കൊച്ചി: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിൽ ഇടപെട്ട് ഹൈക്കോടതി. സർക്കാർ ഉത്തരവുകൾ സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ സമയബന്ധിതമായി നയരൂപീകരണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കോവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് ഈടാക്കലിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്. വിവിധ പേരുകളിലാണ് തുക ഈടാക്കൽ. ഓരോ രോഗിയിൽനിന്നും പ്രതിദിനം രണ്ടു പിപിഇ കിറ്റുകളുടെ തുകയാണ് ആശുപത്രി ഈടാക്കുന്നത്.

അമ്പത് രോഗികൾ ചികിത്സയിലുള്ള വാർഡിൽ ഒരേ പിപിഇ കിറ്റു ധരിച്ചാണ് ആരോഗ്യ പ്രവർത്തകർ ചികിത്സിക്കുന്നത്. എന്നാൽ 50 രോഗികളിൽനിന്നും രണ്ടു കിറ്റിനുള്ള തുക ഈടാക്കുന്നതായാണ് കാണുന്നത്. ഓരോ രോഗിയിൽനിന്നും എന്തിനാണ് പണം ഈടാക്കുന്നത്? ഇതിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.

സ്വകാര്യ ആശുപത്രികൾ നടത്തുന്ന എഫ്എൽടിസികൾ 10,000 രൂപ മുതൽ 20,000 രൂപ വരെ ചികിത്സയ്ക്ക് ഈടാക്കുന്നുണ്ട്. ഈ ആശുപത്രികളുടെ പേര് ഇപ്പോൾ പരാമർശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി ഗൗരവമായ സാഹചര്യമാണെന്നും സർക്കാർ ഇത് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.

അടിയന്തിര സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാധാരണക്കാർക്ക് വഹിക്കാവുന്ന ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാതെ വരുമ്പോൾ ചിലപ്പോൾ ലഭ്യമാകുന്ന ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്ന നടപടി അംഗീകരിക്കാനാവില്ല.

അതുകൊണ്ടു തന്നെ സർക്കാർ നയ രൂപീകരണം നടത്തണം. കോവിഡ് ചികിത്സയുടെ പേരിൽ കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കെരുതെന്നും വ്യക്തമാക്കിയ കോടതി ഈ വിഷയം മാത്രം വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.

അതേ സമയം സംസ്ഥാനത്തുകൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ചതിന് സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സർക്കാർ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്. ലാബുകൾക്ക് 1700 രൂപ ഈടാക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് എന്നിവരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.