- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതാഞ്ജലിയും ആമയും മുയലും വീണപ്പോൾ കഴിവുകളിൽ സംശയം പ്രകടിപ്പിച്ച ഭാര്യ; ലിസി പോയപ്പോൾ നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്ന പ്രതിഭ; 'ഒപ്പം' ലാൽ എത്തിയപ്പോൾ വീണ്ടും സൂപ്പർഹിറ്റ്; കൂട്ടുകാരനേയും മകനേയും മകളേയും കൂടെ കൂട്ടി മരയ്ക്കാറും; കാഞ്ചിവരത്തിന് ശേഷം വീണ്ടും ദേശീയ പുരസ്‌കാരം; പ്രിയദർശൻ മലയാളത്തിന്റെ 'പ്രിയൻ' ആകുമ്പോൾ
കൊച്ചി: ആദ്യ ചിത്രമായ തിരനോട്ടത്തിൽ നടനായി മോഹൻലാൽ എത്തിയപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രിയ കൂട്ടുകാരൻ ഉണ്ടായിരുന്നു. ആദ്യ നാളുകളിൽ തിരക്കഥാകൃത്തിന്റെ വേഷമണിഞ്ഞ സുഹൃത്ത് മെല്ലെ സംവിധായകനായി. ആദ്യ ചിത്രം 'പൂച്ചക്കൊരു മൂക്കുത്തി'യിൽ നായകന്മാരിൽ ഒരാൾ മോഹൻലാൽ ആയിരുന്നു. അവിടെ നിന്ന് രണ്ടു പേരും വളർന്ന് പന്തലിച്ചു. മോഹൻലാൽ ഇന്ത്യ അറിയുന്ന നടനായി.
പ്രിയദർശനും ബോളിവുഡിനെ വിസ്മയിപ്പിച്ച സംവിധായകനും. അപ്പോഴും സൗഹൃദങ്ങൾക്ക് തുടർന്നു. ലിസിയുമായി പിണങ്ങിയതോടെ പ്രിയദർശൻ ജീവിതത്തിൽ തനിച്ചായി. സിനിമയെ പോലും മറന്നപ്പോൾ ലാൽ ഓടിയെത്തി. അങ്ങനെ 'ഒപ്പം' പിറന്നു. തിയേറ്ററുകളിൽ ചലനമുണ്ടാക്കി. ഈ കൂട്ടെകെട്ട് വീണ്ടുമെത്തുന്നു. 5000 തിയറ്ററുകളിൽ മലയാളത്തിലെ ഏറ്റവും വലിയ റിലീസിന് മരക്കാർ തയ്യാറെടുക്കുകയാണ്. ഹൃദയത്തോട് ചേർന്ന സിനിമയെന്ന് മോഹൻലാൽ പറയുമ്പോൾ സംവിധായകൻ പ്രിയദർശനും പ്രതീക്ഷയിലാണ്.
ഈ പ്രതീക്ഷ കൂട്ടുന്നത് ദേശീയ പുരസ്‌കാരം. പ്രിയദർശൻ വീണ്ടും അവാർഡ് തിളക്കത്തിൽ. ഇത്തവണ മകനുമുണ്ട് പുരസ്‌കാരം. സ്പെഷ്യൽ എഫക്ടിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ പുരസ്‌കാരം നേടുന്നു. അങ്ങനെ പ്രിയൻ സന്തോഷത്തിലാണ്. മലയാളിയുടെ പ്രിയ സംവിധായകന് ഇത് ദേശീയ പുരസ്‌കാരത്തിലെ രണ്ടാം നേട്ടമാണ്. മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരം ഈ വാണിജ്യ സിനിമാ പ്രവർത്തകന് കിട്ടിയിരുന്നു.
തട്ടിക്കൂട്ട് സിനിമകൾ മാത്രമല്ല കാമ്പുള്ള ചിത്രങ്ങളും വഴങ്ങുമെന്ന് കാഞ്ചീവരത്തിലൂടെ പ്രിയൻ തെളിയിച്ചു. കാലാപാനിയെന്ന ചരിത്ര സിനിമ മലയാളത്തിൽ പ്രിയൻ ഒരുക്കിയതും ദേശീയ തലത്തിൽ മികവ് കിട്ടാനാണ്. കാലാപാനി അവാർഡ് വാരിക്കൂട്ടിയെങ്കിലും പ്രിയന് ദേശീയ പുരസ്‌കാരം കിട്ടിയില്ല. കാഞ്ചീവരത്തിലൂടെ ആദ്യമായി അത് നേടി. ഇപ്പോൾ മരയ്ക്കാറെ സൃഷ്ടിച്ച് മലയാളത്തിലും പ്രിയൻ അത് സ്വന്തമാക്കുകയാണ്.
പിന്നെ വന്ദനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ മോഹൻലാൽ-പ്രിയദർശൻ നായക സംവിധായക കൂട്ടുകെട്ടിൽ പിറന്നത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ. ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' . പ്രിയ കൂട്ടുകാരൻ മോഹൻലാലിന്റെ മകൻ പ്രണവിനെയും സ്വന്തം മകൾ കല്യാണിയേയും പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
മലയാളത്തിലെ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളെ തകർത്താണ് 2019ൽ മോഹൻലാൽ ചിത്രം ലൂസിഫർ 200 കോടി കളക്ഷനിലെത്തിയത്. 2021ലും മോഹൻലാൽ എല്ലാ റെക്കോർഡുകളും ഭേദിക്കുന്ന വിജയം ലക്ഷ്യമിടുന്നുവെന്ന സൂചന നൽകുകയാണ് മരക്കാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേൾഡ് റിലീസ്. മലയാളത്തിന് പുറമേ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് പതിപ്പുകൾ. കോവിഡു കാരണം മാറ്റി വച്ച റിലീസ് മെയ് 13നാണ്.
100 കോടി മുതൽ മുടക്കിലൊരുക്കിയ മരക്കാർ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ബജറ്റിൽ പൂർത്തിയാക്കിയ സിനിമ എന്നാണ് അവകാശപ്പെടുന്നത്. നേരത്തെ കാലാപാനിയുടെ കഥ പറഞ്ഞ് മോഹൻലാലും പ്രിയനും ചരിത്ര വിസ്മയം മലയാളിക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു. അതിനെ വെല്ലുന്ന തരത്തിലാകും മരയ്ക്കാർ. ആശിർവാദ് സിനിമാസിനൊപ്പം മൂൺ ഷോട്ട് എന്റർടെയിന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് നിർമ്മാണം.
വിഎഫ്എക്‌സിന് പ്രാധാന്യം നൽകിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറിൽ ഒരുക്കിയ കൂറ്റൻ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേൽ സംഗീത സംവിധാനവും രാഹുൽ രാജ് പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. സിനിമ ചരിത്രത്തെ പൂർണമായി ആശ്രയിച്ചതാവില്ലെന്നും എന്റർടെയിനറായിരിക്കുമെന്നും സംവിധായകൻ പ്രിയദർശൻ വിശദീകരിക്കുന്നുണ്ട്. ദ ക്യൂ ഇന്റർവ്യൂ സീരീസ് ആയ മാസ്റ്റർ സ്ട്രോക്കിലാണ് പ്രിയദർശൻ മരക്കാർ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.
ലിസിയുമായുള്ള വേർപിരിയലിന് ശേഷം പലർക്കും പല അഭിമുഖങ്ങൾ പ്രിയൻ നൽകിയിരുന്നു. സിനിമാക്കാരനെന്ന നിലയിൽ പ്രിയന്റെ കഴിവുകളിൽ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തിൽ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വാദം ലിസിയും ആവർത്തിച്ചു. ഇതായിരുന്നു പ്രിയനെ തളർത്തിയത്. എന്നാൽ പ്രിയ സുഹൃത്ത് മോഹൻലാൽ ആത്മവിശ്വാസവുമായെത്തിയപ്പോൾ പ്രിയൻ വീണ്ടും തിരിച്ചെത്തി. ഒപ്പം എന്ന സൂപ്പർഹിറ്റ് സിനിമ സാധ്യമായി.
കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച് ഒപ്പം സൂപ്പർ ഹിറ്റായി. പിന്നീട് കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കുകളിലേക്ക് പ്രിയൻ കടന്നു. ഈ ചിത്രം ദേശീയ പുരസ്‌കാരം നേടുമ്പോൾ ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകനാണ് താനെന്ന് തെളിയിക്കുകയാണ് പ്രിയൻ. മകനുമുണ്ട് പുരസ്‌കാരം. ഇത് പ്രിയന് ഇരട്ടി നേട്ടമാകുന്നു.
കുടുംബ പ്രശ്‌നങ്ങളിൽ തളർന്ന പ്രിയൻ വീണ്ടും കരുത്ത് കാട്ടുകായണ്. ഇതിന് പിന്നിലും ലാൽ എന്ന സുഹൃത്തിന്റെ പിന്തുണയുണ്ട്. കുടുംബ ജീവിതം തർന്നതോടെ ഞാൻ തളർന്നു. ഒരു ദിവസം ലാൽ ഫോൺ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാൽ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോൾ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആർക്കും എന്നെ രക്ഷിക്കാൻ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാൽ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയിൽ പലയിടത്തും ലോജിക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി.
എങ്കിൽ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാൽ. അങ്ങനെ വീണ്ടും ഞാൻ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകൻ അനി ശശി, പിന്നെ അർജുൻ എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തി. പിന്നീട് കുഞ്ഞാലിമരയ്ക്കാറും. അത് പ്രിയനെ വീണ്ടും ദേശീയ തലത്തിൽ മികച്ച സിനിമാക്കാരനാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ