കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സ്വകാര്യ ഏജൻസി തുടക്കത്തിലേ വലിയ വിവാദത്തിൽ. മലയാളിയും നാവികസേനാ മുൻ ഓഫീസറുമായ അനിൽ നായരാണ് തണ്ടർഫോഴ്സിന്റെ ഉടമ. നാലുവർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുമുണ്ട്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എ. വൽസനാണ് കേരളത്തിലെ ചുമതല. മൂന്ന് കൊല്ലമായി ഈ ഗ്രൂപ്പ് കേരളത്തിൽ സജീവമാണ്. എന്നാൽ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. ഇത്തരത്തിലൊരാൾക്ക് എന്തിന് ഈ സ്വകാര്യ ഗ്രൂപ്പ് സുരക്ഷ നൽകുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഗോവ ആസ്ഥാനമായിപ്രവർത്തിക്കുന്ന 'തണ്ടർ ഫോഴ്സ്' എന്ന ഏജൻസിയിലെ മൂന്നുപേരാവും ദിലീപിന് സുരക്ഷയൊരുക്കുക.

തോക്കുധാരികളാകും ദിലീപിനൊപ്പം സുരക്ഷയ്ക്കുണ്ടാകുക. സൈറൺ ഇട്ട് ചീറിപായാവുന്ന വണ്ടിയും ഉപയോഗിക്കും. ഇതു രണ്ടും ചട്ടലംഘനമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. കർശന ജാമ്യ വ്യവസ്ഥകളുമായാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇത്തരമൊരു പ്രതി തോക്കുധാരികൾക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകൾ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നൽകാനും ഒരുങ്ങുന്നു. ഇതിനിടെയിൽ പ്രതി, തോക്കുധാരികൾക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാൻ പോന്നതാണ്. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു. മൂന്നു പേർക്കുമായി അരലക്ഷം രൂപയാണ് വേതനം നൽകേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവർ ചെയ്യേണ്ടത്. തണ്ടർഫോഴ്സ് എന്ന പേരിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ ഈ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നൂറു പേർ ജീവനക്കാരാണ്. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുൻ കമ്മിഷണറായിരുന്ന പി.എ.വൽസനാണ്. കഴിഞ്ഞ മാർച്ചിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തണ്ടർഫോഴ്സിന്റെ കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടർബോൾട്ടിന്റെ അതേയൂണിഫോമാണ് തണ്ടർഫോഴ്സിന്റേതും.

ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകൾ നഗരത്തിലൂടെ സൈറൺമുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാർത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടർഫോഴ്സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇങ്ങനെ സൈറൺ മുഴക്കി ചീറിപായാനുള്ള അവകാശം സ്വകാര്യ ഏജൻസികൾക്കില്ല. പൊലീസിന് മാത്രമേ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ സൈറൺ മുഴക്കി ചീറിപാഞ്ഞത് നിയമ വിരുദ്ധമാണ്. ഇതിൽ പൊലീസ് കരുതലോടെ നടപടിയെടുത്തില്ലെന്ന വിവാദവുമുണ്ട്.

കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തി. ആലുവയിലെ ഒരുകടയിൽനിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവർ ദിലീപിന് നൽകാനായി വാങ്ങിയിരുന്നു. മൂന്നുകാറുകളിലായെത്തിയ സംഘത്തെ പൊലീസിന് ആദ്യം മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് സ്വകാര്യ സുരക്ഷാ ഏജൻസിയാണെന്ന കാര്യം പൊലീസ് അറിയുന്നത്. ഇവരുടെ വരവുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തണ്ടർഫോഴ്സെന്ന് എഴുതിയ വാഹനത്തിൽ കേരളത്തിനുപുറത്തുനിന്നുള്ള ചിലർ ആലുവയിൽ ആയുധങ്ങളുമായെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പരിശോന തുടങ്ങി. ഇതിനിടെയാണ് കൊട്ടാരക്കരയിൽ വച്ച് വാഹനം തടഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്.

കൊട്ടാരക്കരയിൽവെച്ച് വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധനയുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐ.യെ തടയാൻ ശ്രമിച്ചു. തുടർന്ന് കൊട്ടാരക്കര സ്റ്റേഷൻ എസ്.ഐ.യും സിഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തർക്കത്തിനുശേഷമാണ് പൊലീസിനൊപ്പം സ്റ്റേഷനിലേക്കുപോയത്. രേഖകൾ പരിശോധിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.തണ്ടർഫോഴ്‌സ് ഏരിയ മാനേജർ സജി ജോസിന്റെ നേതൃത്വത്തിൽ പത്തു സുരക്ഷാ ജീവനക്കാരാണു വാഹനങ്ങളിലുണ്ടായിരുന്നത്. കേരളത്തിൽ നാലു വർഷമായി പ്രവർത്തിക്കുന്ന ഏജൻസിക്കു തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫിസുകളുണ്ട്. വിവാദത്തെ തുടർന്ന് തണ്ടർ ഫോഴ്‌സിന്റെ തൃശൂർ ഓഫിസിൽ സ്‌പെഷൽ ബ്രാഞ്ച് പരിശോധന നടത്തി. അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനോടു ചേർന്നുള്ള ഓഫിസിലാണു പരിശോധന നടത്തിയത്. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണു പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണു തണ്ടർ ഫോഴ്‌സ് പൊലീസിനു നൽകിയ വിശദീകരണം.

സേനാംഗങ്ങളായ മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടർ ഫോഴ്‌സിന്റെ സംരക്ഷണം ഏർപെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകൾ പൊലീസ് കണ്ടെത്തി. എന്നാൽ, ദിലീപിനു സുരക്ഷയനുവദിച്ച രേഖകൾ ഗോവയിലാണെന്നാണിവർ പൊലീസിനോടു പറഞ്ഞത്. ബോളിവുഡിലും മറ്റും സിനിമാ താരങ്ങൾക്കു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഘം എത്തുന്നത്. സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടർഫോഴ്സ് ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതിന്റെ കരാറൊപ്പിടാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്‌പി. എ.വി. ജോർജ് പറഞ്ഞു. ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം റൂറൽ എസ്‌പി. എ.വി. ജോർജ് പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളോടെയുള്ള സുരക്ഷയാണോയെന്ന കാര്യവും പരിശോധിക്കും.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തണ്ടർഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള വരവ്. ദിലീപിന് സുരക്ഷയൊരുക്കാനാണ് ഇവർ എത്തിയതെന്ന് വ്യക്തമായതോടെ പ്രശ്നങ്ങൾ തീർന്നിട്ടുണ്ട്. അതേസമയം കേസിൽ ഒന്നാം പ്രതിയാക്കാനുള്ള പൊലീസിന്റെ തീരുമാനത്തോടെ ദിലീപ് മലയാള സിനിമയുമായി ബന്ധപ്പെട്ട് പല സുപ്രാധാന കാര്യങ്ങളും വെളിപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ജാമ്യത്തിലിറങ്ങിയ ദിലീപിന് ഇപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, കോടതിയുടെ കർശന നിർദ്ദേശം കഴിയുന്നതോടെ ദിലീപ് ചില തുറന്നു പറച്ചിലുകൾ നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല, നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പൾസർ സുനിയോട് അടുപ്പമുള്ള ക്വട്ടേഷനൻ സംഘങ്ങൾ കൊച്ചിയിൽ ഇപ്പോഴുമുണ്ട്. ഇവരും താരത്തിന് ഭീഷണി ഉയർത്തുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് സ്വകാര്യ ഏജൻസിയുടെ വിവരം തേടിയതെന്നും അറിയുന്നു.

നേരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം പല പ്രമുഖരുടെയും പണം കൈകാര്യം ചെയ്തത് ദിലീപാണെന്ന് വ്യക്തമായിരുന്നു. അടുത്തിടെ ഇത്തരം സംഘങ്ങൾ ക്വട്ടേഷൻ ടീമുകളെ ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപ് സ്വകാര്യ ബോർഡി ഗാർഡിസിന്റെ സഹായം തേടി.