നാളുകളേറെയായി നടി പ്രിയാമണി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പുറത്തുവരാൻ തുടങ്ങിയിട്ട്.  പാപ്പരാസികൾ മുന്നേ തന്നെ പ്രിയാമണിയുടെ കാമുകനെ കണ്ടെത്തുകയും നടിയുടെ കാമുകനൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊന്നും പ്രണയം തുറന്ന് സമ്മതിക്കാതിരുന്ന നടി ഇപ്പോൾ ഔദ്യോഗികമായി പ്രണയം സമ്മതിച്ചിരിക്കുകയാണ്.

നടി ജഡ്ജായ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലാണ് പ്രിയാമണി തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. മുസ്തഫ രാജ് എന്നാണ് കാമുകന്റെ പേരെന്നും,മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയാണെന്നും നടി മനസ് തുറന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായ പ്രിയാമണി സി.സി.എല്ലിനിടെയാണ് മുസ്തഫയുമായി അടുത്തത്. നേരത്തെയും മുസ്തഫയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതും കൂടുതൽ അടുത്തതും സി.സി.എൽ വേദിയിൽ വച്ചാണ്. പ്രിയാമണി തന്നെയാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്.

ഐ ലൈക്ക് യു എന്നായിരുന്നു ആദ്യ പ്രണയ സന്ദേശം. താൻ സീരിയസായി തന്നെയാണ് പ്രണയം പറഞ്ഞതെന്ന് മുസ്തഫ വൈകിയാണ് മനസിലാക്കിയതെന്നും പ്രിയാമണി പറഞ്ഞു.

ഇപ്പോൾ നാല് വർഷമായി കടുത്ത പ്രണയത്തിലാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചു. വിവാഹം ഉടനുണ്ടാകുമെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. പ്രിയയ്‌ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുസ്തഫ ഡി ഫോർ ഡാൻസിന്റെ ഗ്രാന്റ് ഫിനാലെ വേദിയിൽ എത്തുമെന്നും പ്രിയാമണി പറഞ്ഞു.