- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾ
കൊച്ചി: ബറോസിലെ നടീ നടന്മാർ അടിമുടി മാറും. പൃഥ്വിരാജ് അടക്കം സിനിമയിൽ നിന്ന് പിന്മാറുന്ന സാഹചര്യത്തിലാണ് ഇത്. ഒറ്റ ഷെഡ്യൂളിൽ മൂന്ന് മാസം കൊണ്ട് ബറോസ് പൂർത്തിയാക്കാനാണ് മോഹൻലാലിന്റെ പദ്ധതി. ഈ സാഹചര്യത്തിലാണ് പൃഥ്വിയുടെ പിന്മാറ്റവും. മോഹൻലാൽ ബറോസ് പൂർത്തിയാക്കുമ്പോൾ ആടുജീവിതം പൂർത്തിയാക്കി ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാന്റെ അണിയറ പ്രവർത്തനങ്ങൾ പൃഥ്വി പൂർത്തിയാക്കും. ബറോസിന് ശേഷം എമ്പുരാൻ എന്നതാണ് പൃഥ്വിയുടെ ചിന്ത.
ആടുജീവിതം പൂർത്തിയാക്കുകയെന്നതാണ് പൃഥ്വിയുടെ പ്രധാന ലക്ഷ്യം. അതിന് ശേഷം കാളിയൻ എന്ന ചിത്രവും പൃഥ്വിക്ക് മുമ്പിലുണ്ട്. അഭിനയ ജീവിതത്തിലെ അതിർനിർണ്ണായക കഥാപാത്രമാകും കാളിയൻ എന്നാണ് പൃഥ്വിയുടെ വിലയിരുത്തൽ. കോവിഡ് കാരണമാണ് കാളിയൻ നടക്കാതെ പോയത്. അതിന് മുമ്പ് തുടങ്ങിയതാണ് ആടുജീവിതം. ആടുജീവതത്തിനായി രൂപത്തിൽ പോലും പൃഥ്വിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനിടെ മറ്റൊരു സിനിമയിൽ പൃഥ്വിക്ക് അഭിനയിക്കുക അസാധ്യമാണ്. പൃഥ്വിക്ക് പകരമല്ല ഗുരു സോമസുന്ദരത്തെ ബറോസിലേക്ക് മോഹൻലാൽ ക്ഷണിക്കുന്നത്.
ഡേറ്റ് പ്രശ്നങ്ങൾ മൂലം ബറോസിൽ നിന്നും മാറുകയായിരുന്നു പൃഥ്വിരാജ്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഷാജി കൈലാസ് ചിത്രം 'കടുവ'യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ബറോസിൽ ഉണ്ണി മകുന്ദനാകും ബറോസിലെ പകരക്കാരൻ എന്ന ചർച്ചയും സജീവമാണ്. മോഹൻലാലും ഉണ്ണി മുകുന്ദനും പൃഥ്വിയും ചേർന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ.
ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് 'ബറോസിൽ' നിന്നും പൃഥ്വി പിന്മാറാൻ തീരുമാനിച്ചത്. കോവിഡ് സാഹചര്യങ്ങളാൽ 'ബറോസിന്റെ' ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോൾതന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി മാറിയതടക്കമാണ് കാരണം. ഈ സാഹചര്യത്തിലാണ് പൃഥ്വിയുടെ പിന്മാറ്റം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥകൂടിയാണ് ബറോസ് പറയുന്നത്.
ഭൂതമായി മോഹൻലാലും പെൺകുട്ടിയായി ഷെയ്ല മാക് കഫ്രിയുമാണ് അഭിനയിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്ബോൾ ഷെയ്ല ലാലിനൊപ്പമില്ല. 'ബറോസിന്റെ കാസ്റ്റിങ് നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്ല മാക് കഫ്രി. അവളേറെ വളർന്നിരിക്കുന്നു. സ്വാഭാവികമായും ഷെയ്ലയ്ക്ക് പകരക്കാരിയെ കണ്ടെത്തണമായിരുന്നു.' മോഹൻലാൽ തന്നെ കാസ്റ്റിങ് ചെയിഞ്ചിന്റെ കാര്യം തുറന്നു സമ്മതിച്ചിരുന്നു. മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്.
ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛൻ ബ്രിട്ടീഷ് പൗരനാണ്. ലാലിന്റെയും മായയുടെയും കോമ്പിനേഷൻ സീനുകളാണ് ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നതും. ഒരു മാസത്തോളം നവോദ സ്റ്റുഡിയോയിൽ ഷൂട്ടിങ് ഉണ്ടാകും. പിന്നീട് ഗോവയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സന്തോഷ് ശിവനാണ് ഈ ത്രിമാനചലച്ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്. സന്തോഷ് രാമന്റെ നേതൃത്വത്തിൽ കൂറ്റൻ സെറ്റുകളാണ് നവോദയിലും ഗോവയിലുമായി പൂർത്തിയാക്കിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ