മുംബൈ: മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ഇന്നലെ നടത്തിയ ഫേസ്‌ബുക്ക് ലൈവ് കണ്ട് ഏവരും ഒന്ന് അമ്പരന്നു. കാരണം മറ്റൊന്നുമല്ല പൃഥി പങ്കു വെച്ച വാക്കുകൾ തന്നെയാണ് കാരണം. ഞാൻ ഇവിടെ താമസിച്ചെത്താൻ കാരണക്കാരൻ ഒരാളാണ് അത് മറ്റാരുമല്ല മിസ്റ്റർ ഷാറൂഖ് കാൻ എന്നാണ് പൃഥ്വി ആദ്യം പറഞ്ഞത്.

ലൈവിലൂടെ പറഞ്ഞ വാക്കുകൾ ആദ്യം ആർക്കും പിടികിട്ടിയില്ലെങ്കിലും വീഡിയോ മുഴുവൻ കണ്ടവർക്ക് സംഗതി 'കത്തി'. ഷാരൂഖ് ഖാന്റെ പിറന്നാൾ ആഘോഷത്തെ തുടർന്നുണ്ടായ തിരക്കു കാരണമാണ് ഫേസ്‌ബുക്ക് ലൈവിലെത്താൻ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു.

തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാൻ മുബൈയിലെ ഫേസ്‌ബുക്ക് ഓഫീസിൽ എത്തിയതായിരുന്നു പൃഥ്വി. ആദ്യം പറഞ്ഞതിനേക്കാൾ ഇരുപതു മിനിറ്റ് വൈകിയാണ് പൃഥ്വിരാജ് ലൈവിനെത്തിയത്. ല്കഷക്കണക്കിന് ആളുകളാണ് പൃത്‌ഴിരാജിന്റെ വീഡിയോ ലൈവായി കണ്ടത്.

പൃഥ്വിയുടെ വാക്കുകളിങ്ങനെ

'ഞാൻ താമസിച്ച ഹോട്ടലിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ വീട്. ഇന്ന് ഷാരൂഖ് ഖാന്റെ പിറന്നാളാണ്. എന്നും അതുവഴി പോകുമ്പോൾ തിരക്കുകാണാറുണ്ട്. എല്ലാസമയവും അവിടെ ആളുകളെ കാണാം. എന്നാൽ ഇന്ന് ഭയങ്കരജനക്കൂട്ടവും പൊലീസുമൊക്കെയായിരുന്നു. അതുകൊണ്ട് ഞാൻ ഹോട്ടലിൽ നിന്നിറങ്ങി ആ സ്ഥലം കടന്നുകിട്ടാൻ ഒരുപാട് സമയമെടുത്തു. ഷാരൂഖ് ഖാൻ സാറിന് പിറന്നാൾ ആശംസകൾ.'

'നയൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ ആദ്യമായി സ്വതന്ത്രമായി നിർമ്മിക്കുന്ന സിനിമ കൂടിയാണ് 9. ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി നവംബർ 16 ആയിരുന്നു. ഇപ്പോൾ അത് മാറ്റിവയ്ക്കുകയാണ്. ആ ചിത്രം അതിന്റെ പൂർണതയിലെത്താൻ കുറച്ച് സമയം ആവശ്യമാകും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് റിലീസ് നീട്ടാൻ തീരുമാനിച്ചത്. വൈകാരികമായ അച്ഛന്റെയും മകന്റെയും കഥ തന്നെയാണ് 9 എന്ന സിനിമ. ഏറെ പ്രതീക്ഷയിലാണെന്നും. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ഡിസംബറിൽ ഉണ്ടാവുമെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

ലൂസിഫറിനെ കുറിച്ചും പൃഥ്വി വാചാലൻ

തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജ് വാചാലനായി. 'സിനിമയുടെ അവസാനഘട്ട ഷൂട്ടിങ് ആണ് ഇനി നടക്കുക. ബോംബെയിൽ സെറ്റിട്ടാകും ചിത്രീകരണം.

സിനിമകളിൽ കണ്ടുശീലിച്ച ബോംബെ ആകരുത് ലൂസിഫറിൽ കാണിക്കുന്നതെന്ന് നിർബന്ധമുണ്ട്. ലാലേട്ടൻ ഉടൻ തന്നെ ബോംബെ ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.

 ലൂസിഫറിന് ശേഷം ബോളിവുഡിൽ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അമിതാഭ് ബച്ചനെ കഥാപാത്രമാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ആക്ഷൻ മാസ് സിനിമ കാണാനും ചെയ്യാനും വളരെ ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെ ചെയ്യുമ്പോൾ അത് വലിയ ഹിറ്റാകണമെന്നും ബ്ലോക്‌ബസ്റ്റർ ആകണമെന്നും ആഗ്രഹിക്കുന്നു.

ലൂസിഫറിന്റെ ഷൂട്ടിങിന് ശേഷം ഞാൻ അഭിനയിക്കാൻ പോകുന്നത് ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയാണ്. സച്ചിയാണ് അതിന്റെ തിരക്കഥ. രണ്ടുവർഷം മുമ്പ് കേട്ട തിരക്കഥയാണ്. കേട്ടപ്പോൾ മുതൽ അത് സിനിമയായി കാണണമെന്ന് ആഗ്രഹിക്കുന്നു. ഫൺ എന്റർടെയ്‌നറാകും. ഞാനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.'-പൃഥ്വി പറഞ്ഞു.