കൊച്ചി: നടി പാർവതിക്കെതിരെ സൈബർ ലോകത്ത് മോശം പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മമ്മൂട്ടി ആരാധകൻ പ്രിന്റോക്ക് ജാമ്യം ലഭിച്ചു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ എടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. ഇതോടെ ഒരു ദിവസം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി യുവാവിന്. ഇതിന് ശേഷം മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ മുൻ നേതാവ് ഇടപെട്ടാണ് ജാമ്യം ലഭിച്ചത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രിന്റോ തന്നെ പൊലീസ് അറസ്റ്റു ചെയ്ത രീതിയെ വിമർശിച്ചു. വെളുപ്പിന് മൂന്നുമണിയോടുകൂടി ഉറങ്ങികിടക്കുകയായിരുന്ന തന്നെഒരു വണ്ടി പൊലീസെത്തി വീടുവളഞ്ഞ് അറസ്്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രിന്റോ പറഞ്ഞു. അതിരാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതാനാൽ ജാമ്യമെടുക്കാൻ പോലും ആളില്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നെന്നും പ്രിന്റോ പഞ്ഞു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ് എന്നു പറഞ്ഞതിനു ശേഷം ഇന്നലെ വൈകിട്ടോടുകൂടി പ്രിന്റോയ്ക്ക് ജാമ്യവും ലഭിച്ചു.സെക്ഷൻ 67-അ അനുസരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീലചുവയുള്ള പോസ്്റ്റ് എഴുതി എന്നാരോപണം പ്രിന്റോയ്ക്ക എതിരെ ചുമത്തിയിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ പൊലീസ് കൊലയാളിയെ എന്ന പോലെ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നുമാണ് പ്രിന്റോ പറയുന്നത്.

പാർവതിക്കെതിരെ കമന്റ് ഇട്ടവർ കണ്ടം വഴി ഓടിയൊളിച്ചോളാൻ പറഞ്ഞുകൊണ്ട് നിരവധിപേർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ മാതാപിതാക്കളും മുൻ മമ്മൂട്ടി ഫാൻസുകാരും ഇടപെട്ട് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇതോടെ കേസിൽ പ്രതിയായ പ്രിന്റോക്ക് കോടതി ജാമ്യം നൽകി വിട്ടയച്ചു. പാർവതി വിവാദത്തിൽ മോശം പോസ്റ്റിന്റെ പേരിൽ നിർമ്മാതാക്കൾക്കും സംവിധായകർക്കുമെതിരെ ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായില്ലെന്നും പ്രിന്റോയുടെ ബന്ധുക്കളും ആരോപിക്കുന്നു.

അതിനിടെ നടിമാരായ പാർവതി, റിമ കലിങ്കൽ, ഗീതുമോഹൻദാസ് എന്നിവർക്കെതിരേ നടക്കുന്ന െസെബർ ആക്രമണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയവും പൊലീസിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പൊലീസ്. ഫേസ്‌ബുക്കിൽ നൂറുകണക്കിനു കമന്റുകളാണ് പാർവതിക്കെതിരായി ഉണ്ടായത്. ഇത്തരം അഭിപ്രായ ആക്രമണങ്ങൾക്കുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണു പരിശോധിക്കുന്നത്.

ആരെങ്കിലും പദ്ധതി തയാറാക്കിയതിനനുസൃതമായാണോ ഇത്തരം സംഘടിത ആക്രമണം ഒരുമിച്ചുണ്ടായിയെന്നതാണ് പരിശോധിക്കുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. സിനിമകളുടെ പ്രമോഷനുകളുടെ ഭാഗമായി ഫാൻസ് അസോസിയേഷനുകൾ സംഘടിതമായി സിനിമ വിജയിപ്പിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ആവശ്യമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും നീക്കമുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധനിലപാടിനെക്കുറിച്ച് പാർവതി പരാമർശം നടത്തിയത്. ഇതോടെയാണ് മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയ വഴി അക്രമണം തുടങ്ങിയത്. പാർവതിയെ അനുകൂലിച്ച് റീമ കലിങ്കലും ഗീതുമോഹൻദാസും എത്തിയിരുന്നു. ഇതോടെ ഇവർക്കെതിരേയും കമന്റുകൾ നിറഞ്ഞു. ആക്രമണങ്ങൾ െലെംഗികമായി അധിക്ഷേപത്തിലേക്കു കൂടി തിരിഞ്ഞതോടെയാണ് പാർവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

മമ്മൂട്ടിയുടെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ സജീവ പ്രവർത്തകരാരും ഇത്തരത്തിൽ പോസ്റ്റുകൾ ഇടരുതെന്ന് മുൻപേ നിർദ്ദേശം കൊടുത്തിട്ടുണ്ട്. എന്നാൽ അസോസിയേഷനുള്ളിൽ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവർ പ്രതികരിച്ചാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

ചലച്ചിത്രോൽസവ വേദിയിൽ മമ്മൂട്ടി ചിത്രം കസബയെക്കുറിച്ച് നടി പാർവതി നടത്തിയ പരാമർശം ആളിപുകയുകയാണ്. വിവാദത്തിന് പിന്നാലെ തനിക്കെതിരേ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് നടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലും ഡിജിപിക്കും പാർവ്വതി പരാതി നൽകിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് പ്രിന്റോ എന്ന യുവാവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയിരക്കണക്കിനാളുകളാണ് പാർവതിയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകൾ ഷെയർ ചെയ്തത്.