ഇന്ന് ഹാരി രാജകുമാരന്റെയും മേഗൻ മെർക്കലിന്റെയും വിവാഹം നടക്കുമ്പോൾ നടി പ്രിയങ്കാ ചോപ്രയും മേഗനൊപ്പം ഉണ്ടാകും. ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്ര മേഗന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. പ്രിയങ്കയെ കൂടാതെ, ടെന്നീസ് താരം സെറീന വില്യംസടക്കമുള്ളവരും ചടങ്ങിൽ ബ്രൈഡ്സ്മെയ്ഡായി ഒപ്പമുണ്ടാകുമെന്നാണ് സൂചന.

കുടുംബവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി ലോകമെമ്പാടും യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്ന പ്രിയങ്ക രാജകീയ കല്യാണത്തിൽ പങ്കെടുക്കുവാനായി ലണ്ടനിൽ എത്തിക്കഴിഞ്ഞു. പാന്റ് സ്യൂട്ട് ഡ്രസിൽ താരം ലണ്ടനിൽ വന്നിറങ്ങിയതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുമുണ്ട്. യുകെയിൽ എത്തിയതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ടൊറന്റോയിൽ സ്യൂട്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയങ്ക ചോപ്ര ആദ്യമായി മേഗന്നെ കാണുന്നത്. പിന്നീട് ആ സൗഹൃദം വളർന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി. ഹാരിയുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞയുടൻ മേഗന് ആശംസകൾ നേർന്നുകൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബറിൽ ഒരഭിമുഖത്തിൽ മേഗനുവേണ്ടി പ്രിയങ്ക രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. എല്ലാവരും ഹാരിയുടെ കാമുകിയെന്ന നിലയ്ക്കാണ് മേഗനെ കാണുന്നതെന്നും അങ്ങനെയല്ല, മേഗന്റെ നേട്ടങ്ങളെ കാണാതെ പോകരുതെന്നും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വലിയ വിജയങ്ങൾ നേടിയിട്ടുള്ള മേഗന് ആ നിലയ്ക്കു നിലനിൽക്കാനുമാവും എന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.