- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാംക്ലാസിൽ എത്തുമ്പോൾ ആദ്യമായി എത്തിയ സുന്ദര നാട്; അനാർക്കലിക്കാലത്ത് കൂടുതൽ അടുത്തു; ലൂസിഫറിലെ വെല്ലുവിളി സീക്വൻസിലൂടെ സ്നേഹം നെഞ്ചിലേക്ക് ഊർന്നിറങ്ങി; നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അഥോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തർ; ലക്ഷദീപിന് വേണ്ടി നടൻ പൃഥ്വിരാജും; ബിജെപിയെ പേരു പറയാതെ ആക്രമിച്ച് സൂപ്പർതാരം
കൊച്ചി: ലക്ഷദ്വീപിനോട് പൃഥ്വിരാജിന് ഇഷ്ടം കൂടുതലാണ്. ലക്ഷദീപിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ അനാർക്കലി. ഈ ചിത്രത്തിലെ നായകൻ ഇന്ന് ലക്ഷദ്വീപിനെ കുറിച്ചോർത്ത് വേദനയിലാണ്. ലക്ഷദ്വീപിന്റെ സ്വൈര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് ചോദിക്കുകയാണ് നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപിൽ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികൾ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജന ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നത് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളിൽ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കി.
പൃഥ്വിരാജിന്റെ പോസ്റ്റ്
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വർഷങ്ങൾക്കു ശേഷം, സച്ചിയുടെ അനാർക്കലിക്ക് വേണ്ടി ഞാൻ ലക്ഷദ്വീപിലെത്തി. ഞാൻ കാവരതിയിൽ 2 മാസം ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സുഹൃത്തുക്കളെയും ഉണ്ടാക്കി. രണ്ട് വർഷം മുമ്പ് ഞാൻ വീണ്ടും ഞാൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വൻസെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്നേഹമുള്ള ആളുകൾ ഇല്ലായിരുന്നെങ്കിൽ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളിൽ നിന്ന് എനിക്കറിയാത്തതും അറിയാവുന്നതുമായ ആളുകളിൽ നിന്ന് നിരാശാജനകമായ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജന ശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ ''പരിഷ്കാരങ്ങൾ'' തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാൻ ലേഖനമൊന്നും എഴുതാൻ പോകുന്നില്ല. അതേകുറിച്ച് വായിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിൽ ലേഖനങ്ങൾ ലഭ്യമാണ്.
എനിക്ക് മനസിലായത് എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളിൽ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു?
നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ കൂടുതൽ വിശ്വാസമുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു അഥോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവർ അത് ലോകത്തിന്റെയും അവരുടെ ഗവൺമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. അതിന് വേണ്ടി പ്രവർത്തിക്കുക.
അതിനാൽ, ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുകയും ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ