- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറന്ന് പ്രിസം ഓൺലൈൻ സംഗമം; മലേഷ്യ, യു.എ.ഇ, ഖത്തർ രാജ്യങ്ങളിലെ സംരംഭകർ പങ്കെടുത്തു
തിരുവനന്തപുരം: കേരളത്തിന്റെ തുറമുഖ വ്യാവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെ സംരംഭകർക്കു മുന്നിൽ അവതരിപ്പിച്ചും തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കു വെളിച്ചം പകർന്നും പ്രിസം ഓൺലൈൻ നിക്ഷേപ സംഗമം സമാപിച്ചു. മലേഷ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമായി നിരവധി സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. കേരള മാരിടൈം ബോർഡ് അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത പദ്ധതികൾക്കു നിക്ഷേപകരിൽ നിന്നു വൻ സ്വീകാര്യതയാണു ലഭിച്ചത്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ അമൂല്യമാണെന്നും ഇതിനെ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി ഉപയോഗപ്പെടുത്തി നിക്ഷേപവും തൊഴിൽ സാധ്യതയും വർധിപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ അധ്യക്ഷത വഹിച്ചു. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, കേരള മാരിടൈം ബോർഡ് സിഇഒ എച്ച്. ദിനേശ്, മലബാർ പോർട്സ് ലിമിറ്റഡ് എംഡി എൻ. രാധാകൃഷ്ണൻ, വിസിൽ സിഇഒ. ഡോ.ജയകുമാർ, മാരിടൈം ബോർഡ് മുൻ സിഇഒ. സലിംകുമാർ, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായ പി.റ്റി. ജോയി, സി.പി അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് എറണാകുളത്തു സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിന് മുന്നോടിയായിട്ടാണു പ്രിസം സംഘടിപ്പിക്കപ്പെട്ടത്.