- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിൽ നിന്ന് ഡ്രഗ്‌സ് പിടിച്ചാൽ വാടകക്കാരനൊപ്പം ഉടമസ്ഥനും ആദ്യ എഫ്.ഐ.ആറിൽ പ്രതിയാകും; പൃഥ്വിരാജിന്റെ വീട്ടിലെ റെയ്ഡ് മൊബൈലിൽ പോലും പകർത്തരുതെന്ന് പറഞ്ഞ് ഉന്നത ഇടപെടൽ; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു പൊലീസ്; നുജും സലിംകുട്ടിക്കായി ഇടപെട്ടതാര്?
കൊച്ചി: നടൻ പൃഥ്വിരാജ് വാടകയ്ക്ക് നൽകിയ ഫ്‌ളാറ്റിൽ നിന്നും അതിമാരക മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു കൊച്ചി പൊലീസ് നാർക്കോടിക്‌സ് സെൽ വിഭാഗം. വീട്ടിൽ നിന്നും മയക്കുമരുന്ന് പിടിച്ചാൽ എഫ്‌ഐആറിൽ പ്രതിയായി വരിക വീട്ടുടമയാണ്. എന്നിട്ടും പൃഥ്വിരാജിനെ നുജും സലിംകുട്ടി പ്രതിയായ മയക്കുമരുന്നു കേസിൽ പ്രതിയാക്കിയിരുന്നില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഉയർന്ന സംശയങ്ങൾ തീർക്കാൻ വേണ്ടിയാണ് എക്‌സൈസി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ നടനെ എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കാൻ വേണ്ടി ഉന്നത ഇടപെടൽ നടന്നെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇത് പരാതിയായി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തിയത്. പൃഥ്വിരാജിനെ എഫ്‌ഐആറിൽ നിന്നും ഒഴിവാക്കിയത് കൈക്കൂലി വാങ്ങിയാണ് എന്നായിരുന്നു പരാതി. ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നാർക്കോടി്ക്‌സ് വിഭാഗം എക്‌സൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. ഇന്ന് വൈകുന്നേരമായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
ഒരു വീട്ടിൽ റെയ്ഡിന് പോയി മയക്കുമരുന്ന് പിടികൂടിയാൽ വീടിന്റെ യഥാർത്ഥ അവകാശിയേയും കേസിൽ പ്രതിയാക്കും. പ്രാഥമിക എഫ് ഐ ആർ അങ്ങനെയാണ് തയ്യാറാക്കുക. വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ പ്രതിയാക്കുന്നതാണ് അന്യേഷണ സംഘത്തിന്റെ പതിവ്. അതിന് കാരണവും ഉണ്ട്. ലഹരി വസ്തുക്കളുടെ യഥാർത്ഥ ഉടമ വീട്ടുടമസ്ഥനായാൽ അയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ പാടില്ല. അതിനാലാണ് പഴുതടച്ച് വീട്ടുടമയേയുംഎക്സൈസ് സംഘമായാലും പൊലീസായാലും പ്രതി ചേർക്കുന്നത്. എന്നാൽ സൂപ്പർ താരം പൃഥ്വി രാജിന്റെ അത്യാഡംബര ഫ്‌ളാറ്റിൽ റെയ്ഡ് നടന്നപ്പോൾ ഈ കീഴ് വഴക്കം ലംഘിക്കപ്പെട്ടിരുന്നു. പൃഥ്വിയെ കേസിൽ പ്രതിയാക്കിയില്ല. എക്‌സൈസിലെ മധ്യമേഖല ചുമതലയുള്ള ഭരണ കക്ഷിയുടെ അടുത്ത ആളുമായ ഉയർന്ന ഉദ്യോഗസ്ഥന്റെ പ്രത്യേക നിർദ്ദേശമായിരുന്നു ഇതിന് കാരണമെന്നായിരുന്നു ഉയർന്ന ആരോപണം.
വീട് വാടകയ്ക്ക് കൊടുക്കുന്നതോടെ വാടകക്കാരനാണ് വീടിന്റെ ഉത്തരവാദി. എന്നിരുന്നാലും വീട്ടുടമയെ കേസിൽ പ്രതിയാക്കും. എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. അതിന് ശേഷം വീട്ടുടമയെ എക്‌സൈസ് ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുടമയ്ക്ക് കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടാൽ ഒഴിവാക്കുന്നതാണ് കീഴ് വഴക്കം. ഇതിലൂടെ വാടകയ്ക്ക് വീടെടുത്ത പ്രതിയുടെ കൂടുതൽ വിശദാംശങ്ങളും ലക്ഷ്യവും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികിട്ടും. സാധാരണ ഗതിയിൽ വീട്ടുമ നേരിട്ട് എത്തണമെന്ന് പോലുമില്ല. അഭിഭാഷകൻ എത്തി വാദം അറിയിച്ചാലും അത് പരിഗണിച്ച് കേസിൽ നിന്ന് വീട്ടുടമയെ ഒഴിവാക്കും. അപ്പോഴും പ്രതിക്ക് എങ്ങനെയാണ് ഈ വീട് കിട്ടിയതെന്ന് മനസ്സിലാക്കാനും കഴിയും. അതിന് പിന്നിലെ ഗൂഢാലോചനയും കണ്ടെത്താനാകും.
എന്നാൽ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ ബോധ പൂർവ്വം കൊച്ചിയിലെ എക്സൈസ് ഉന്നതൻ ഇടപെട്ടു. തിരുവനന്തപുരത്തെ സ്‌ക്വാഡിന്റെ അന്വേഷണമാണ് കൊച്ചിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. കസ്റ്റംസുമായി ചേർന്ന് നടത്തിയ പാഴ്‌സൽ പരിശോധനയാണ് നിർണ്ണായകമായത്. തുടരന്വേഷണം എത്തുന്നത് പൃഥ്വിയുടെ ഫ്‌ളാറ്റിലാണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ ഇടപെടലുകളുണ്ടായെന്ന് എക്‌സൈസുകാർ പോലും അടക്കം പറയുന്നു. പൃഥ്വിരാജിന്റെ ഫ്ളാറ്റിലെ റെയ്ഡ് വീഡിയോയിൽ പകർത്തരുതെന്ന് ഈ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചു. ഫോട്ടോ എടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതുകൊണ്ട് തന്നെ റെയ്ഡിന് പോയ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉയർത്തി നോക്കാൻ പോലും അവകാശമുണ്ടായില്ല.
മാത്രമല്ല അബ്കാരി കേസിൽ ഒരു പ്രതിയെ കിട്ടിയാൽ കൂടെ നിന്ന് ഫോട്ടോ എടുത്ത് പത്രം ആഫീസുകളിൽ എത്തിക്കുന്ന ഈ ഉദ്യോഗസ്ഥന് എന്ത് പറ്റിയെന്നാണ് സഹപ്രവർത്തകർ അടക്കം പറയുന്നത്. സിനിമ മേഖലയിൽ നിന്നും സമ്മർദ്ദവും സാമ്പത്തിക ഇടപാടുകളും ഉണ്ടായോ എന്ന സംശയവും ശക്തമായിരുന്നു. ചിലർ ഇക്കാര്യം മന്ത്രി ഓഫീസിലും ധരിപ്പിച്ചതായാണ് വിവരം. ഇതിനൊപ്പമാണ് അറസ്റ്റിലായ പ്രതിയുടെ ചിത്രങ്ങൾ പുറത്തു വിടാത്തതും. ഇതിന് പിന്നിലും എക്‌സൈസിലെ ഉന്നത ഇടപെടലെന്നും ആരോപണം ഉർന്നിരുന്നു.
കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33)യുടെ പക്കൽ നിന്നുമാണ് ഏതാനം ദിവസങ്ങൾ മുൻപ് എക്‌സൈസ് സംഘം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇയാൾ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്‌ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. തേവര മാളിയേക്കൽ റോഡിലുള്ള അസറ്റ് കാസാ ഗ്രാൻഡെ ആഡംബര ഫ്‌ളാറ്റിൽ അർദ്ധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് പ്രതി ലഹരി ഉത്പന്നങ്ങളുമായി പിടിയിലാവുന്നത്.
നാലാം നിലയിലെ 4എ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളം എക്‌സൈസ് സിഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്‌നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാൾ ലഹരിമരുന്നിനും അടിമയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഒരു വർഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിൽ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്‌സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോൾ ഒരു ഏജൻസി വഴി വാടകയ്ക്ക് നൽകിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുൽഖർ സൽമാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ആഫ്രിക്ക പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സിന്തറ്റിക് ഡ്രഗ്‌സ് എത്തിക്കുന്നവരാണ് പിടിയിലായത്. കൂടാതെ സിനിമ മേഖലയുമായി അടുത്ത് ബന്ധമുള്ള പ്രതി ലഹരി വസ്തുക്കൾ താരങ്ങൾക്ക് സപ്ലൈ ചെയ്യുന്ന ആളാണോയെന്നും സംശയമുയർന്നിരുന്നു. പുനലൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടങ്ങൾ പ്രതിയുടെ കുടുംബത്തിനുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവർ. സിനിമാ മേഖലയിൽ വലിയ ബന്ധമുണ്ട്. സിനിമാക്കാർക്കടക്കം ഇയാൾ ലഹരി നൽകിയിരുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.