ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ വാക്‌സിനായി ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്. കോവിൻ സൈറ്റിൽ ലഭ്യമായ ഡേറ്റകൾ പ്രകാരം 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിനായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 700 മുതൽ 1500 രൂപവരെയാണ്. നേരത്തേ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ നിന്ന് ഈടാക്കിയിരുന്ന തുകയുടെ ആറിരട്ടിയാണ് വാക്‌സിനായി വാങ്ങുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്‌സിൻ ഒരു ഡോസിന് 700-900 രൂപയാണ് ആശുപത്രികൾ ഈടാക്കുന്നത്. അതേസമയം ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന് 1250- 1500 രൂപവരെയാണ് നിരക്ക്. സ്വകാര്യമേഖലയിലെ വാക്‌സിനേഷന്റെ ഭൂരിഭാഗവും അപ്പോളോ, മാക്‌സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.

ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉല്പാദകരിൽ നിന്ന് ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്രം സംഭരിച്ചത്. ഇത് പിന്നീട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. ഒരു ഡോസിന് 100 രൂപ സർവീസ് ചാർജായി ഈടാക്കാൻ സ്വകാര്യമേഖലയെ അനുവദിക്കുകയും ചെയ്തിരുന്നു. വാക്‌സിൻ വിതരണത്തിനായി വരുന്ന ചെലവുകൾക്ക് 100 രൂപ മതിയാകുമെന്നായിരുന്നു സ്വകാര്യമേഖല ആദ്യം അറിയിച്ചത്. എന്നാലിപ്പോൾ 250-300 രൂപ വാക്‌സിനേഷൻ ചാർജായി ഈടാക്കുന്നുണ്ട്.

ഗതാഗതം, സംഭരണം, ജിഎസ്ടി എന്നിവ ഉൾപ്പടെ 660 മുതൽ 670 രൂപവരെ വാക്‌സിൻ എത്തിക്കുന്നതിനായി ചെലവുവരുന്നുണ്ടെന്ന് മാക്‌സ് ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 5-6 ശതമാനത്തോളം വാക്‌സിൻ പാഴാകുന്നുണ്ട്. അതിനാൽ വാക്‌സിന് 710-715 രൂപ വരെയാകും.

ഇതിനുപുറമേ സാനിറ്റൈസർ, ജീവനക്കാർക്കുള്ള പിപിഇ കിറ്റ്, ബയോമെഡിക്കൽ അവശിഷ്ടങ്ങളുടെ നശീകരണം തുടങ്ങിയവയ്ക്കും ചെലവുകളുണ്ട്. അത് ഏകദേശം 170-180 രൂപയ്ക്കിടയിൽ വരും. അങ്ങനെ വരുമ്പോൾ ഒറ്റഡോസ് വാക്‌സിൻ കുത്തിവെപ്പിന് ആകെ വരുന്ന തുക 900 രൂപയാണ്.

എന്നാൽ വാക്‌സിൻ കമ്പനികൾ പ്രഖ്യാപിച്ച വിലയ്ക്ക് തന്നെയാണോ സ്വകാര്യ ആശുപത്രികൾ വാക്‌സിൻ ശേഖരണം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1200 രൂപയാണ് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചത്. സിറം 600 രൂപയും.

ഇത്തരത്തിൽ വലിയ വില വ്യത്യാസം വരുമ്പോൾ വാക്‌സിൻ ശേഖരണം സ്വകാര്യമേഖലക്ക് നൽകുന്നത് വാക്‌സിൻ ഉല്പാദകർ കൊള്ളലാഭം കൊയ്യുന്നതിലേക്ക് വഴിവെക്കുമെന്ന് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇപ്പോൾ തന്നെ വാക്‌സിൻ യജ്ഞം തുടരുന്നതിന് ആവശ്യത്തിന് വാക്‌സിൻ ഇല്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. ചെറിയ ആശുപത്രികളുടെ വാക്‌സിൻ ഓർഡറുകൾ നിരസിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വാക്‌സിൻ ഓർഡറുകൾ തന്നെ പൂർത്തിയായിട്ടില്ലെന്നും അവ കഴിഞ്ഞാൽ ആദ്യം ഓർഡർ നൽകിയ സ്വകാര്യ ആശുപത്രികളുടെ ഓർഡർ വിതരണം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ നിലവിൽ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.