- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ബസുകൾ അനധികൃത സർവീസ് നടത്തുന്നു; കെഎസ്ആർടിസിക്ക് ദിവസം 5 ലക്ഷത്തിന്റെ നഷ്ടം; നിയമവിരുദ്ധ ഓട്ടത്തിന് ഒത്താശ ചെയ്ത് ജില്ലാ ഭരണകൂടവും പൊലീസും ഗതാഗത വുകുപ്പ് ഉദ്യോഗസ്ഥരും
തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ഭൂരിഭാഗവും അനധികൃത സർവീസുകൾ നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൊതുജനങ്ങളുടെ അഭിപ്രായപ്രകാരം ആരംഭിച്ച സർവീസുകൾ ഇന്നു ജനങ്ങൾക്ക് ദ്രോഹകരമായി മാറിയിരിക്കുകയാണ്. അനുവദിച്ച റൂട്ടുകളും അനുവദിച്ച സമയങ്ങളും ഒഴിവാക്കി കെ. എസ്. ആർ. ടിസിക്കു മാത്രം സർവീസ് നടത്താൻ
തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ഭൂരിഭാഗവും അനധികൃത സർവീസുകൾ നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൊതുജനങ്ങളുടെ അഭിപ്രായപ്രകാരം ആരംഭിച്ച സർവീസുകൾ ഇന്നു ജനങ്ങൾക്ക് ദ്രോഹകരമായി മാറിയിരിക്കുകയാണ്. അനുവദിച്ച റൂട്ടുകളും അനുവദിച്ച സമയങ്ങളും ഒഴിവാക്കി കെ. എസ്. ആർ. ടിസിക്കു മാത്രം സർവീസ് നടത്താൻ അനുമതിയുള്ള റൂട്ടുകളിലാണ് ഇവരുടെ അനധികൃത സർവീസ്. ആർ ടി ഒ, പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദത്തോടുകൂടിയാണ് സ്വകാര്യ ബസുടമകൾ ഈ കൊള്ള നടത്തുന്നത്. കെ എസ്് ആർ ടി സിക്ക് ഇതുമൂലം 5 ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുന്നതായാണ് കണക്ക്.
106 സ്വകാര്യ ബസുകളാണ് ഇന്നു നഗരത്തിൽ സർവീസ് നടത്തുന്നത്. പുലർച്ചെ മൂന്നര മണി മുതൽ രാത്രി പതിനൊന്നുമണി വരെ പെർമിറ്റ് അനുവദിച്ചിട്ടുള്ള ബസുകളും ഇതിലുണ്ട്. എന്നാൽ രാത്രി 7 മണിക്കുശേഷം ഇവയെ നഗരത്തിൽ കാണാറില്ല. സർവീസ് നടത്തുന്ന സമയങ്ങളിൽ തന്നെ റൂട്ടുമാറ്റിയാണ് ഓടുന്നത്. ഉദാഹരണത്തിന് വഞ്ചിയൂർ വഴി സർവീസ് നടത്തുന്നതിന് 12 ബസുകൾക്ക് പെർമിറ്റുണ്ട്. എന്നാൽ ഒരെണ്ണംപോലും അതുവഴി പോകാറില്ല. അതുപോലെ തമലം, തളിയൽ, പാൽക്കുളങ്ങര, തേക്കുംമൂട് വഴിയുള്ള സ്വകാര്യ ബസുകളെ കണ്ടിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ സ്‌കൂൾ സമയം തെറ്റി സർവീസ് നടത്തുന്നത് പതിവായിട്ടുണ്ട്.
ഇവരുടെ അനധികൃത ഓട്ടത്തിനെതിരെ നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളും വിവിധ സംഘടനകളും വ്യക്തികളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പൊലീസും ആർടിഒയും നടപടി സ്വീകരിക്കാത്തപക്ഷം ജില്ലാ കളക്ടർക്ക് ഈ ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ വരെ അധികാരമുണ്ട്. ജില്ലയിലെ റീജണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ചെയർമാനാണ് കളക്ടർ. എല്ലാ മാസവും കൃത്യമായി യോഗം ചേരാറുണ്ടെങ്കിലും സ്വകാര്യ ബസുകൾക്ക് അനുകൂലമായ സമീപനമാണ് കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആരോപണം കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക് തന്നെയുണ്ട്. കളക്ടർ കൂടി ഇത്തരം നിയമവിരുദ്ധപ്രവർത്തനത്തിന് കൂട്ടു നിന്നതോടുകൂടി സ്വകാര്യ ബസുകളുടെ നിയമവിരുദ്ധ സമീപനത്തിന് ശക്തി കൂടിയിരിക്കുകയാണ്. പൊതുവെ അഴിമതിക്ക് പ്രസിദ്ധിയാർജ്ജിച്ച വകുപ്പാണ് ആർടിഒ ഓഫീസുകൾ. മാസം തോറും നിശ്ചയിച്ച തുക പടിയായി ഇവർക്ക് സ്വകാര്യ ബസുടമകൾ നൽകിവരുന്നുണ്ട്. നഗരത്തിലെ ചില പൊലീസ് ഓഫീസർമാർക്കും കൃത്യമായി വിഹിതം എത്തിക്കുന്നുണ്ട്. എന്നാൽ ജില്ലാ കളക്ടർ കൂടി ഇവരുടെ സഹായത്തിന് എത്തിയതോടുകൂടി പൊതുജനങ്ങളുടെ അവസാന പ്രതീക്ഷയും നശിച്ചിരിക്കുകയാണ്. അവസാനശ്രമം എന്ന നിലയിൽ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കെ എസ ്ആർ ടിസി യിലെ ഉന്നത ഉദ്യോഗസ്ഥർ.
ലോകായുക്തയുടെ അന്വേഷണ ഏജൻസിയും സ്വകാര്യബസുകളുടെ ഗുരുതരമായ നിയമവിരുദ്ധ നടപടികൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന ലോകായുക്തയുടെ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ലോകായുക്തയുടെ നിർദ്ദേശപ്രകാരം നഗരത്തിലെ 30 സ്ഥലത്ത് ടൈം ചെക്ക് ചെയ്യാനുള്ള ഇലക്‌ട്രോണിക്ക് സംവിധാനം സ്ഥാപിക്കാനുള്ള തീരുമാനവും ബസുടമകളുടെ സമ്മർദ്ദം കാരണം അട്ടിമറിച്ചു. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകളുമായി ബന്ധപ്പെടുത്തി പൊലീസ്, ആർടിഒ നേതൃത്വത്തിൽ ഒരു ചെക്കിങ് സിസ്റ്റം നടപ്പിലാക്കിയാൽ ഇത്തരം നിയമലംഘനം കണ്ടിപിടിക്കാവുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു ശ്രമവും ഇവർ നടത്താറില്ല. സ്വകാര്യ ബസുകളുടെ അനധികൃതവും അശ്രദ്ധവുമായ സർവ്വീസ് കാരണം 2014-ൽ ആറുപേരുടെ ജീവനാണ് നഷ്ടമായത്.
ആർടിഒ ജീവനക്കാരുടെ ബിനാമി പേരിലും സ്വകാര്യ ബസുകൾ ഓടുന്നതായി ആരോപണമുണ്ട്. തിരുവനന്തപുരം ആർടിഒ ഓഫീസിലെ ഒരു ഏജന്റിന് ഏഴുസർവീസ് ബസ്സുകൾ ഉണ്ടെന്നാണ് അറിവ്. ബസ്സുകൾക്കെതിരെ പരാതി നൽകുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും മർദ്ദിക്കുന്നതുമായുള്ള പരാതികളും വ്യാപകമാണെന്നാണ് മറ്റൊരു പരാതി. ക്യാപിറ്റൽ സിറ്റി ഡവലപ്പമെന്റ് ഫോറത്തിന്റെയും സീനിയർ സിറ്റിസണിന്റെയും ഒരു നേതാവാണ് 75 വയസ്സുള്ള കെടി റോയിയെ മഹാദേവ എന്ന ബസിനെതിരെ പരാതി നൽകിയതിന്റെ പേരിൽ കെഎസ്ആർടിസി ബസിൽ വച്ച് പരസ്യമായി മർദ്ദിച്ച സംഭവം വരെയുണ്ടായി.
പട്ടാപ്പകൽ പൊലീസിന്റെ കൺമുന്നിൽവച്ച് വയോധികനായ ഒരാളെ മർദ്ദിച്ച സാമൂഹ്യ വിരുദ്ധനെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസ് ശ്രമിച്ചില്ല. നീതിക്കുവേണ്ടി കോടതിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് നഗരത്തിലെ വിവിധ സാമൂഹ്യ സംഘടനകൾ. ഇതിനേക്കാൾ സ്വകാര്യബസ്സുകൾ ഓടുന്ന കേരളത്തിലെ മറ്റു നഗരങ്ങളിലൊന്നും ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കാണുന്നില്ലായെന്നതും ശ്രദ്ധേയമാണ്.