീളുന്നു. ഇതിനിടെ ചില ന്യൂനപക്ഷ കോളജുകൾ സ്വന്തം നിലയിൽ പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടുണ്ട്.കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ 75 കോളജുകളാണുള്ളത്. 66 ആർട്‌സ് ആൻഡ് സയൻസ് കോളജുകൾക്കു പുറമേ 4 വീതം മ്യൂസിക്, ട്രെയിനിങ് കോളജുകളും ഒരു ഫിസിക്കൽ എജ്യുക്കേഷൻ കോളജുമുണ്ട്.എയ്ഡഡ് കോളേജുകളുടെ അവസ്ഥയും മറ്റൊന്നല്ല. 70 % എയ്ഡഡ് കോളജുകളിലും പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

ഇനി സ്‌കുളുകളുടെ കാര്യമെടുത്താൽ അവിടെയും സ്ഥിതി വ്യത്യസ്ഥമല്ല.സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ സ്‌കൂളുകളിലും പ്രധാനാധ്യാപകരില്ല. 1702 സർക്കാർ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാധ്യാപക നിയമനം നിയമക്കുരുക്കിൽപ്പെട്ടു മുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.

4568 സർക്കാർ പ്രൈമറി സ്‌കൂളുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലേക്കു മാറ്റിയിരിക്കുകയാണ്. ഇരുപതോളം സർക്കാർ ഹൈസ്‌കൂളുകളിലും പ്രധാനാധ്യാപകരില്ല. ഇരുനൂറിലേറെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല.