കണ്ണൂർ: കൈയെത്തും ദൂരത്തെത്തിയ കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ കസേര ഉറപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി സൈബറിടത്തിൽ അവർ സജീവമായി രംഗത്തുവന്നതോടെ പ്രതിരോധത്തിലായി സെലക്ഷൻ കമ്മറ്റിയുമാണ്. റിസർച്ച് സ്‌കോറുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ണൂർ സർവകലാശാല പരിശോധിച്ചില്ലെന്ന് ആരോപണവമാണ് അവർ സ്വന്തം കാര്യം ന്യായീകരിക്കാൻ വേണ്ടി സൈബറിടത്തിൽ എഴുതിയത്. എന്നാൽ, പ്രിയയുടെ ഈ വാദങ്ങൽ വസ്തുതക്ക് നിരക്കുന്നത് അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റിസർച്ച് സ്‌കോറിന് ആധാരമായ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചതാണ്. പ്രോ വിസി അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്. സ്‌കോർ അപേക്ഷകരുടെ അവകാശവാദം മാത്രമല്ല. അപേക്ഷകൻ നൽകിയ രേഖകൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആർട്ടിക്കിളുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ചുരക്കപ്പട്ടിക തയാറാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പത്തു പേരിൽനിന്നാണ് പ്രിയ വർഗീസും ജോസഫ് സ്‌കറിയയും അടക്കമുള്ള ആറു പേരുടെ പട്ടിക അഭിമുഖത്തിനായി സർവകലാശാല തയാറാക്കിയത്.

നാലു പേരെ ഒഴിവാക്കിയത് അവരുടെ ഗവേഷണ പേപ്പറുകളിൽ മതിയായ യോഗ്യതയില്ലാത്തതിനാലാണ്. നാലു പേരെ എന്തിനാണ് ഒഴിവാക്കിയതെന്നും സർവകലാശാല കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റിസർച്ച് പേപ്പർ സംബന്ധിച്ച വിവരങ്ങൾ സർവകലാശാല കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റാകും. പ്രിയ വർഗീസിന്റെ വാദം തെറ്റാണെന്ന് സെലക്ഷൻ കമ്മിറ്റി അംഗം ലിസി മാത്യുവും വ്യക്തമാക്കുന്നു.

സ്‌ക്രീനിങ് കമ്മറ്റി റിസർച്ച് സ്‌കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടതെന്ന് പറഞ്ഞ ലിസി മാത്യു വ്യക്തമാക്കിയത്. റിസർച്ച് സ്‌കോർ എന്നത് അപേക്ഷകരുടെ അവകാശവാദം മാത്രമല്ലെന്നും വ്യക്തമാക്കി. പ്രബന്ധങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം ഇല്ല. ഇത് നിലവിലെ പോരായ്മയാണെന്നും അവർ പറഞ്ഞു. എന്തുകൊണ്ടാണ് പ്രിയ വർഗീസ് അങ്ങനെ പോസ്റ്റിട്ടതെന്ന് അവരോട് ചോദിക്കണമെന്നും ലിസി മാത്യു കൂട്ടിച്ചേർത്തു.

വിവരാവകാശ രേഖയായി പുറത്തുവന്നിരിക്കുന്നത് അക്കങ്ങളിലെ കള്ളക്കളിയെന്നാണ് പ്രിയ വർഗീസ് ഫേസ്‌ബുക് കുറിപ്പിൽ ആരോപിച്ചത്. കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈനായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡേറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും.

ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യു ദിവസമാണ്. ഇന്റർവ്യു ഓൺലൈൻ ആയിരുന്നതു കൊണ്ട് അന്നും അതുനടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അതു മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ല എന്നാണ് പ്രിയ ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം പ്രിയയുടെ ഈ വാദങ്ങൾ തെറ്റാണെന്ന് യൂണിവേഴ്‌സിറ്റി നടപടി ക്രമം പരിശോധിച്ചാൽ ബോധ്യമാകും. ഇത് തന്നെയാണ് സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യുവും വ്യക്തമാക്കുന്നത്. റിസർച്ച് സ്‌കോർ എന്നത് അപേക്ഷകരുടെ അവകാശവാദം മാത്രമല്ലെന്നും സ്‌ക്രീനിങ് കമ്മറ്റി റിസർച്ച് സ്‌കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടതെന്നും ലിസി മാത്യു വ്യക്തമാക്കി.

റിസർച്ച് സ്‌കോർ 65 1ഉള്ള ജോസഫ് സ്‌കറിയയേയും 645 ഉള്ള സി ഗണേശിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുള്ള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഇന്നലെ പുറത്തുവന്നത്. ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുമായാണ് ഭാര്യ പ്രിയ വർഗ്ഗീസ് ഇന്ന് രംഗത്തെത്തിയത്.