മെൽബൺ: രാജ്യത്തെ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പോളിസികൾ ഉപയോക്താക്കൾക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണെന്നും പോളിസികളുടെ കാര്യത്തിൽ ഇത്തരം കമ്പനികൾ ഒട്ടും സുതാര്യമല്ലെന്നും കൺസ്യൂമേഴ്‌സ് ഹെൽത്ത് ഫോറം നടത്തിയ സർവേയിൽ വ്യക്തമാകുന്നു. സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസുകൾ എടുക്കുന്ന നാലിൽ ഒരാൾ മാത്രമാണ് കമ്പനികളുടെ പോളിസികളെ കുറിച്ച് ധാരണ ലഭിക്കുന്നത്. അത്തരത്തിൽ ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികളെന്നാണ് റിപ്പോർട്ട്.
പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് എടുത്ത അഞ്ചിൽ ഒരാൾ എന്ന നിലയിൽ ഇവരുടെ ക്ലെയിമുകൾ നിരസിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്കിടയിൽ പ്രൈവറ്റ് ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികളുടെ സേവനത്തിൽ 38 പേർ മാത്രമാണ് തൃപ്തരെന്നാണ് സർവേ വ്യക്തമാക്കുന്നത്.

രാജ്യത്തുള്ള പകുതിയോളം പേർക്ക് ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടെന്നാണ് കണക്ക്. സിംഗിൾ പോളിസിക്ക്  2000 ഡോളറും ഫാമിലി പോളിസികൾക്ക് 4300 ഡോളറിലധികവുമാണ് ഓരോ വർഷവും പ്രീമിയമായി അടയ്‌ക്കേണ്ട തുക. ഇത്തരത്തിൽ കനത്ത തുക പ്രീമിയമായി നൽകിയിട്ടും ഇൻഷ്വറൻസ് കവറേജിന്റെ കാര്യത്തിൽ പല ഉപയോക്താക്കളും ആശയക്കുഴപ്പത്തിലുമാണ്.

സ്വകാര്യ ഇൻഷ്വറൻസിന്റെ വിലയിലും അവയുടെ പ്രവർത്തനത്തിലും പരക്കെ ആശങ്കയും ആശയക്കുഴപ്പവുമാണ് നിലനിൽക്കുന്നതെന്നാണ് കൺസ്യൂമേഴ്‌സ് ഹെൽത്ത് ഫോറം ചീഫ് എക്‌സിക്യൂട്ടീവ് ലീൻ വെൽസ് പറയുന്നു. കനത്ത തുക പ്രീമിയമായി അടച്ചിട്ടും ഉപയോക്താക്കൾക്ക് വേണ്ട തരത്തിൽ ഇവ പ്രയോജനം ചെയ്യുന്നില്ലെന്നും പകരം മറ്റൊരു പോളിസി എടുക്കാനും ആൾക്കാർക്ക് ആശയക്കുഴപ്പമുണ്ടെന്നും വെൽസ് വ്യക്തമാക്കുന്നു. ഏതാണ്ട് 48,000ത്തിലധികം ഹെൽത്ത് ഇൻഷ്വറൻസ് പ്രൊഡക്ടുകളാണ് ഇന്ന് വിപണിയിൽ ലഭ്യമായിരിക്കുന്നത്. ഈ പ്രൊഡക്ടുകൾ തമ്മിൽ താരതമ്യം ചെയ്ത് മെച്ചപ്പെട്ടത് ഒരെണ്ണം തെരഞ്ഞെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇതാണ് ഈ മേഖലയിലെ ഒരു പ്രശ്‌നമെന്നും വെൽസ് ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും ഒരു പോളിസിയെടുക്കുന്ന ഉപയോക്താവ് പിന്നീട് അക്കാര്യത്തെ കുറിച്ച് മറക്കുകയാണ് ചെയ്യുന്നത്. മറ്റൊരു അവസരത്തിൽ ഇതിന് ആവശ്യം വരുമ്പോഴാണ് അറിയുന്നത് പലതും പോളിസിയിൽ കവർ ചെയ്തിട്ടില്ല എന്നത്. പോളിസി നിബന്ധനകൾ ഉപയോക്താക്കൾ വായിച്ചു നോക്കാത്തതും കമ്പനി പ്രതിനിധി വേണ്ട വിധത്തിൽ ഉപയോക്താക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താത്തും ഇതിന് കാരണമാകുന്നു.

ഇവയ്‌ക്കെതിരേ ഉപയോക്താക്കൾക്കു വേണ്ടി നാഷണൽ ഹെൽത്ത് ബോഡി രൂപീകരിച്ച മൈ കവർ ഈ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് വളരെ ലളിതമായ രീതിയിൽ സ്റ്റാൻഡേർഡ് പോളിസികൾ ലഭ്യമാക്കാനും എളുപ്പത്തിൽ താരതമ്യം ചെയ്യാനും പറ്റുന്ന രീതിയിൽ ഹെൽത്ത് ഇൻഷ്വറൻസുകൾ രൂപപ്പെടുത്താനുമാണ് മൈ കവർ ആവശ്യപ്പെട്ടിരിക്കുന്നത്. പോളിസികൾ താരതമ്യപ്പെടുത്തി മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാനും ഡോക്ടറെ കുറിച്ചും ആശുപത്രി ചെലവുകളെ കുറിച്ചും ഉപയോക്താക്കൾക്ക് വേണ്ടത്ര വിവരം നൽകാനും മൈ കവർ പദ്ധതിയൊരുക്കിയിട്ടുണ്ട്.