മുംബൈ: സിക്കിം സംസ്ഥാനം തീവ്രവാദത്തിന്റെ പിടിയിലാണെന്ന തന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അതു സിക്കിമിലെ ജനങ്ങളെ വേദനിപ്പിച്ചതിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നതായും സിനിമാതാരം പ്രിയങ്ക ചോപ്ര. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അഭിമുഖത്തിലാണു പ്രിയങ്ക തെറ്റായ പ്രസ്താവന നടത്തിയത്.

തീവ്രവാദം വിഷമിപ്പിക്കുന്ന സിക്കിം മേഖലയിൽനിന്നുള്ള ആദ്യസിനിമ താൻ അഭിനയിച്ച 'പഹുന' ആണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. സിക്കിമിൽ തീവ്രവാദം ഉണ്ടെന്നു താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രാദേശിക സംഘർഷങ്ങളിൽ മനംമടുത്ത് അഭയം തേടുന്നവരെക്കുറിച്ചുള്ള സിനിമയാണ് അതെന്നു പറയുന്നതിനിടെ സംഭവിച്ച പിശകാണെന്നും അവർ വിശദമായ ക്ഷമാപണക്കുറിപ്പിൽ പറയുന്നു.

പ്രിയങ്ക നിർമ്മിച്ച 'പഹുന' സിക്കിമിൽനിന്നുള്ള ആദ്യസിനിമയാണെന്ന പ്രസ്താവനയും അവർ പിൻവലിച്ചു. സിനിമ നിർമ്മിക്കുന്നതിനു പിന്തുണ നൽകിയ സിക്കിം സർക്കാരിനും ജനങ്ങൾക്കും അവർ നന്ദി പറഞ്ഞു.