- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർട്ടിഫിക്കറ്റിലെ ഫോട്ടോ മാത്രം മോദിയുടേത്, ഉത്തരവാദിത്വമെല്ലാം സംസ്ഥാനങ്ങൾക്ക്; കേന്ദ്ര സർക്കാർ രാജ്യത്തെ വാക്സിൻ ദൗർലഭ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു; വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉപാധി എന്ന നിലയിലല്ലെന്നും പ്രിയങ്ക ആരോപിച്ചു. വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ പരാജയം സംബന്ധിച്ച് നിരവധി ചോദ്യങ്ങളും അവർ മുന്നോട്ടുവെച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
വാക്സിൻ സാക്ഷ്യപത്രത്തിലെ ഫോട്ടോ മാത്രമാണ് പ്രധാനമന്ത്രിയുടേതായുള്ളത്. ബാക്കി എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ ചുമലിൽ വെച്ചുകൊടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. സാധാരണ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉപാധി എന്നതിനേക്കാൾ പ്രധാനമന്ത്രിയുടെ പ്രശസ്തിക്കായി വാക്സിൻ വിതരണം മാറിയിരിക്കുകയാണ്.
മോദി സർക്കാർ രാജ്യത്തെ വാക്സിൻ ദൗർലഭ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാജ്യമായ ഇന്ത്യ വാക്സിനു വേണ്ടി മറ്റു രാജ്യങ്ങളുടെ വാക്സിൻ സംഭാവനയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. ആരാണ് ഇതിന് ഉത്തരവാദി? ഈ ദയനീയാവസ്ഥ വലിയ നേട്ടമായി ലജ്ജയില്ലാതെ അവതരിപ്പിക്കുന്നത് എന്തിന്റെ പേരിലാണ്?, പ്രിയങ്ക ചോദിച്ചു.
വലിയ രാജ്യങ്ങളൊക്കെ കഴിഞ്ഞ വർഷംതന്നെ വാക്സിനുകൾക്ക് ഓർഡർ നൽകി. മോദി സർക്കാർ ആദ്യമായി വാക്സിന് ഓർഡർ നൽകുന്നത് 2021 ജനുവരിയിൽ മാത്രമാണ്. അതാണെങ്കിൽ 1.6 കോടി ഡോസ് വാക്സിന് മാത്രം. അതേസമയം, ജനുവരി-മാർച്ച് മാസത്തിൽ മാത്രം മോദി സർക്കാർ 6.5 കോടി വാക്സിൻ വിദേശത്തേക്ക് കയറ്റിയയച്ചു. നിരവധി രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകി. ഇന്ത്യയിൽ 3.5 കോടി ജനങ്ങൾക്ക് മാത്രം വാക്സിൻ ലഭിച്ച സമയത്തായിരുന്നു ഇത്.
മെയ് ഒന്നു മുതലുള്ള കാലത്ത് 18-44 പ്രായപരിധിയിലുള്ള 60 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചു. എന്നാൽ 14 കോടി പേർക്ക് നൽകാനുള്ള 28 കോടി ഡോസിനു മാത്രമാണ് ഈ സമയത്ത് സർക്കാർ ഓർഡർ നൽകിയത്, പ്രിയങ്ക ഗാന്ധി പറഞ്ഞു.
മറുനാടന് ഡെസ്ക്