തിരുവനന്തപുരം: സിനിമയിൽ ജനപ്രിയനായകനായിരുന്ന ദിലീപ് ജീവിതത്തിൽ പ്രതിനായകനായി ജയിലിലായതോടെ മലയാള സിനിമാരംഗത്തെ താരസമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം താരസംഘടനയുടെ നേതൃത്വം പൃഥിരാജിന്റെ നേതൃത്വത്തിലുള്ള യുവനിര പിടിച്ചെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

പൃഥിരാജിനെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുത്തില്ലെങ്കിലും ഇന്നലെ നടന്ന അമ്മ' എക്‌സിക്യൂട്ടിവ് യോഗത്തിൽ തങ്ങളുടെ അഭിപ്രായം ശക്തമായി പറയാൻ മറ്റ് യുവതാരങ്ങൾ ആശ്രയിച്ചത് അദ്ദേഹത്തെയായിരുന്നു. പൃഥ്വി അത് നന്നായി നിർവഹിക്കുകയും ചെയ്തു. പൈശാചികമായ കുറ്റകൃത്യത്തിന് അറസ്റ്റിലായ ശേഷവും ദിലീപിനോട് ഇന്നലത്തെ യോഗത്തിൽ മൃദുസമീപനത്തിന് ശ്രമിച്ചവരെ പൃഥ്വിരാജ് നിർദ്ദാക്ഷിണ്യം നിശബ്ദരാക്കി.

ദീലീപിനൊപ്പം 'അമ്മ' ഒറ്റക്കെട്ടാണ് എന്ന് പ്രഖ്യാപനം ഉണ്ടായ ജനറൽബോഡിയിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. അന്നത്തെ യോഗത്തിൽ അങ്ങനെയൊക്കെയേ സംഭവിക്കൂ എന്ന് അറിയാമായിരുന്നതിനാലാണ് പൃഥ്വിരാജ് പങ്കെടുക്കാതിരുന്നത്. എന്നാൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇന്നലെ മമ്മൂട്ടിയുടെ വസതിയിൽ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിൽ പൃഥ്വിരാജ് എത്തി. യോഗത്തിൽ ചില കാര്യങ്ങൾ ഉന്നയിക്കും. അതിനു അനുകൂലമായ തീരുമാനം ഉണ്ടാകുന്ന പക്ഷം, അത് തന്റേയും കൂടി തീരുമാനമായിരിക്കും. അതിനു അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് പുറത്തു വന്ന് അറിയിക്കും എന്ന് യോഗസ്ഥലത്തിനു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞ ശേഷമാണ് പൃഥ്വിരാജ് യോഗത്തിൽ പങ്കെടുത്തത്. അകത്തും അതേ നിലപാട് തന്നെയാണ് പൃഥ്വി സ്വീകരിച്ചത്.

അമ്മയുടെ ഭരണഘടന കാരണം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ല' എന്ന ഒരു അഭിപ്രായം തുടക്കത്തിൽ അമ്മയുടെ ഒരു ഭാരവാഹി ഒന്നു പറഞ്ഞുനോക്കി. പൃഥ്വിരാജ് കൈയോടെ അതിനെ അടിച്ചിരുത്തി. ആദ്യം പുറത്താക്കണം. ഭരണഘടനയൊക്കെ പിന്നെ നോക്കാം' - പൃഥ്വി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. രമ്യാനമ്പീശൻ, ആസിഫ് അലി തുടങ്ങിയവരും പൃഥ്വിയെ പിന്തുണച്ചുകൊണ്ട് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

സസ്‌പെൻഷൻ പോരേ എന്ന അനുനയത്തിലുള്ള ചോദ്യവും ഉണ്ടായി. പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കണമെന്ന് യുവസംഘം നിലപാട് കടുപ്പിച്ചു. ഈ നിലപാടിനോട് ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും ഉൾപ്പെടെയുള്ളവർ യോജിച്ചതോടെ അന്തിമ തീരുമാനം വന്നു- ദിലീപ് പുറത്ത്. ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ സംതൃപ്തിയും തീരുമാനത്തിന്റെ ദാർഢ്യവും പ്രകടമാക്കി തന്നെയാണ് പൃഥ്വിരാജും രമ്യാ നമ്പീശനുമൊക്കെ പുറത്തു വന്നത് . ദിലീപിനെ പുറത്താക്കിയതിനെ ആരും എതിർത്തില്ലെന്ന് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പൃഥ്വിരാജും ആസിഫ് അലിയും പറഞ്ഞു.

ഏത് കാര്യത്തിലും കൃത്യമായ നിലപാട് എടുക്കുകയും ആ നിലപാടിൽ തന്റേടത്തോടെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന പൃഥ്വിരാജ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വീകരിച്ച നിലപാട് നടിമാർക്കിടയിലും മതിപ്പുളവാക്കിയിരുന്നു. സഹപ്രവർത്തകയ്ക്കുനേരെ അതിക്രമം ഉണ്ടായി എന്നറിഞ്ഞ നിമിഷം മുതൽ പൃഥ്വിരാജ് നടിക്കൊപ്പം തന്നെയായിരുന്നു. അവളുടെ ധീരതയെ വാഴ്‌ത്തി ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. അതിൽ മാത്രം ഒതുങ്ങിയില്ല പിന്തുണ. സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച നടിയെ ഒപ്പം അഭിനയിക്കാൻ പ്രേരിപ്പിച്ച് സെറ്റിൽ എത്തിക്കാനും പൃഥ്വിരാജിനു കഴിഞ്ഞു.

ദിലീപിനെ 'മാക്ട'യുടെ ജനറൽ സെക്രട്ടറിയായിരുന്ന വിനയൻ വിലക്കിയപ്പോൾ, കുതന്ത്രത്തിലൂടെ ആ മാക്ടയെ തന്നെ ഇല്ലാതാക്കിയ ദിലീപ് പകരം സൃഷ്ടിച്ച ഫെഫ്ക'യെ കൊണ്ട് വിനയന് വിലക്ക് കൽപ്പിച്ചിരുന്നു. അതേതുടർന്ന് പല നടന്മാരും പേടിച്ച് വിനയൻ ചിത്രത്തിൽ നിന്ന് പിൻവാങ്ങി. എന്നാൽ പൃഥ്വിരാജ് വാക്ക് നൽകിയത് പോലെ വിനയൻ ചിത്രത്തിൽ അഭിനയിച്ചു. 'ഞാൻ സുകുമാരന്റെ മകനാണ്. വാക്ക് പാലിക്കും ആരേയും ഭയക്കുന്നില്ലെന്നും പൃഥി അന്നു പ്രഖ്യാപിച്ചിരുന്നു.