കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്‌ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. അതേസമയം, വി സി നിയമനത്തിനുള്ള പ്രത്യുപകാരമെന്ന് സെനറ്റ് അംഗം ഡോ ആർ കെ ബിജു വിമർശിച്ചു.

തിടുക്കത്തിൽ നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ, രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ് ഒന്നാം റാങ്ക് നേടിയിരുന്നു. എന്നാൽ, യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് പ്രിയയെ ആറ് പേരടങ്ങുന്ന അഭിമുഖ പട്ടികയിലേക്ക് ഷോട്ട്‌ലിസ്റ്റ് ചെയ്തത് എന്നായിരുന്നു ആരോപണം. ഈ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാംറാങ്ക് നൽകിയ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകരുതെന്ന് സിൻഡിക്കേറ്റിനോടും ആവശ്യപ്പെട്ടു.

ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ, ഈ പഠന കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയിട്ടുള്ളത്. 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ പ്രവർത്തകനായ അപേക്ഷകനെ രണ്ടാം റാങ്കിലേക്ക് പിന്തള്ളിയാണ് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമുള്ള എക്‌സ് എം. പി. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്.

സംസ്‌കൃത സർവകലാശാലയിൽ സ്പീക്കർ എം. ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസ്സറെ (ഡോ. ലിസ്സി മാത്യു മലയാളം വകുപ്പ് മേധാവി) രാഗേഷിന്റെ ഭാര്യയുടെ ഇന്റർവ്യൂ ബോർഡിലും അംഗമാക്കിയത് ആസൂത്രിതമായാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിച്ചിരുന്നു.

രണ്ടാം റാങ്കുകാരന് കൂടുതൽ യോഗ്യത

ഓൺലൈൻ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്ക്കുള്ളത് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങളാണ്. അതേസമയം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്. , 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ദേഹം ആറ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയവുമുണ്ട്. ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത് വിവാദമായി.

കെ.കെ. രാഗേഷിന്റെ ഭാര്യയെ യുജിസി യോഗ്യതകൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി നേരത്തെ വാർത്ത വന്നിരുന്നു. സിപിഎം ന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായാണ് നിയമനം നൽകിയതെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടായിരുന്നു നിയമനം. 1,31400 --2,17100 രൂപ ശമ്പളസ്‌കെയിലിൽ ഒന്നര ലക്ഷം രൂപയാണ് തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.

2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ട് അടുത്ത ദിവസം തന്നെ വിസി നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷിന്റെ ഭാര്യ ഉൾപ്പടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇന്റർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയത്. വിവിധ അദ്ധ്യാപക തസ്തികകൾക്കായി മാസങ്ങൾക്കുമുമ്പ് ക്ഷണിച്ച അപേക്ഷകളിൽ ഒരു നടപടിയും കൈക്കൊള്ളാതിക്കെ, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ സ്‌ക്രീനിങ് നടത്തിയത് വിസി യുടെ മേലുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപമുണ്ട്.

അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദദവും എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയവർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി ബിരുദം നേടിയത്.2019 മുതൽ രണ്ടുവർഷകാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു.

2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ,നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ സർവീസും അദ്ധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പ്രിയ വർഗീസിന് ചട്ടപ്രകാരം നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത് എന്നാണ് ആക്ഷേപം.