മുംബൈ: വെളുക്കാനുള്ള ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. വെളുത്ത നിറം വർദ്ധിപ്പിക്കാൻ ക്രീം ഉപയോഗിക്കുക എന്ന് നിർദേശിച്ചതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് താൻ നൽകിയതെന്ന് പ്രയിങ്ക പറയുന്നു.

തന്റെ കരിയറിന്റെ തുടക്കത്തിൽ തിരിച്ചറിവില്ലാതെ ചെയ്ത ഈ തെറ്റിനെ ഓർത്ത് താൻ ഏറെ ദുഃഖിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അഭിനയിക്കുമ്പോൾ അത് ഒരു തെറ്റാണെന്ന് തോന്നിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ആ പരസ്യങ്ങൾ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നുന്നുവെന്നും താരം വെളിപ്പെടുത്തി.

ചെറുപ്പത്തിൽ വെളുക്കാനുള്ള ഇത്തരം ക്രീമുകൾ താനും ഉപയോഗിച്ചിരുന്നുവെന്നും അപ്പോഴൊന്നും നിറത്തിന്റെ പേരിൽ നടക്കുന്ന വിഭാഗീയതയെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും കാര്യവിവരമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇനി മേലിൽ ഇത്തരം പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.