മെൽബൺ: സ്വകാര്യ സ്‌കൂളുകളിൽ പഠിച്ചെന്നു കരുതി വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ പബ്ലിക് സ്‌കൂളിലെ കുട്ടികളെക്കാൾ മികവൊന്നും ലഭിക്കില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ തയാറാക്കിയ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പബ്ലിക് സ്‌കൂളിലെ കുട്ടികളെക്കാൾ വിദ്യാഭ്യാസമികവിന്റെ കാര്യത്തിൽ സ്വകാര്യ സ്‌കൂളുകൾ മികച്ചതാണെന്ന ധാരണ തെറ്റാണെന്നും അത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുന്നില്ലെന്നുമാണ് ഓസ്‌ട്രേലിയയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എപ്പോഴും മാതാപിതാക്കൾക്ക് ആശയക്കുഴപ്പമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ സ്വകാര്യ സ്‌കൂളുകളെയാണോ പബ്ലിക് സ്‌കൂളുകളെയാണോ ആശ്രയിക്കേണ്ടത് എന്നതാണ് അവരുടെ സംശയം. വൻ ഫീസ് കൊടുത്ത് സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചാലേ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുകയുള്ളൂവെന്നാണ് വർഷങ്ങളായി നിലനിന്നു പോരുന്ന വിശ്വാസം. എന്നാൽ ഇത്തരത്തിൽ ഏറെ ഫീസ് നൽകി പ്രൈവറ്റ് സ്‌കൂളിൽ പഠിച്ചിച്ചും വലിയ ഗുണമില്ലെന്നാണ് അടുത്ത കാലത്ത് നടത്തിയ ഗവേഷണം തെളിയിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്യൂൻസ് ലാൻഡ്, കർട്ടിൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇത്തരത്തിൽ ആദ്യമായാണ് ഒരു പഠനം ഓസ്‌ട്രേലിയയിൽ നടക്കുന്നത്.
സ്വകാര്യസ്‌കൂളുകളും പബ്ലിക് സ്‌കൂളുകളും തമ്മിൽ പ്രൈമറി തലത്തിൽ യാതൊരു വിധത്തിലുമുള്ള വ്യത്യാസം കാണുന്നില്ല എന്നാണ് പഠനം നടത്തിയ പ്രഫ. ലൂക്ക് കൊണോലി പറയുന്നത്. പ്രൈമറി തലത്തിലുള്ള കുട്ടികളെ കൂടാതെ മൂന്നാം വർഷവും അഞ്ചാം വർഷവുമുള്ള കുട്ടികളെ പഠനത്തിന് വിധേയമാക്കിയിരുന്നു. ചെറിയ തലത്തിലുള്ള കുട്ടികൾ തമ്മിൽ കാത്തലിക്, ഇൻഡിപെൻഡന്റ്, പബ്ലിക് സ്‌കൂൾ എന്ന വിധത്തിൽ യാതൊരു വ്യത്യാസവും ഒരു കാര്യത്തിലും കാണാൻ സാധിക്കില്ല.

കുറച്ചു കൂടി വലുതാകുമ്പോൾ കാത്തലിക് സ്‌കൂളുകളിലെ കുട്ടികളിലാണ് മോശം റിസൾട്ട് കാണാൻ സാധിച്ചതെന്നും ഗവേഷകർ പറയുന്നു. ഇന്റർനാഷണൽ ലിറ്ററേച്ചറിലാണ് കുട്ടികളെ ഇത്തരത്തിൽ പഠന വിധേയമാക്കിയത്. പക്ഷേ ഇക്കാര്യത്തിൽ കാത്തലിക് സ്‌കൂളിലെ കുട്ടികൾ പിന്നോക്കം നിൽക്കുന്നതായാണ് വ്യക്തമായിട്ടുള്ളത്. എന്നാൽ വിദ്യാഭ്യാസ നിലവാരം മാറ്റി നിർത്തി വ്യക്തിഗത ബന്ധങ്ങൾ പരിശോധിച്ചാൽ അതിൽ കാത്തലിക് സ്‌കൂൾ വിദ്യാർത്ഥികൾ മികച്ചു നിൽക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതല്ലാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പബ്ലിക് സ്‌കൂളുകൾ മറ്റുള്ളവയെക്കാൾ പിന്നോക്കം നിൽക്കുകയാണെന്നോ ഒന്നും തെളിവായിട്ടില്ല.

വിദ്യാഭ്യാസം നൽകാൻ സ്വകാര്യ സ്‌കൂളാണോ പബ്ലിക് സ്‌കൂളാണോ എന്നതല്ല കാര്യം. കുട്ടിയെ കഴിവ് പ്രകടമാകുന്നതിന് അവർ ജനിച്ച സമയത്തെ തൂക്കവും ആരാണ് മാതാപിതാക്കൾ എന്നുള്ളതുമാണ് സ്വാധീനിക്കപ്പെടുന്നതെന്നും ഗവേഷണം വ്യക്തമാക്കുന്നു. ജനനസമയത്തെ തൂക്കം 2.5 കിലോ ഗ്രാമിൽ കുറവുള്ള കുട്ടികൾ സാധാരണയായി കാര്യങ്ങൾ ഗ്രഹിക്കുന്നതിന് സമയം ഏറെയെടുക്കുന്നു.
കൂടാതെ മാതാപിതാക്കളുടെ വിദ്യാഭ്യാസം, വീട്ടിലുള്ള പുസ്തകങ്ങളുടെ തോത്, സമീപവാസികളുടെ സ്വഭാവസവിശേഷത, വീട്ടിലെ വരുമാനം, അമ്മയുടെ ജോലി സമയം തുടങ്ങിയവയൊക്കെ കുട്ടികളുടെ പഠനരീതിയേയും നിലാവരത്തേയും ബാധിക്കുമെന്ന് പ്രഫ. കൊണോലി ചൂണ്ടിക്കാട്ടുന്നു.

വിഷു പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ  (15-4-15)  മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ