തിരുവനന്തപുരം: വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മയെ അറസ്റ്റു ചെയ്യാത്ത നടപടി വിമർശനങ്ങൾക്ക് ഇടയാക്കുന്നു. ഭർതൃമാതാവ ശാന്തമ്മയുടെ അറസ്റ്റ് പൊലീസ് മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം. കേസിൽ പ്രിയങ്കയുടെ ഭർത്താവും നടനുമായ ഉണ്ണി പി. രാജൻദേവിനെ അറസ്റ്റ് ചെയ്‌തെങ്കിലും മറ്റൊരു പ്രതിയായ ഉണ്ണിയുടെ അമ്മ ശാന്തമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതി. ശാന്തമ്മയെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ മമുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മെയ് 25-ന് ഉണ്ണി പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണിയുടെ അമ്മ ശാന്തമ്മയെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും കോവിഡ് ബാധിതയായതിനാൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ശാന്തമ്മയുടെ രോഗം ഭേദമായിട്ടും പൊലീസ് മനഃപൂർവ്വം അറസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്.

'പൊലീസുകാരെ വിളിച്ചുചോദിക്കുമ്പോൾ ഇന്ന് അറസ്റ്റ് ചെയ്യും നാളെ അറസ്റ്റ് ചെയ്യും എന്ന് പറയുകയല്ലാതെ അവരെ അറസ്റ്റ് ചെയ്യുന്നില്ല. ഉണ്ണിയുടെ അമ്മയാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മകൾ നേരത്തെ പറഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് കൂടി കണ്ടാലേ എന്റെ കൊച്ചിന്റെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂ''- പ്രിയങ്കയുടെ അമ്മ പ്രതികരിച്ചു.

കേസിൽ ഉണ്ണി കുറ്റങ്ങളെല്ലാം ഏറ്റെടുത്ത് അമ്മയെ രക്ഷിക്കാനുള്ള നീക്കം നടത്തുകയാണെന്ന് സംശയമുണ്ടെന്ന് പ്രിയങ്കയുടെ സഹോദരൻ വിഷ്ണുവും പറഞ്ഞു. ഉണ്ണിയുടെ കുടുംബത്തിന് രാഷ്ട്രീയമായും അല്ലാതെയും ഏറെ സ്വാധീനമുണ്ടെന്നും സഹോദരൻ ആരോപിച്ചു. അതേസമയം, കേസിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

നടൻ ഉണ്ണി പി.രാജൻദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശി പ്രിയങ്ക(25) മെയ് 12-ാം തീയതിയാണ് വെമ്പായത്തെ വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാൻ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയും മെയ് 25-ന് ഉണ്ണി പി.രാജൻദേവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭർത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നൽകിയത്. അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്ക തൂങ്ങിമരിക്കുകയായിരുന്നു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാർ നൽകിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്‌ളാറ്റ് വാങ്ങാനും പണം നൽകി. എന്നാൽ ഇതിനുശേഷവും ഉണ്ണി പി. രാജൻദേവ് പണം ആവശ്യപ്പെട്ട് പ്രിയങ്കയെ നിരന്തരം മർദിച്ചിരുന്നതായാണ് വീട്ടുകാരുടെ ആരോപണം.