മലയാള സിനിമ എന്നത് ഭാഷ എന്ന വേർതിരിവില്ലാതെ ഏവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണെന്ന് നമുക്ക് ഏവർക്കും അറിയാം. പുത്തൻ ചിത്രം റിലീസ് ആകുന്ന സമയത്ത് തന്നെ അത് സിനിമാ പ്രേമികൾ കണ്ടിരിക്കും. ഭാഷ അറിയില്ലെങ്കിൽ പോലും. അത്തരത്തിൽ ഒരു അനുഭവമാണ് നടൻ പൃഥ്വിരാജിനും പറയാനുള്ളത്. താൻ റഷ്യയിൽ പോയ സമയത്ത് കൂടെ എന്ന സിനിമ കണ്ട് അഭിനന്ദനവുമായി എത്തിയ ആരാധകന്റെ കഥയാണ് ഇപ്പോൾ പൃഥ്വീരാജിന് പറയാനുള്ളത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൃഥ്വി അനുഭവം പങ്കുവച്ചത്.

കബാബ് വാങ്ങാനായി രാത്രി ഹോട്ടലിൽ പോയപ്പോൾ കൗണ്ടറിൽ നിന്നയാൾ 'കൂടെ' എന്ന സിനിമ വളരെ ഇഷ്ടമായി എന്ന് പറഞ്ഞതിനെ പറ്റിയായിരുന്നു കുറിപ്പ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൃഥ്വി കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റിട്ട ശേഷം നിരവധി പേർ അത് മലയാളിയല്ലേ എന്ന് പൃഥ്വിയോട് ചോദിച്ചിരുന്നു. അവർക്കൊല്ലാവർക്കുമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. റഷ്യയിൽ വെച്ച് കണ്ട ആരാധകൻ മലയാളിയല്ല ഈജിപ്ഷ്യനാണെന്ന് പൃഥ്വി പറയുന്നു.

ചോദ്യങ്ങൾ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ.. കബാബ് കടയിൽ കണ്ടയാൾ ഈജിപ്ഷ്യനാണ്. അയാളുടെ തന്നെ ഭാഷയിൽ സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകൾ കണ്ടിട്ടുള്ളത്. (ഈജിപ്ഷ്യൻ സബ്ടൈറ്റിലുകൾ എങ്ങനെയാണ് കിട്ടുന്നത് എന്ന് എനിക്കറിയില്ല).

സമകാലിക മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ളയാളാണ് അദ്ദേഹം. പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം റഷ്യയിലെത്തിയത്. അവിടെ നേരിട്ട അനുഭവത്തെ കുറിച്ച് പൃഥ്വി ട്വീറ്റ് ചെയ്തത് വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി.