- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സിന്തറ്റിക് ഡ്രഗ് എത്തുന്ന രഹസ്യ വിവരം കിട്ടിയത് തിരുവനന്തപുരത്തെ എക്സൈസ് ഇന്റലിജൻസിന്; പോസ്റ്റോഫീസിലെ പാഴ്സൽ പരിശോധനയ്ക്ക് കസ്റ്റംസിനെ കൂട്ടാൻ നിർദ്ദേശിച്ചത് കമ്മീഷണർ; രണ്ട് പാക്കറ്റുകളിൽ 'സാധനം' കണ്ടെത്തിയത് നിർണ്ണായകമായി; പൃഥ്വിരാജിന്റെ പേരിലെ ഫ്ളാറ്റിൽ റെയ്ഡ് നടന്ന കഥ
കൊച്ചി: ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വിദേശത്ത് നിന്നും ലഹരി കടത്തിയ കേസിൽ പിടിയിലായ കോഴിക്കോട് സ്വദേശി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നടൻ പൃഥ്വി രാജിന്റെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന പുനലൂർ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി കെ. ഫസലു, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആദിത്യൻ എന്നിവരെ രണ്ടാഴ്ച മുൻപാണ് എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഫസലുവിനെ ചോദ്യം ചെയ്തതോടെയാണ് പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33)യും വിദേശത്ത് നിന്നും ലഹരി ഫോറിൻ പോസ്റ്റ് ഓഫീസ് വഴി എത്തിച്ചിരുന്നതായി വിവരം ലഭിച്ചത്. തിരുവനന്തപുരത്തെ എക്സൈസ് സ്‌ക്വാഡിനാണ് വിദേശ തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴി വ്യാപകമായി ലഹരി കേരളത്തിലെത്തുന്നു എന്ന് വിവരം ലഭിച്ചത്. സ്‌ക്വാഡ് പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ 60 പാഴ്സലുകൾ കണ്ടെത്തി.
ഉച്ച തിരിഞ്ഞ സമയമായതിനാൽ മുഴുവൻ പാഴ്സലുകളും പരിശോധിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല എന്നതിനാലും കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞെത്തിയ പാഴ്സലുകളായതിനാൽ അവരുടെ സാന്നിധ്യം കൂടി വേണമെന്നുമുള്ള തീരുമാനത്തിൽ അടുത്ത ദിവസത്തേക്ക് പരിശോധന മാറ്റി വച്ചു. തുടർന്ന് എക്സൈസ് കമ്മീഷ്ണർ എ.അനന്തകൃഷ്ണൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം കസ്റ്റംസിന് കത്ത് നൽകി അടുത്ത ദിവസം തന്നെ പാഴ്സലുകൾ പരിശോധിച്ചു. ആഫ്രിക്ക, ഒമാൻ, ഖത്തർ, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്നും എത്തിയ പാഴ്സലുകളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.
പാഴ്സലുകൾ വന്ന വിലാസം തേടിയുള്ള അന്വേഷണത്തിലാണ് കെ.ഫസലുവും ആദിത്യനും പിടിലാകുന്നത്. ഫസലുവിന്റെ കേഴിക്കോട്ടെ വീട്ടിൽ നിന്നും മയക്കു മരുന്ന് ലഭിച്ചു. എന്നാൽ ആദിത്യന്റെ വീട്ടിൽ നിന്നും മയക്കു മരുന്ന് ലഭിച്ചില്ല. എങ്കിലും മുൻപ് മയക്കു മരുന്ന് കേസിൽ പെട്ടതിനാലും ഇയാളുടെ പേരിൽ പാഴ്സലുകൾ വന്നിരുന്നതിനാലും പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫസലുവിന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പുനലൂർ സ്വദേശിയായ നുജൂം സലീംകുട്ടിക്കും ലഹരി മരുന്ന് പാഴ്സലായി എത്തിയിരുന്നു എന്ന് വിവരം ലഭിക്കുന്നത്.
തുടർന്ന് പോസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച വിലാസം പരിശോധിച്ചപ്പോൾ നടൻ പൃഥ്വിരാജിന്റെ ഫ്ളാറ്റാണെന്ന് മനസ്സിലാക്കി. ഈ വിവരം എക്സൈസിലെ എറണാകുളത്തെ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ റെയ്ഡ് നടത്തുന്ന വിവരം രഹസ്യമാക്കി വക്കണമെന്ന് നിർദ്ദേശം കിട്ടി. ഇതേ സമയം തന്നെ പുനലൂരിലെ വീട്ടിൽ നിന്നും നുജൂമിനെ കൊല്ലം എക്സൈസ് കസ്റ്റഡിയിലെടുത്ത് എറണാകുളത്തേക്ക് എത്തിച്ചു. തുടർന്ന് നടന്റെ തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്ളാറ്റിൽ റെയ്ഡ് നടത്തുകയായിരുന്നു.
റെയ്ഡിൽ കൊക്കെയ്നും ഹഷീഷും എൽഎസ്ഡിയും കണ്ടെത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. എങ്കിലും വിവരങ്ങൾ പുറത്തു വിടാൻ എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. യാതൊരു കാരണവശാലും പ്രതിയുടെ ചിത്രങ്ങളോ, നടന്റെ പേരോ മാധ്യമങ്ങൾക്ക് ചോർന്നു പോകരുതെന്നും കർശന നിർദ്ദേശം നൽകി. എങ്കിലും ചില മാധ്യമങ്ങൾ അവരുടെ സോഴ്സ് ഉപയോഗിച്ച് അറസ്റ്റ് നടന്ന വിവരം വാർത്ത കൊടുത്തെങ്കിലും നടന്റെയോ പ്രതി താമസിച്ചിരുന്ന ഫ്ളാറ്റിന്റെയോ പേരു വിവരങ്ങൾ നൽകിയില്ല.
തുടർന്ന് മറുനാടൻ കഴിഞ്ഞ ദിവസം വിശദാംശങ്ങൾ അടക്കം വാർത്ത നൽകിയതോടെയാണ് എക്സൈസ് മൂടിവച്ച കേസിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. ഇത് എറണാകുളം എക്സൈസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെതിരെ എക്സൈസിൽ അമർഷം പുകയുന്നുണ്ട്.
കസ്റ്റംസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കോഴിക്കോട് നടത്തിയ പരിശോധനയിൽ 1.435 കിലോ ഹഷീഷും 83 എൽഎസ്ഡിയും കൊക്കെയ്നുമാണു പിടിച്ചെടുത്തത്. കസ്റ്റംസ് നൽകിയ വിലാസത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് ഒരു വീട്ടിലും എക്സൈസ് പരിശോധന നടത്തി ലഹരി പിടിച്ചെടുത്തു. ഇതുവരെ 3 കിലോ ഹഷീഷ്, 131 എൽഎസ്ഡി സ്റ്റാംപ്, 500 ഗ്രാം എംഡിഎംഎ, 12 ഗ്രാം കൊക്കെയ്ൻ എന്നിവയാണു പിടിച്ചെടുത്തത്. 60 പാഴ്സലുകളിലെ ലഹരി വസ്തുക്കൾ കസ്റ്റംസ് കൈമാറിയിട്ടില്ല.
മട്ടാഞ്ചേരി സ്വദേശി ഗോവിന്ദ് രാജിനാണ് കോഴിക്കോട് സ്വദേശിയായ ഫസലു ലഹരി വിൽപന നടത്തിയത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇരുവരും ലഹരിക്കേസുകളിൽ പ്രതികളാണ്. ഫസലുവിന്റെ പിന്നിൽ വൻ സംഘമുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.