- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസുടമയുടെ ആത്മഹത്യ; സർക്കാറിനെതിരെ ബസുടമകൾ രംഗത്ത്; ആത്മഹത്യക്ക് കാരണം സർക്കാരെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ ആരോപണം
കോഴിക്കോട്: സ്വകാര്യ ബസ് ഉടമയായ രാജാമണിയുടെ ആത്മഹത്യയിൽ സർക്കാരിന് എതിരെ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. പൊതു ഗതാഗത മേഖലയോടുള്ള സർക്കാരിന്റെ അവഗണന കാരണമാണ് രാജമണിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
ലോൺ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദ്ദം കാരണം വലിയ മനപ്രയാസത്തിൽ ആയിരുന്നു രാജമണി. ഇന്ധനവില വർദ്ധനയും ബാധിച്ചു. ലോക്ക് ഡൗൺ കാരണം സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, റോഡ് ടാക്സ് പോലും സർക്കാർ ഇളവ് ചെയ്തിട്ടില്ല.
ഒരു വർഷം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 31 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു ദിവസത്തെ ഡീസൽ ചെലവിൽ മാത്രം ബസിന് അധികമായി വേണ്ടി വന്നത് 2500 രൂപയാണ്. പൊതു ഗതാഗത മേഖല സംരക്ഷിക്കുന്നതിന് വേണ്ടി അത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
വയനാട് പാമ്പാടി അമ്പലവയലിൽ ആണ് സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തത്. അമ്പലവയൽ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയിൽ പി സി രാജാമണിയെയാണ് വീടിനു സമീപത്തുള്ള തോട്ടത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് രാജാമണി കടുത്ത പ്രതിസന്ധിയിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കടൽമാട് - സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമ ആയിരുന്നു രാജാമണി.
മറുനാടന് മലയാളി ബ്യൂറോ