കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളിൽ ആദ്യമായി എത്തുന്ന രോഗികളിൽ നിന്ന് വാങ്ങുന്ന ഫയൽ ഓപ്പണിങ് ഫീസ് നിർത്തലാക്കുന്നതായി സൂചന. കുവൈത്ത് ഉൾപ്പെടെ ജിസിസി രാജ്യങ്ങളിൽ മുഴുവൻ ഇതുസംബന്ധിച്ച പഠനം നടത്തിവരുന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ സിവിൽ മെഡിക്കൽ സർ വീസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.മുഹമ്മദ് അൽ ഖശ്തി അറിയിച്ചു.

പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന ഈ ഫീസിനെക്കുറിച്ച് വ്യാപക പരാതികൾ ഉയരുന്നതിന്റെ അടിസ്ഥാ നതിൽ ആണ് ഈ നടപടി. കുവൈത്തിൽ ഒരു ദിനാർ മുതൽ 100ദിനാർ വരെയാണ് സ്വകാര്യ ക്ലിനിക്കുകളിൽ ഫയൽ തുറക്കുന്നതിനായി ഈടാക്കുന്നത്.

സർക്കാർ മേഖലയിൽ ഫയൽ തുറക്കാൻ ഫീസ് ഈടാക്കുന്നില്ല. എന്നാൽ കൺസൽറ്റേഷൻ ഫീസ് എന്ന നിലയിൽ സർക്കാർ ക്ലിനിക്കുകളിൽ ഒരു ദിനാറും ആശുപത്രികളിൽ രണ്ടുദിനാറും നൽകണം. ഈ തുകയ്ക്ക് മരുന്നു സൗജന്യമായി ലഭിക്കുകയും ചെയ്യും.രക്തപരിശോധന, ഇസിജി തുടങ്ങിയവയ്ക്കും പ്രത്യേക ഫീസ് നൽകേണ്ടതില്ല. സ്വകാര്യ ആശുപത്രികളിൽ ഫയൽ തുറക്കാൻ ഫീസ് നൽകിയാലും മറ്റുപരിശോധന കൾക്ക് പ്രത്യേകം പ്രത്യേകം തുക നൽകണം.