തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകാലശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച നിർണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്.

അഭിമുഖത്തിന്റെ വിവരാവകാശ രേഖ സഹിതം വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് പുതിയ പരാതി നൽകി.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ആറുപേരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഏറ്റവും കൂടുതൽ പോയന്റുള്ളത് ജോസഫ് സ്‌കറിയ എന്നയാൾക്കാണ്, 651 പോയന്റ്. എന്നാൽ പ്രിയ വർഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളിൽ പറയുന്നു. ഏറ്റവും കുറവ് അദ്ധ്യാപന പരിചയവും പ്രിയ വർഗീസിനായിരുന്നു.

എന്നിട്ടും ഇതിനുശേഷം നടന്ന അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാർക്ക്. റിസർച്ച് സ്‌കോറിൽ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നൽകിയതാകട്ടെ 30 മാർക്കും. പ്രിയയെക്കാൾ ഉയർന്ന റിസർച്ച് സ്‌കോറുള്ള മറ്റുള്ളവർക്കും അഭിമുഖത്തിൽ കുറവ് മാർക്കാണ് നൽകിയതെന്നാണ് വ്യക്തമാകുന്നത്. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുക എന്ന മുൻവിധിയോടെയാണ് അഭിമുഖം നടത്തിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

കണ്ണൂർ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നൽകിയത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് സമർപ്പിച്ചു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനായിരുന്നു. റിസർച്ച് സ്‌കോർ 156 മാത്രമുള്ള പ്രിയക്ക് അഭിമുഖത്തിൽ ഏറ്റവും ഉയർന്ന് മാർക്കാണ് നൽകിയത്. അഭിമുഖത്തിൽ മാത്രം 32 മാർക്ക്.

രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസർച്ച് സ്‌കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേശ് സി യുടെ റിസർച്ച് സ്‌കോൾ 645. ഇന്റർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്‌ക്‌റിയക്ക് 15 വർഷത്തിലേറെ അദ്ധ്യാപന പരിചയമുണ്ട്. പ്രിയ വർഗ്ഗീസിന് യുജിസി നിഷ്‌കർഷിക്കുന്ന 8 വർഷത്തെ അദ്ധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്.

പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്റ്‌സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു.

പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ വി സിയും സെലക്ഷൻ കമ്മിറ്റിയും ശ്രമിച്ചതിന്റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിൻ കമ്മിറ്റി വീണ്ടും ഗവർണ്ണർക്ക് പരാതി നൽകിയത്.

മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല നിലവിൽ തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായ പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ദിവസം ഒരു വർഷം കൂടി നീട്ടിയിരുന്നു. നിയമനത്തിനെതിരെ നേരത്തെ ഉള്ള പരാതിയിൽ വിസിയുടെ വിശദീകരണത്തിൽ ഗവർണ്ണർ കടുത്ത നടപടി എടുക്കുമെന്ന സൂചനക്കിടെയാണ് പുതിയ രേഖ പുറത്ത് വന്നത്