- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പാതയിൽ അപകടമുണ്ടാകാൻ ആഗ്രഹിച്ച് കഴുകൻ കണ്ണുകളുമായി സ്വകാര്യാശുപത്രികൾ; അപകടത്തിൽ പരുക്കേറ്റവരുമായി ആംബുലൻസുകൾ സ്വകാര്യാശുപത്രിയിലേക്ക്; ഡ്രൈവർമാർക്ക് കമ്മിഷൻ; സർക്കാർ ഡ്രൈവർമാരും തട്ടിപ്പിനു കൂട്ട്; എന്നാണാവോ ആളെ വിട്ട് അപകടമുണ്ടാക്കിക്കുന്നത്!
പത്തനംതിട്ട: സേഫ് സോണും മറ്റു നടപടികളും സ്വീകരിച്ച് ശബരിമല പാതകളിൽ അപകടം ഒഴിവാക്കാൻ സർക്കാരും ആർ.ടി.ഒ ഉദ്യോഗസ്ഥരും കിണഞ്ഞു ശ്രമിക്കുമ്പോൾ, അവിടെ അപകടം നടക്കാൻ കൊതിച്ച് സ്വകാര്യാശുപത്രികൾ. അപകടം ചെറുതോ വലുതോ ആകട്ടെ, പരുക്കേറ്റവരെ തങ്ങൾക്ക് തന്നെ ചികിൽസിക്കാൻ കിട്ടണമെന്ന നിർബന്ധത്തിലാണ് സ്വകാര്യ ആശുപത്രികൾ. ഇതിനായി ശബരിമല പാതയ
പത്തനംതിട്ട: സേഫ് സോണും മറ്റു നടപടികളും സ്വീകരിച്ച് ശബരിമല പാതകളിൽ അപകടം ഒഴിവാക്കാൻ സർക്കാരും ആർ.ടി.ഒ ഉദ്യോഗസ്ഥരും കിണഞ്ഞു ശ്രമിക്കുമ്പോൾ, അവിടെ അപകടം നടക്കാൻ കൊതിച്ച് സ്വകാര്യാശുപത്രികൾ. അപകടം ചെറുതോ വലുതോ ആകട്ടെ, പരുക്കേറ്റവരെ തങ്ങൾക്ക് തന്നെ ചികിൽസിക്കാൻ കിട്ടണമെന്ന നിർബന്ധത്തിലാണ് സ്വകാര്യ ആശുപത്രികൾ.
ഇതിനായി ശബരിമല പാതയിൽ അപകടം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കി തലങ്ങും വിലങ്ങും പായുകയാണ് ആശുപത്രികളുടെ സ്വന്തം ആംബുലൻസ്. ഇനി പരുക്കേറ്റവരെ സർക്കാരിന്റെ ആംബുലൻസിലാണ് കയറ്റുന്നതെങ്കിൽ അതിന്റെ ഡ്രൈവർമാരെ സ്വാധീനിച്ച് ഇടയ്ക്ക് വച്ച് തങ്ങളുടെ ആംബുലൻസിലേക്ക് മാറ്റും. ശരണപാതകളിൽ പ്രധാന അപകടമേഖലകൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ കാത്തുകിടപ്പുണ്ട്. അപകടമുണ്ടാകുന്നതിന് പിന്നാലെ ഇവർ പാഞ്ഞെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
പത്തനംതിട്ട, കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്ററുകളിലേക്കാണ് ആംബുലൻസുകൾ മിക്കപ്പോഴും പോവുക. എനിക്കീ ആശുപത്രി വേണ്ട, സർക്കാർ ആശുപത്രി മതി എന്ന് പരുക്കേറ്റവർ കിടന്ന് നിലവിളിക്കുന്നുണ്ടാകും. നോ രക്ഷ. ആംബുലൻസ് മുത്തൂറ്റിനു മുന്നിൽ ചെന്നാണ് ബ്രേക്കിടുക.
നവംബർ 22 ന് ഉച്ചയ്ക്ക് 12 ന് പന്തളം-പത്തനംതിട്ട റോഡിൽ ഓമല്ലൂർ മാർക്കറ്റ് ജങ്ഷനിൽ വച്ച് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു കാറിൽ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന്റെ നേതൃത്വത്തിൽ പരുക്കേറ്റവരെ അതുവഴി വന്ന ആംബുലൻസിൽ കയറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു. വിവരം പത്തനംതിട്ട പൊലീസിലും അറിയിച്ചു. കൂടുതൽ ആവശ്യം വന്നാൽ എന്തിനും തയാറായി പൊലീസും മാദ്ധ്യമപ്രവർത്തകരും ജനറൽ ആശുപത്രിയിൽ കാത്തുനിന്നു.
ഓമല്ലൂരിൽ നിന്ന് അഞ്ചു മിനുട്ട് കൊണ്ട് ഒരു ആംബുലൻസ് ജനറൽ ആശുപത്രിയിൽ എത്തേണ്ടതാണ്. മണിക്കൂറൊന്നു കഴിഞ്ഞിട്ടും വാഹനം എത്തിയില്ല. കാത്തു നിന്നു മടുത്ത മാദ്ധ്യമപ്രവർത്തകർ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി പി.ആർ.ഓയെ വിളിച്ചു. പരുക്കേറ്റവർ അവിടെയുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ, പരുക്കേറ്റവർക്ക് വിവരമുണ്ടായിരുന്നു. അവർ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി സ്വന്തം നാടായ കൊല്ലത്തേക്ക് പോയി. ശബരിമല പാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ സർക്കാർ ആശുപത്രികളിലേക്കു വേണം കൊണ്ടുപോകാനെന്നാണ് ചട്ടം. ഇതിനായി പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പെരുനാട് സർക്കാർ ആശുപത്രി എന്നിവിടങ്ങൾ സുസജ്ജമാണ്. തീർത്ഥാടന കാലം പ്രമാണിച്ച് കൂടുതൽ സൗകര്യങ്ങളും ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളുടെ കൂട്ടുകച്ചവടം.
പമ്പയിൽ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയ മധുര സ്വദേശിയായ തീർത്ഥാടകന്റെ മൃതദേഹം ജനറലാശുപത്രിയിൽ എത്തിക്കാതെ വഴിമധ്യേ സർക്കാർ ആംബുലൻസിൽ നിന്നും സ്വകാര്യആംബുലൻസിൽ കയറ്റി. സർക്കാർ ആംബുലൻസ് ഡ്രൈവറെ അനേ്വഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡ്രൈവർ സജിമോനെയാണ് സസ്‌പെൻഡ് ചെയ്തത്. പമ്പയിൽ നിന്ന് സർക്കാർ ആംബുലൻസിലാണ് മധുര സ്വദേശി എസ്. രാജവേലിന്റെ മൃതദേഹം കൊണ്ടുപോയത്.
ഇങ്ങനെ കൊണ്ടുപോകുന്ന മൃതദേഹം പത്തനംതിട്ട ജനറലാശുപത്രിയിൽ എത്തിച്ച ശേഷംമാത്രമേ ബന്ധുക്കൾക്ക് കൈമാറുകയോ സ്വദേശത്തേക്ക് കൊടുത്തു വിടുകയോ ചെയ്യാൻ പാടുള്ളൂ എന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് മണ്ണാറക്കുളഞ്ഞിക്ക് സമീപം വച്ച് മൃതദേഹം സർക്കാർ ആംബുലൻസിൽ നിന്നും സ്വകാര്യആംബുലൻസിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ അനേ്വഷിച്ച് ഡി.എം.ഒ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഗുരുതരമായ കൃത്യവിലോപം നടത്തിയതായാണ് ഡ്രൈവർക്കെതിരെയുള്ള അനേ്വഷണ റിപ്പോർട്ട്.
ഇങ്ങനെ പോയാൽ ആളെ വിട്ട് അപകടം ഉണ്ടാക്കുന്ന പരിപാടികൾ കൂടി സമീപകാലങ്ങളിൽ പ്രതീക്ഷിക്കാം.