- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിയിലെ ഭർതൃവീട്ടിൽ ഒരു രാത്രി മുഴുവൻ കരഞ്ഞുകൊണ്ട് പ്രിയങ്ക വീട്ടുമുറ്റത്ത്; ഭർത്താവിന്റെ അസഭ്യവർഷവും വീഡിയോയിൽ; ക്രൂരത മർദന വിവരം പൊലീസിൽ അറിയിച്ചതിന്റെ പേരിൽ; പ്രിയങ്കയുടെ മരണത്തിൽ ഉണ്ണി പി. രാജിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരം: വെമ്പായത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രിയങ്കയ്ക്ക് അങ്കമാലിയിലെ ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളെന്ന് തെളിയിക്കുന്നത ദൃശ്യങ്ങൾ പുറത്ത്. മരിക്കുന്നതിന് മുൻപ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ച പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പ്രിയങ്കയുടെ മരണത്തിൽ ഭർത്താവും അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനുമായ ഉണ്ണി പി. രാജിനെതിരെ അന്വേഷണം പൊലീസ് ഊർജിതമാക്കി.
പ്രിയങ്കയുടെ ശരീരത്തിൽ കാണുന്ന മർദനത്തിന്റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. ഏപ്രിൽ 10ന് സ്വന്തം സഹോദരനെത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വീട്ടിലെ മർദനത്തിന്റെ വിവരങ്ങൾ സഹോദരനെ വിളിച്ചറിയിച്ചെങ്കിലും ലോക്ഡൗൺ മൂലം എത്താൻ കഴിയില്ലെന്നും അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാനും പറയുകയായിരുന്നു.
ഇതുപ്രകാരം പ്രിയങ്ക പൊലീസ് സ്റ്റേഷനിൽ വിളിച്ച് തനിക്ക് ഏൽക്കേണ്ടി വന്ന മർദനത്തിന്റെ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായി നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പൊലീസിൽ പറഞ്ഞതിന്റെ പേരിൽ പ്രിയങ്കയെ രാത്രി മുഴുവൻ ഭർത്താവ് ഉണ്ണിയും കുടുംബവും മുറ്റത്തു നിർത്തി. മുറ്റത്തുനിന്ന് ദൃശ്യങ്ങൾ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുത്തതോടെയാണ് പ്രിയങ്ക അനുഭവിക്കുന്ന ക്രൂരത കുടുംബത്തിന് ബോധ്യപ്പെട്ടത്.
അങ്കമാലിയിലെ ഭർതൃവീട്ടിൽ ഒരു രാത്രി മുഴുവൻ പ്രിയങ്കയെ ഭർത്താവും കുടുംബവും മുറ്റത്ത് നിർത്തി. ഭർത്താവ് പ്രിയങ്കയെ ഈ സമയം അസഭ്യവർഷം നടത്തുന്നത് വിഡിയോയിൽ കേൾക്കാം. ഇതെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
പിറ്റേന്ന് രാവിലെ അങ്കമാലിയിലെത്തി സഹോദരൻ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ ചികിൽസയ്ക്ക് വിധേയമാക്കി. പൊലീസ് ഇടപെടൽ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അങ്കമാലിയിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. ക്രൂരമായ പീഡനത്തിന്റെ കഥകൾ പ്രിയങ്ക ഓരോന്നായി അമ്മയോട് പറഞ്ഞു. പൊലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയങ്കയും കുടുംബവും. പക്ഷേ അന്ന് അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോൺ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ്.
അവസാനം ഫോണിലേക്ക് വന്ന വിളിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. ഇതിന് മുൻപും പലതവണ ഉണ്ണി, പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിൽവച്ചുപോലും മർദിച്ചതായി അമ്മ ഓർമിക്കുന്നു. പലപ്പോഴും കുടൂതൽ പണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു മർദനം. പ്രിയങ്കയ്ക്ക് മർദനമേൽക്കേണ്ടല്ലോ എന്നോർത്ത് ഓരോ തവണയും ഇവർ കൂടുതലായി പണം എത്തിച്ചു നൽകി.
സ്ത്രീധന നിരോധനനിയമപ്രകാരവും ഗാർഹിക പീഡനനിരോധന നിയമപ്രകാരവും ഉൾപ്പെടെ കേസെടുക്കാനാണ് പൊലീസ് നീക്കം. ഉണ്ണി പി. രാജിനെ കൂടാതെ അമ്മ ഉൾപ്പെടെയുള്ളവരേയും പ്രതിചേർക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ