തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് അവരുടെ അടുത്ത ബന്ധുക്കൾക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകാനാണ് മന്ത്രിസഭ ഇന്ന്തീരുമാനിച്ചത്. ഇതനുസരിച്ച് 2014ലെ ജയിലുകളും സാന്മാർഗ്ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം. തടവുകാരൻ ആശുപത്രിയിൽ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കണം. അവയവദാതാവയ തടവുകാരന്റെ ആശുപത്രിചെലവ് ജയിൽവകുപ്പ് വഹിക്കേണ്ടതാണ്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് തടവുകാരന്റെ ഭക്ഷണക്രമവും ജയിൽ അധികൃതരുടെ ചുമതലയായിരിക്കും.

അവയവദാനം നടത്തിയെന്ന കാരണത്താൽ തടവുകാരന് ശിക്ഷാ കാലാവധിയിൽ ഒരുവിധ ഇളവിനും അർഹതയുണ്ടാവില്ല. ഈ സർക്കാർ തീരുമാനത്തിന് പിന്നിൽ കണ്ണൂർ സെന്ററൽ ജയിലിലെ തടവുകാരന്റെ കണ്ണീരും ഒപ്പം ജയിൽ മേധാവി ആർ ശ്രീലേഖയുടെ പ്രയത്നവും ഉണ്ട്. തടവുകാർക്കു കൂടി അവയവദാനത്തിന് അവസരമൊരുക്കണമെന്നും ഇതിന് പൊതു മാർഗ നിർദ്ദേശം വേണമെന്നും ആവിശ്യപ്പെട്ട് ജയിൽ വകുപ്പ് രണ്ടു പ്രാവിശ്യം ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു.

നാലഞ്ച് വർഷം മുൻപു നടത്തിയ ഈ നീക്കം മുളയിലെ തന്നെ നുള്ളപ്പെട്ടു. പിന്നീട് ജയിൽ മേധാവിയായി ആർ ശ്രീലേഖ എത്തുമ്പോൾ വീണ്ടും ഇതേ ആവിശ്യം അവർക്ക് മുന്നിലെത്തി.നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരൻ വൃക്ക രോഗിയായ ബന്ധുവിന് കിഡ്നി ദാനം ചെയ്യാൻ അനുവദിക്കണമെന്ന് സുപ്രണ്ട് വഴി ജയിൽ മേധാവിക്ക് അപേക്ഷ നൽകി. തിരുവനന്തപുരം സെന്ററൽ ജയിലിൽ നിന്നും സമാനമായി ഒരു അപേക്ഷ കിട്ടി. തടവുകാരുടെ മഹാമനസ്‌കതയും കാരുണ്യത്തിനുള്ള താൽപര്യവും വൃക്ക രോഗികളുടെ യഥാർത്ഥ കഥയും ദുരിതവും മനസിലാക്കിയ ആർ ശ്രീലേഖ പഴയ ഫയൽ വീണ്ടു പൊടി തട്ടി എടുപ്പിച്ചു.

ആഭ്യന്തര വകുപ്പ് ചോദിച്ച വിശദീകരണത്തിന് വ്യക്തമായ മറുപടി തയ്യാറാക്കി. ഒപ്പം കണ്ണൂർ സെന്റട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ പി. സുകുമാരന്റെ അനുഭവവും ഫയലിനൊപ്പം കുറിച്ചു. തന്റെ ഒരു വൃക്ക ദാനം ചെയ്യുന്നതിന് സുകുമാരൻ അനുമതി ചോദിച്ചിരുന്നു. എന്നാൽ അതിന്മേൽ തീരുമാനം എടുക്കും മുമ്പ് വൃക്ക സ്വീകരിക്കേണ്ട രോഗി മരണപ്പെടുകയുണ്ടായി. ഇത്തരം സാഹചര്യം ഒഴിവാക്കാൻ അടിയന്തിര നടപടി ആവിശ്യമാണന്നും ഫയലിൽ കുറിച്ചു.

ഫയൽ ആഭ്യന്തര വകുപ്പിലേക്ക് അയച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമടക്കം ഡിജി പി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഇതേ തുടർന്നാണ് സർക്കാർ നടപടികൾ വേഗത്തിലാക്കി ഇക്കാര്യത്തിൽ മാർഗരേഖ ഉണ്ടാക്കിയതും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതും. സർക്കാർ തീരുമാന പ്രകാരം ഉടൻ ഗുണം കിട്ടുന്നത് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനാണ്.

അടുത്ത ബന്ധുവിന് വൃക്കദാനം ചെയ്യാൻ അനുമതി ആവിശ്യപ്പെട്ടുള്ള ഈ തടവുകാരന്റെ അപേക്ഷ ഇപ്പോൾ ജയിൽ വകുപ്പിന്റെ പരിഗണനയിലാണ്. തിരുവനന്തപുരം സെന്ററൽ ജയിലിലെ ഒരു തടവുകാരൻ സമാന അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അയാൾ ജയിൽ മോചിതനായി.