കൊച്ചി: ഈ മാസം 21 മുതൽ ബസ് സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന, റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ല. ചർച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ബസ് വ്യവസായമേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സർക്കാർ നിയോഗിച്ച കമ്മീഷനുണ്ട്. ഇതിൽ ടെക്നിക്കൽ, ധനകാര്യ വിദഗ്ദ്ധർ തുടങ്ങിയവരുണ്ട്. ഇവരോട് ഇപ്പോഴത്തെ സ്റ്റേജ് കാര്യേജ് ബസുകൾ ഓപ്പറേറ്റുചെയ്യാൻ എന്തു വരുമാനം വേണമെന്ന് സർക്കാർ ആരായണം.

ആ വരുമാനത്തിന് അനുസരിച്ചുള്ള ബസ് ചാർജ് വർധനയാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ തത്വത്തിൽ ധാരണയായിരുന്നു.

എന്നാൽ വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജിന്റെ കാര്യത്തിൽ ധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകാൻ കാരണം. ബസ് ചാർജ് മിനിമം പത്തു രൂപയാക്കാനാണ് ഇടതുമുന്നണി അനുമതി നൽകിയത്.