കൊല്ലം: ബിജെപി നേതാവിനെ സ്‌നേഹിച്ചതിന്റെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ റിമാൻഡിൽ. കരിങ്ങന്നൂർ അടയറ പ്രശാന്ത് മന്ദിരത്തിൽ പ്രസാദിന്റെ മകൾ പ്രിയയെ (21) ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരായ കരങ്ങന്നൂർ പുതുശ്ശേരി ടിപ് ടോപ്പ് വീട്ടിൽ ഡെന്നി (37), കരിങ്ങന്നൂർ പുത്തൻവിളവീട്ടിൽ ജയകുമാർ (35), കരിങ്ങന്നൂർ മങ്ങാട് ചാലൂർ ചരുവിളവീട്ടിൽ മനോജ് (41), പുതുശ്ശേരി ശിവഗംഗവീട്ടിൽ മനോജ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാംപ്രതി പ്രിയയുമായി അടുപ്പത്തിലായിരുന്ന പുതുശ്ശേരി ഐശ്വര്യ ഭവനിൽ അനന്ദു എന്ന് വിളിക്കുന്ന അരുൺബാബു (23), ഇയാളുടെ സഹോദരിയും രണ്ടാംപ്രതിയുമായ ഐശ്വര്യ (25), മൂന്നാംപ്രതിയും അരുൺബാബുവിന്റെ പിതാവവുമായ ബാബു എന്നിവർ ഒളിവിലാണ്. അരുൺബാബുവിന്റെ സഹോദരിയും സുഹൃത്തുക്കളും പ്രിയയുടെ വീട്ടിലെത്തി സ്തീധനമായി പണവും സ്വർണവും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ അത് നിരസിച്ചു.

തുടർന്ന് ബുധനാഴ്ച രാവിലെ അരുൺബാബുവിന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയ പ്രിയയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ പുതുശ്ശേരി വള്ളക്കടവിൽ കണ്ടെത്തുകയായിരുന്നു. പ്രിയയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് പ്രസാദ്, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നിർമ്മല എന്നിവരുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച വൈകിട്ട് മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും അവരെ കള്ളക്കേസിൽകുടുക്കുകയാണെന്നും ആരോപിച്ച് ബിജെപി പ്രവർത്തകർ ഇന്നലെ ഉച്ചയോടെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി നേതാവായ അരുൺ ബാബുവുമായി കഴിഞ്ഞ ആറ് മാസമായി പ്രിയ പ്രണയത്തിലായിരുന്നു. മെക്കാനിക് ആയ അരുണും പ്രിയയും സ്ഥിരം സഞ്ചരിച്ചിരുന്നത് ഒരേ ബസിലായിരുന്നു ഈ പരിചയമാണ് പ്രണയത്തിലേക്ക് മാറിയത്. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിഞ്ഞത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാൽ വീട്ടുകാർ ഒടുവിൽ സമ്മതിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടത്തി നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചു. ഒടുവിൽ വിവാഹത്തിന്റെ തലേ ദിവസം അരുണിന്റെ സഹോദരി ഐശ്വര്യയും മറ്റ് നാല് പേരും ചേർന്ന് പ്രിയയുടെ വീട്ടിലെത്തുകയും സ്ത്രീധനമായി പണവും സ്വർണ്ണവും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തന്റെ വിവാഹത്തിന് വീട്ടുകാർ 75 പവൻ സ്വർണം നൽകിയതാണെന്നും അത്‌കൊണ്ട് സഹോദരന് 50 പവനെങ്കിലും ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

അരുണിന്റെ സഹോദരിയും മറ്റ് ചില ബിജെപി നേതാക്കളും ഇപ്രകാരം സ്ത്രീധനം ആവശ്യപ്പെട്ടത് പ്രിയയ്ക്ക് ഉൾക്കൊള്ളാനായില്ല. ഇതിൽ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണു വിവരം. അരുണിനെ ഒന്നാം പ്രതിയായും സഹോദരി ഐശ്വര്യയെ രണ്ടാം പ്രതിയായും അച്ഛൻ ബാബുവിനെ മൂന്നാം പ്രതിയായും കേസ് എടുത്തത്. കരിങ്ങന്നൂരിൽ ബുധനാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് നാല് ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തത്ത.